പൊന്നാനി : ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കായൽ, പുഴ മത്സ്യങ്ങൾക്ക് ആവശ്യക്കാരേറെ. ആവശ്യത്തിന് മത്സ്യം കൊടുക്കാനില്ലാത്ത അവസ്ഥയാണെന്ന് വിൽപ്പനക്കാർ പറയുന്നു. പിടികൂടി ഉടനടി വിൽക്കുന്നവ ആയതിനാൽ വലിയ ഡിമാൻഡാണ് . ട്രോളിംഗ് നിരോധന സമയമായതിനാൽ ഫ്രഷ് മത്സ്യം കിട്ടാനുള്ള പ്രയാസവും പുഴ മീനുകളുടെ ഡിമാൻഡ് കൂട്ടുന്നു.
ചമ്രവട്ടം പാലത്തിനടിയിലും കർമ്മ റോഡിലും പൊന്നാനി ഹാർബർ പ്രദേശത്തുമാണ് കൂടുതൽ പേർ കായൽ, പുഴ മത്സ്യങ്ങൾ പിടികൂടാനെത്തുന്നത്. പൊന്നാനി ബിയ്യം റെഗുലേറ്ററിന് സമീപത്തും നിലവിൽ ഒരുപാട് പേർ കായൽ മത്സ്യങ്ങൾ പിടികൂടി ഉപജീവനം നടത്തുന്നുണ്ട് കൂടാതെ കർമ്മ റോഡിൽ ഭാരതപ്പുഴയിൽ രാത്രിയും പുലർച്ചെയും വഞ്ചികളുമായും ചൂണ്ടയുമായും പുഴ മത്സ്യം പിടിക്കാൻ വരുന്നവരും ഏറെയാണ്. കർമ്മ റോഡിൽ പുഴയോരത്ത് അന്യ സംസ്ഥാനക്കാരും മത്സ്യബന്ധനത്തിനെത്തുന്നുണ്ട്. ചിലർ വീടുകളിലേക്കും മറ്റ് ചിലർ വിൽപ്പനയ്ക്കുമായാണ് ഇവയെ പിടികൂടുന്നത്. ചമ്രവട്ടം പാലത്തിന് രണ്ട് അറ്റത്തുമായി പുഴ മത്സ്യം വിൽക്കുന്ന ഒട്ടേറെ കടകളുണ്ട്. എടപ്പാൾ പൊന്നാനി റോഡിലെ അയിലക്കാടാണ് പുഴ, കായൽ മത്സ്യങ്ങളുടെ പ്രധാന വിപണി മേഖല. ഈ ഭാഗത്തെ നിരവധി ഹോട്ടലുകളിലും വിഭവങ്ങൾക്കായി കായൽ, പുഴ മത്സ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളിലും ഉച്ചഭക്ഷണത്തിന് നല്ല തിരക്കുണ്ട്. പുഴഞണ്ട്, കയ്യേരി, ചെമ്പല്ലി, മാലാൻ, കോലാൻ, പൂവാൻ, പ്ലാച്ചി, കരിമീൻ, പൊരിക്ക്, കുറുന്തല തുടങ്ങിയ പുഴമത്സ്യങ്ങളുടെ നീണ്ടനിര തന്നെ ഇവിടെ കിട്ടും. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ കരിമീനിനാണ്. അവധി ദിവസങ്ങളിലാണ് പുഴമത്സ്യത്തിന് ആവശ്യക്കാരേറെ. കരിമീനും മാലാനുമൊക്കെ മുമ്പ് ഇഷ്ടംപോലെ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ കുറവാണ്. പുലർച്ചെ പിടികൂടുന്ന പുഴമത്സ്യം വാങ്ങാൻ ദൂരെനിന്ന് പോലും പൊന്നാനി കർമ്മ റോഡിലേക്ക് ആളുകൾ എത്തുന്നുണ്ട്.
പ്ളാസ്റ്റിക് മാലിന്യങ്ങളും കുളവാഴ ശല്യവും പുഴകളിലെ മത്സ്യസമ്പത്തിന് ദോഷം ചെയ്യുന്നുണ്ട്. കുളവാഴകളുടെ വർദ്ധനവ് നിലവിൽ പുഴയിൽ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു. ഒപ്പം വലയിൽ ഇത്തരം ചെടികൾ കുടുങ്ങിയും പലർക്കും വലിയ നഷ്ടം നേരിടുന്നു.
നല്ല വില കിട്ടും
വിപണിയിൽ നല്ല വിലയാണ് പുഴ മത്സ്യങ്ങൾക്ക്.
കരിമീനിനും ചെമ്പല്ലിക്കും കിലോയ്ക്ക് 500 രൂപയാണ്.
കോലാൻ 300 മുതൽ 400 വരെയുണ്ട്.
ബ്രാലിന് കിലോ 500 രൂപയും പരലിന് കിലോയ്ക്ക് 140 രൂപയും വരുന്നുണ്ട്.
കരിമീൻ, ചെമ്പല്ലി, ബ്രാൽ തുടങ്ങിയവയാണ് ആളുകൾക്ക് കൂടുതൽ പ്രിയം.
സാധാരണക്കാർക്ക് പ്രിയം പരലിനോടാണ്. പരൽ മത്സ്യങ്ങൾ കിട്ടുന്നത് നിലവിൽ താരതമ്യേന കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |