കൊച്ചി: കൊച്ചി സർവകലാശാല ഷിപ്പ് ടെക്നോളജി വകുപ്പിന്റെ അരനൂറ്റാണ്ട് ചരിത്രം വിശദീകരിക്കുന്ന 'ഒരു കപ്പൽ പഠനവകുപ്പിന്റെ പിറവിയും പ്രയാണ'വുമെന്ന പുസ്തകം ഒരുങ്ങി. മുൻ വകുപ്പ് മേധാവി കൂടിയായ ഡോ.കെ.ശിവപ്രസാദാണ് രചയിതാവ്.
നേവൽ ആർക്കിടെക്ചറും ഷിപ്പ്ബിൽഡിംഗുമായി ചെറിയ രീതിയിൽ 1974ൽ പിറവിയെടുത്ത് വകുപ്പിന്റെ സംഭവബഹുലമായ വളർച്ചയും പ്രതിസന്ധികളും സൂക്ഷ്മമായ രീതിയിൽ പുസ്തകത്തിൽ വ്യക്തമാക്കുന്നു. കുസാറ്റിൽ നിന്ന് പഠിച്ചിറങ്ങിയവർ ഇന്ന് ലോകമെമ്പാടും വിവിധ കപ്പൽശാലകളിലും ഷിപ്പിംഗ് മേഖലയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. 1975 ജനുവരി ഒന്നിന് നാവികസേനയിലെ ജോലി രാജിവച്ച് സ്വപൻ ബാനർജി വകുപ്പിന്റെ ആദ്യതലവനായി. ജനുവരി ആറിനായിരുന്നു ആദ്യ അദ്ധ്യയനദിനം. 1980ൽ ആദ്യബാച്ച് പുറത്തിറങ്ങി. 87ൽ ഇന്ത്യൻ നേവിയുടെ സെന്റർ ഒഫ് എക്സ്‌ലൻസ് പദവി വകുപ്പിന് ലഭിച്ചു. ലോകത്ത് തന്നെ ആദ്യമായി അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകളിൽ സേനയ്ക്ക് പുറത്ത് കേഡറ്റുകളെ അയച്ച് പഠിപ്പിച്ചത് ഷിപ്പ്‌ടെക്നോളജി വകുപ്പിലാണ്. 45 ബാച്ചുകളാണ് പഠിച്ചിറങ്ങിയത്. എ.ഡി. 1505 മുതൽ 1880 വരെ കൊച്ചിയിലുണ്ടായിരുന്ന കപ്പൽശാലകളെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നു.
പ്രകാശനം ഒമ്പതിന്
ഡോ. കെ.ശിവപ്രസാദ് രചിച്ച 'ഒരു കപ്പൽ പഠനവകുപ്പിന്റെ പിറവിയും പ്രയാണ'വുമെന്ന പുസ്തകത്തിന്റെ പ്രകാശനം 9ന് വൈകിട്ട് ആറിന് കൊച്ചി കപ്പൽശാല എം.ഡി.മധു എസ്.നായർ എറണാകുളം ബി.ടി.എച്ചിൽ നിർവഹിക്കും. ജസ്റ്റിസ് വി.എം.ശ്യാംകുമാർ ആദ്യകോപ്പി ഏറ്റുവാങ്ങും. വൈസ് ചാൻസലർ പി.ജി.ശങ്കരർ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |