അഷ്ടമുടിക്കായലിന്റെ കരസ്പർശമേറ്റ് വളർന്നൊരു ബാലൻ, വിദ്യാലയകാലം മുതൽ സാമൂഹ്യബോധമുള്ള രാഷ്ട്രീയപ്രവർത്തകൻ, ആദർശത്തിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത സംഘടനാപ്രവർത്തകൻ, അച്ചടക്കമുള്ള രാഷ്ട്രീയ വിദ്യാർത്ഥി, യാതനാകാലങ്ങളിൽ പ്രതിബന്ധങ്ങളിൽ തളരാതെ തലയുയർത്തിനിന്ന് മുദ്രാവാക്യം വിളിച്ച് പൊലീസിന്റെ മർദ്ദനം ഉൾപ്പെടെ ഏറ്റുവാങ്ങിയിട്ടും അധികാരത്തിന്റെ ശർക്കരക്കുടത്തിനു കാവലിരിക്കാതെ ജീവിക്കാൻ തൊഴിൽ കണ്ടെത്തി അഭിമാനിയായ മാതൃകാപുരുഷൻ - അതാണ് ഡോക്ടർ എം.ആർ. തമ്പാൻ.ലാളിത്യംകൊണ്ട് ആരെയും ആകർഷിക്കുന്ന, വിനയംകൊണ്ട് ഏതു ഹൃദയത്തിലും ഇടംപിടിക്കുന്ന, പ്രവർത്തനശൈലികൊണ്ട് ആരിലും അത്ഭുതം സൃഷ്ടിക്കുന്ന ഡോക്ടർ. എം.ആർ. തമ്പാൻ കൈവച്ച മേഖലകൾ അനവധി, കൈവരിച്ച നേട്ടങ്ങൾ അതിലേറെ. ഒന്നും വ്യക്തിതാല്പര്യത്തിനല്ലെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. പിന്നിട്ട കാലം 'ഓർമ്മയുടെ ഓളങ്ങളിലൂ"ടെ ഓർത്തെടുക്കുകയാണ് ഗ്രന്ഥകാരൻ. സുഗമയാത്രയായിരുന്നില്ല അത്. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ വിദ്യാർത്ഥി രാഷ്ട്രീയ വഴിയിൽ നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടിവന്നതിനെക്കുറിച്ച് ഗ്രന്ഥകാരൻ പറയുന്നു.
കൊല്ലത്ത് കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്ത് മീറ്റിംഗുകളിൽ പങ്കെടുക്കാൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കൊട്ടറ ഗോപാലകൃഷ്ണനെ സൈക്കിളിൽ ലോഡ് വച്ച് ചവിട്ടിക്കടന്നത് 20-ൽപ്പരം കിലോമീറ്ററാണ്. ഒരു വ്യക്തിയുടെ ഓർമ്മക്കുറിപ്പുകൾ ചരിത്രമാക്കുന്ന അസുലഭ സന്ദർഭങ്ങളുടെ ക്രമബദ്ധമായ രേഖപ്പെടുത്തലാണ് 'ഓർമ്മയുടെ ഓളങ്ങളി"ൽ കാണുന്നത്. സൗഹൃദസമ്പത്തിൽ തമ്പാൻ കുബേരനാണ്. സാഹിത്യരംഗത്തെ കുലപതികളുടെ സ്നേഹ സഹവാസമാവണം ഭാഷാനവീകരണ പ്രവർത്തനങ്ങൾക്കു കൂട്ടായത്.
എൻ.വി. കൃഷ്ണവാരിയർ, എസ്. ഗുപ്തൻനായർ, ഒ.എൻ.വി, എം.ടി, അഴീക്കോട്, പി. ഗോവിന്ദപ്പിള്ള, പുതുശ്ശേരി രാമചന്ദ്രൻ, പ്രബോധചന്ദ്രൻ നായർ, പന്മന രാമചന്ദ്രൻനായർ, പുനലൂർ ബാലൻ, പഴവിള രമേശൻ തുടങ്ങിയ ഭാഷാപണ്ഡിതരുടെ സഹകരണം മലയാളത്തനിമ, ലിപിപരിഷ്കരണം, അക്ഷരമാലാ പാക്കേജും കംപ്യൂട്ടർവത്കരണവും ഒക്കെ സാദ്ധ്യമാക്കുകയുണ്ടായി. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭ്യമാക്കാൻ നടത്തിയ തീവ്രശ്രമങ്ങളിലും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിലും ഭാഷാ പണ്ഡിതനെന്ന നിലയിലും അനിഷേദ്ധ്യ സംഭാവനകൾ കാഴ്ചവയ്ക്കാനായതിൽ കൃതാർത്ഥനാണ് എം.ആർ. തമ്പാൻ.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കൺസോർഷ്യമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനു പിന്നിൽ ഡയറക്ടറുടെ അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളും നല്ല പങ്കുവഹിച്ചു. ധാരാളം വിദേശയാത്രകളും അനുഭവങ്ങളും ഈ 'ഓർമ്മയുടെ ഓളങ്ങളി"ൽ ആടിയും ഉലഞ്ഞും നീങ്ങുന്നിടത്തെല്ലാം വായനക്കാർക്കും ഉത്കണ്ഠയിൽ ഉറക്കം നഷ്ടപ്പെടുന്നുണ്ട്. ഇത് എഴുത്തിലെ സത്യസന്ധതയെ അടയാളപ്പെടുത്തുന്നു.
സ്വയം എഴുതുക മാത്രമല്ല, പ്രഗത്ഭമതികളായ എഴുത്തുകാരെ കണ്ടെത്തുന്നതിൽ പുലർത്തിയ താല്പര്യവും ശ്രദ്ധയും അനിതരസാധാരണമാണ്. രസകരവും വിജ്ഞാനപ്രദവും വായനയ്ക്കും വിചിന്തനത്തിനും ഉതകുന്നതുമായ ഈ ഗ്രന്ഥത്തെ ഒരേ സമയം ചരിത്രഗ്രന്ഥമെന്നും ഓർമ്മക്കുറിപ്പുകളെന്നും അനുഭവമെന്നും പറയാം. രാഷ്ട്രീയ - ഭാഷാസാഹിത്യ കുതുകികൾക്കൊരു കൈപ്പുസ്തകമായി ഈ കൃതിയെ കണക്കാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |