തലചായ്ക്കാനൊരിടത്തിനായി 42 കുടുംബങ്ങളുടെ കാത്തിരിപ്പ്
തറക്കല്ലിട്ടിട്ട് ഏഴ് വർഷം
പാലക്കാട്: സുരക്ഷിതമായൊരു വീടെന്ന സ്വപ്നം എന്ന് യാഥാർഥ്യമാകുമെന്ന് അറിയാതെ ആശങ്കയിൽ കഴിയുകയാണ് ചിറ്റൂർ -തത്തമംഗലം നഗരസഭയിലെ വെള്ളപ്പന പ്രദേശത്തെ 42 കുടുംബങ്ങൾ. തറക്കല്ലിട്ട് ഏഴ് വർഷം കഴിഞ്ഞ പദ്ധതിയുടെ നിർമ്മാണം ഒച്ചിഴയും പോലെയാണ്. ഫ്ലാറ്റ് നിർമ്മാണം പുരോഗമിക്കുകയാണെന്നും സെപ്തംബറിൽ ജോലികൾ പൂർത്തിയാകുമെന്നുമാണ് മേൽനോട്ട ചുമതലയുള്ള എൻജിനീയർ പറയുന്നത്. സ്ട്രക്ചറൽ വർക്ക് കഴിഞ്ഞു. അകത്തും പുറത്തുമായുള്ള ബോർഡ് ജോലികൾ 90 ശതമാനത്തോളം പൂർത്തിയായെന്ന് അധികൃതർ പറയുന്നു. ടൈൽ വിരിക്കലും വയറിംഗും പ്ലമ്പിംഗും ബാക്കിയാണ്. 42 ഫ്ലാറ്റുകളിൽ ടൈൽ വിരിക്കാനും പ്ലംബിംഗ്, വയറിംഗ് ജോലികൾക്ക് തന്നെ മാസങ്ങൾ വേണ്ടിവരുമെന്നതിനാൽ പദ്ധതി ഉദ്ഘാടനം ഇനിയും വൈകിയേക്കും.
കരാർ തുക 5.19 കോടി
27,787 ചതുരശ്ര അടിയിൽ നാല് നിലകളിലായാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്. 450 - 500 ചതുരശ്ര അടിയാണ് ഓരോ ഫ്ളാറ്റിന്റെയും വിസ്തൃതി
രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, ബാത്ത്‌റൂം എന്നിങ്ങനെ ഒരു കുടുംബത്തിന് കഴിയാൻ ആവശ്യമായ സൗകര്യമുണ്ട്. താഴെ വാഹനം പാർക്ക് ചെയ്യാനും സംവിധാനമുണ്ടാകും
ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിമിംഗ്, പ്രീ എൻജിനിയേർഡ് ബിൽഡിംഗ് എന്നിങ്ങനെ രണ്ടുതരം സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്. പ്രീ ഫാബ്രിക്കേഷൻ രീതിയിൽ ഇരുമ്പു കമ്പികളിൽ സുരക്ഷിതമായാണ് സ്ട്രക്ചർ നിർമ്മിച്ചിരിക്കുന്നത്.
വെള്ളവും തീയും പ്രതിരോധിക്കാൻ ശേഷിയുള്ള ഫൈബർ സിമന്റ് ബോർഡുകളാണ് ചുവരുകളുടെ സ്ഥാനത്തുള്ളത്.
25 വർഷത്തെ ഗ്യാരന്റിയാണ് കെട്ടിടത്തിന് നൽകുന്നത്.
ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. 5.19 കോടി രൂപയാണ് കരാർ തുക.
ബോർഡുകൾ മോഷണം പോകുന്നു
ഫ്ളാറ്റ് നിർമ്മാണം നടക്കുന്നതിനിടെ രാത്രികാലങ്ങളിൽ ബോർഡുകളും മറ്റും പതിവായി കളവു പോകുന്നതായി സമീപവാസികൾ പറയുന്നു. ഫ്ളാറ്റ് നിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നവർ തന്നെ മറ്റ് ആവശ്യക്കാർക്ക് കുറഞ്ഞ നിരക്കിൽ മറിച്ചുവിൽക്കുകയാണെന്നും ഫ്ളാറ്റിനു സമീപത്തു തന്നെയുള്ള സ്വകാര്യ വ്യക്തിക്ക് ഈ ബോർഡ് ഉപയോഗിച്ച് മുകളിലത്തെ നില പണിതു നൽകിയതായും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |