മുടപുരം: കിഴുവിലത്തെ നാട്ടുകാർ നേരിടുന്ന യാത്രാദുരിതത്തിന് അറുതിയില്ലാതെ തുടരുന്നു. ഇവിടെ നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവീസുകളും ഇതുവരെ പുനഃരാരംഭിച്ചിട്ടില്ല. നാല് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയിരുന്ന കോരാണി- ചിറയിൻകീഴ് റൂട്ടിൽ ഇപ്പോൾ ഒന്നുമില്ല. ഇതുസംബന്ധിച്ച് അധികൃതർക്കും മന്ത്രിക്കും നിവേദനം നൽകിയിട്ടും നടപടി ആരംഭിച്ചിട്ടില്ല.
കൊവിഡിന്റെ പേരിലാണ് മിക്ക പ്രദേശങ്ങളിലേയും സർവീസുകൾ നിറുത്തലാക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ മാറിയെങ്കിലും സർവീസുകളിലെ നിയന്ത്രണം ഇതുവരെ മാറിയിട്ടില്ല. കിഴുവിലം, ചിറയിൻകീഴ്, കുറക്കട, മുടപുരം, മുട്ടപ്പലം തുടങ്ങി വിവിധ റോഡുകൾ വഴി സർവീസ് നടത്തിയിരുന്ന അഞ്ചിലധികം ബസുകളാണ് പലഘട്ടങ്ങളിലായി നിറുത്തലാക്കിയത്.
നടപടി വേണം
മികച്ച കളക്ഷൻ ഉണ്ടായിരുന്ന തിരുവനന്തപുരം നഗരത്തിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ വിവിധ സർവീസുകൾ നിറുത്തലാക്കിയതോടെ ഈ പ്രദേശങ്ങളിൽ യാത്രാക്ലേശം അനുഭവപ്പെടുന്നു. ഇത് പരിഹരിക്കാൻ ഗതാഗത വകുപ്പിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്. പുതുതായി കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച് നടപ്പിലാക്കിയ പുതിയ ബസുകളിൽ ഒന്നുപോലും ചിറയിൻകീഴിൽ അനുവദിച്ചിട്ടില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.
ആശ്രയം സ്വകാര്യ ബസുകൾ
കോരാണി -ചിറയിൻകീഴ് റോഡിലൂടെയുള്ള കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തിയതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ സ്വകാര്യ ബസുകളും കൃത്യമായി സർവീസ് നടത്താറില്ല. രാത്രിയുള്ള പല ട്രിപ്പുകളും ക്യാൻസൽ ചെയ്യും. രാത്രികാലങ്ങളിൽ തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും വരുന്ന യാത്രക്കാർ കോരാണി ജംഗ്ഷനിൽ എത്തിയാൽ പെട്ടതുതന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |