ഏറ്റവും കൂടുതൽ ജലം സംഭരിച്ചത് വാഴാനിയിൽ
വടക്കാഞ്ചേരി: കാലവർഷം കലിതുള്ളിയിട്ടും നിറയാൻ മടിച്ച് ജില്ലയിലെ ഡാമുകൾ. അതീവ ദയനീയമാണ് ജല സംഭരണ
ശേഷി. ഏറ്റവുമധികം വെള്ളം സംഭരിക്കപ്പെട്ടത് വാഴാനി ഡാമിലാണ്. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 54.92 മീറ്ററാണ് ജലത്തിന്റെ അളവ്. 50 ശതമാനം മാത്രമാണ് വെള്ളം.
കഴിഞ്ഞ മാസം അതിതീവ്ര മഴ ഉൾപ്പെടെ ശക്തമായ മഴ ദിനങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും പെയ്ത്തു വെള്ളത്തെ കരുതൽ ശേഖരമാക്കാൻ കഴിഞ്ഞില്ല. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസായ പീച്ചി ഡാമിൽ സംഭരിക്കാനായത് പരമാവധി സംഭരണശേഷിയുടെ 29 ശതമാനം ജലം മാത്രമാണ്. ജില്ലയിലെ മറ്റൊരു പ്രധാന അണക്കെട്ടായ ചിമ്മിനി ഡാമിൽ 32 ശതമാനം ജലം മാത്രമാണ് സംഭരിക്കാനായത്.
പൂമല പോലുള്ള ചെറിയ ഡാമുകൾ പരമാവധി സംഭരണശേഷി പിന്നിട്ടതിനാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ ഷട്ടർ തുറന്ന് ജലം ഒഴുക്കിവിട്ടിരുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ വരും വേനൽ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമരുമോയെന്നാണ് ആശങ്ക. കാർഷികവൃത്തിയെയും ബാധിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |