കോട്ടയം : ജില്ലാ പഞ്ചായത്ത് ആദ്യ പ്രസിഡന്റും, വനിതാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും, വനം വികസന കോർപ്പറേഷൻ ചെയർപേഴ്സണുമായ ലതികാസുഭാഷ് 2049 ശതാബ്ദി വർഷത്തിലെ കോട്ടയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വിവരിക്കുന്നു. 'വിശാല കാഴ്ചപ്പാടോടെയുള്ള വികസനമില്ലായ്മയാണ് കോട്ടയം നേരിടുന്ന പ്രധാന പ്രശ്നം. സങ്കുചിതമായി മിക്ക നേതാക്കളും ചിന്തിക്കുന്നു. പഞ്ചായത്ത് മുതൽ പാർലമെന്റ് തലം വരെ ജനപ്രതിനിധികൾ പ്രാദേശിക വികസനത്തെക്കുറിച്ച് ചിന്തിക്കുന്നതാണ് പ്രശ്നം. മുൻഗാമി ചെയ്തതിനെ കുറ്റം പറഞ്ഞ് പുതിയത് ചെയ്യാൻ താത്പര്യം കാട്ടുന്നതിനാൽ വികസന തുടർച്ച ഉണ്ടാകാറില്ല. തുടർവികസന ചർച്ചകളിൽ എല്ലാവരെയും പങ്കെടുപ്പിച്ച് സമഗ്ര വികസനമായിരിക്കണം ലക്ഷ്യം.
മേഖലകളായി തിരിച്ച് ടൂറിസം വികസനം
ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങൾ ബന്ധപ്പെടുത്തി കായൽ ടൂറിസവും പുതുപ്പള്ളി , പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മേഖലകളിൽ മലയോര ടൂറിസ വികസനവും പ്രയോജനപ്പെടുത്തണം. കുമരകത്തെ വീടുകൾ ഹോംസ്റ്റേയായി സഞ്ചാരികൾക്ക് നൽകുന്നത് പോലെ മലയോരമേഖലയിലും ഉണ്ടാകണം. റോഡ് വികസനത്തിലാണ് ജില്ല ഏറെ പിന്നിൽ. 'ഠ' വട്ടത്തിലുള്ള കോട്ടയമെന്ന പരിഹാസം തുടരുന്നു. കൂടുതൽ ബൈപ്പാസുകളും , റിംഗ് റോഡുകളും വന്നാൽ ഇത് ഒഴിവാക്കാനാകും.
ആരോഗ്യമേഖല സമന്വയം വേണം
കേരളത്തിലെ നമ്പർ വൺ മെഡിക്കൽ കോളേജാണ് കോട്ടയം. കുറിച്ചി ഹോമിയോ കോളേജും, കേന്ദ്ര ഗവേഷണ കേന്ദ്രവും നമ്പർ വണ്ണാണ്. ആയുർവേദത്തിൽ വയസ്ക്കര, ഒളശ, ചമ്പക്കര ഒന്നാമതാണ്. അലോപ്പതി, ഹോമിയോ, ആയുർവേദം സഹകരിച്ചുള്ള ചികിത്സ പ്രോത്സാഹിപ്പിക്കണം.
വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടായി.സാക്ഷരാതാ പ്രവർത്തനം, സ്ത്രീ പങ്കാളിത്തം ഉറപ്പാക്കിയ നാൽപ്പാത്തിമല മേഡൽ തുടങ്ങിയവ എം.ജി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീമുകളായിരുന്നു. ജനപങ്കാളിത്തം ഉറപ്പാക്കിയുള്ളഇത്തരം പദ്ധതികൾ പുനരുജ്ജീവിപ്പിക്കണം
വ്യവസായ, കാർഷിക, സാംസ്കാരിക മേഖലയ്ക്ക് മുൻതൂക്കം വേണം
യുവതലമുറയുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ നടപടി വേണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |