കൽപ്പറ്റ: 1994 ജൂലൈ അഞ്ച്. സാധാരണക്കാരന്റെ ജീവിതത്തെ മലയാള സാഹിത്യവുമായി ബന്ധിപ്പിച്ച ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് ഇന്നേക്ക് മുപ്പത് വർഷം. വൈലാലിലെ ആ വീട്ടിലേക്ക് ഇന്നും പതിവുതെറ്റാതെ വയനാട്ടിൽ നിന്ന് ചുരമിറങ്ങി ഒരാളെത്തും. ഏച്ചോം ഗോപി. എഴുത്തുകാരനും പരന്ന വായനക്കാരനുമാണ്. സാഹിത്യലോകത്ത് വൈക്കം മുഹമ്മദ് ബഷീർ നിറഞ്ഞുനിന്ന വേളയിൽ വൈലാലിൽ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഏച്ചോംഗോപി. സുൽത്താൻ പോയെങ്കിലും ഗോപി ഓരോ ചരമ വാർഷികത്തിലും മുടങ്ങാതെ വൈലാലിലെത്തും. വയനാട്ടിലെ ഏച്ചോത്തെ വീട്ടിൽ മാങ്കോസ്റ്റിൻ വച്ച് കൊണ്ടായിരിക്കും ഗോപിയുടെ യാത്ര തുടങ്ങുക.
1976ൽ കോഴിക്കോട് നടന്ന സാഹിത്യക്യാമ്പിൽ പ്രതിനിധിയായിരുന്നു ഗോപി. ലോകത്തെ മികച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എം.ടി.വാസുദേവൻ നായരും കെ.എ.കൊടുങ്ങല്ലൂരും ക്യാമ്പിൽ വച്ച് പ്രസംഗിച്ചപ്പോൾ എങ്ങനെയെങ്കിലും സുൽത്താനെ കാണണമെന്നായി. നേരെ ചെന്ന് കണ്ടു. അന്ന് തുടങ്ങിയ ബന്ധം പിന്നെ ഒരു കുടുംബബന്ധമായി വളർന്നു. സാഹിത്യത്തേക്കാൾ സംസാരിച്ചത് വയനാട്ടിലെ പ്രകൃതിയെക്കുറിച്ചും ആദിവാസികളെക്കുറിച്ചും മണ്ണിൽ അദ്ധ്വാനിക്കുന്നവരെക്കുറിച്ചൊക്കെയായിരുന്നു. രണ്ട് തവണയെ വൈക്കം മുഹമ്മദ് ബഷീർ വയനാട്ടിൽ വന്നിട്ടുളളൂവെന്ന് ഗോപി പറയുന്നു. 1983 ജനുവരി 29നും 1985 ഒക്ടോബർ 19നും. ആദ്യ തവണ കൽപ്പറ്റയിലെ നാഷണൽ ബുക്ക് സ്റ്റാൾ ഉദ്ഘാടനത്തിനാണെങ്കിൽ രണ്ടാംതവണ ഗോപിയുടെ വിവാഹത്തിനാണ്. കൽപ്പറ്റ മണിയങ്കോട് ക്ഷേത്ര പരിസരത്ത് നടന്ന വിവാഹത്തിൽ ഭാര്യ തുളസിയുടെ കഴുത്തിൽ അണിയാനുളള മാല എടുത്തുതന്നത് സുൽത്താനും ഫാബിയുമായിരുന്നുവെന്ന് ഗോപി ഓർക്കുന്നു. മാത്രമല്ല, മകൾ അനുപമയ്ക്ക് പേരിട്ടതും സുൽത്താൻ തന്നെ. വൈക്കം മുഹമ്മദ് ബഷീർ അയച്ച എഴുത്തുകൾ ഇന്നും ഒരു നിധി പോലെ ഗോപിയുടെ പക്കലുണ്ട്. മാത്രമല്ല, വൈലാലിൽ നടക്കുന്ന ഏത് ചടങ്ങിലും ഗോപിക്ക് പോസ്റ്റ് കാർഡിലോ ഇൻലന്റിലോ സ്വന്തം കൈപ്പടയിൽ സുൽത്താൻ കത്തയയ്ക്കും. അങ്ങനെ എത്രയെത്ര കത്തുകൾ. തീർന്നില്ല വിശേഷങ്ങൾ. സുൽത്താൻ എഴുതിയ മുഴുവൻ കൃതികളും ഗോപിയുടെ പക്കലുണ്ട്. പിന്നെ സുൽത്താനെക്കുറിച്ച് പലരായി എഴുതിയതും. നല്ലൊരു വായനക്കാരനായ ഗോപിയുടെ വീട്ടിൽ വലിയൊരു ഗ്രന്ഥശേഖരം തന്നെയുണ്ട്. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഗോപി നല്ലൊരു കർഷകനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |