ഇടപ്പള്ളി- അരൂർ എലവേറ്റഡ് ഹൈവേ കടലാസിൽ
കൊച്ചി: ഇടപ്പള്ളി മുതൽ അരൂർ വരെ 18കിലോമീറ്ററിലെ എലവേറ്റഡ് ഹൈവേ പദ്ധതി നീളുന്നു. പദ്ധതിക്കായി എൻ.എച്ച്.എ.ഐ ആദ്യം തയാറാക്കിയ പദ്ധതിരേഖ പുതുക്കുന്നത് നീളുന്നതാണ് കാരണം. 2022ലാണ് പദ്ധതിരേഖ തയാറാക്കിയത്.
30-35 മിനിറ്റിൽ എത്തിച്ചേരാവുന്ന ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള 18കിലോമീറ്റർ ദൂരം ഇപ്പോൾ താണ്ടാൻ തിരക്കേറിയ സമയങ്ങളിൽ രണ്ട് മണിക്കൂറിലേറെ എടുക്കും. ഇടപ്പള്ളിയിലെയും പാലാരിവട്ടത്തെയും വൈറ്റിലയിലെയും കുണ്ടന്നൂരെയുമെല്ലാം മേൽപ്പാലം പണിതിട്ടും രക്ഷയില്ലാത്ത ഗതാഗതകുരുക്കാണ് കാരണം. മണ്ഡലത്തിലെ പ്രധാന പാതയിലെ ഗതാഗത പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എം.പി എൻ.എച്ച്.എ.ഐയ്ക്ക് കത്തയച്ചതോടെയാണ് 2022 നവംബറിൽ എൻ.എച്ച്.എ.ഐ ആദ്യ ഡി.പി.ആർ തയാറാക്കലിലേക്ക് കടന്നത്. ആകാശപാത പണിയേണ്ട സ്ഥലത്ത് കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്തതിനാൽ സംസ്ഥാന സർക്കാരിന് ബാധ്യതകളില്ല. ദേശീയപാത അതോറിറ്റി മുൻകൈയെടുത്താൽ പാത സജ്ജമാകും. യാഥാർത്ഥ്യമായാൽ ഇടപ്പള്ളി കടന്ന് തെക്കൻ ജില്ലകളിലേക്ക് പോകുന്നവർക്ക് ഗതാഗത കുരുക്കിൽ കുടുങ്ങാതെ ഈ ദൂരം താണ്ടാം.
ഇടപ്പള്ളി അണ്ടർപാസ് വെല്ലുവിളി
ഇടപ്പള്ളി ജംഗ്ഷനിലെ അണ്ടർപാസ് നിർമ്മിക്കലാണ് പ്രധാന കീറാമുട്ടി. ഇതിനായി റിവൈസ്ഡ് ഡി.പി.ആർ തയാറാക്കാൻ എൻ.എച്ച്.എ.ഐ തീരുമാനിച്ചെങ്കിലും വെള്ളക്കെട്ട് വെല്ലുവിളിയായി. അണ്ടർപാസ് വരുമ്പോൾ ഇടപ്പള്ളി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കേണ്ടത് എങ്ങനെയെന്നതിൽ തട്ടി നിൽക്കുകയാണ് പദ്ധതിയിപ്പോൾ. ഇടപ്പള്ളി- മൂത്തകുന്നം ഹൈവേക്കായി ഇതിനോടകം വീതികൂട്ടലും കാന നിർമ്മാണവും ഈ ഭാഗത്ത് നടക്കുന്നുണ്ട്. അണ്ടർപാസ് ഇതുമായി ബന്ധിപ്പിക്കാനാകുമോ എന്നതാണ് അടുത്ത കടമ്പ.
ഇടപ്പള്ളി മുതൽ അരൂർ വരരെയുള്ള ഗതതാഗതക്കുരുക്കിന് പരിഹാരമാകുന്ന ജനകീയ പദ്ധതിക്ക് കേന്ദ്രസർക്കാർ എത്രയും വേഗം ഫണ്ട് അനുവദിക്കണം. നടപ്പാക്കാനുള്ള ഇടപെടലുകൾ നിരന്തരമായി നടത്തുകയാണ്.
ഹൈബി ഈഡൻ എം.പി
ഇടപ്പള്ളി- അരൂർ- 18.6കിലോമീറ്റർ
ഇടപ്പള്ളി- അരൂർ റൂട്ട്- ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |