മുഹമ്മ: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ വിശ്വമാനവികതയുടെ
സന്ദേശമുയർത്തി നവോത്ഥാന തേരോട്ടം നടത്തിയ മഹാഗുരുവിന് രഥത്തിന്റെ മാതൃകയിൽ ഒരു ഗുരുമന്ദിരം. രാജ്യത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന്
ഗുരുമന്ദിരങ്ങളുണ്ടെങ്കിലും ഇത്തരത്തിലൊന്ന് അപൂർവം. ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മണ്ണഞ്ചേരി പൊന്നാട് ശ്രീവിജയ വിലാസം ക്ഷേത്രത്തിന് മുന്നിലാണ് ഈ ഗുരുമന്ദിരം.
ശ്രീനാരായണഗുരു തന്റെ മഹാപ്രയാണത്തിനിടെ ഇവിടെ എത്തിയിരുന്നു. ആൽച്ചുവട്ടിൽ വിശ്രമിക്കുകയും ചുറ്റിലും കൂടിയവരോട് അക്ഷരം പഠിക്കാൻ സൗകര്യമൊരുക്കണമെന്നും
ഭജനമഠം സ്ഥാപിക്കണമെന്നും നിർദേശിച്ചു.അത് അനുസരിച്ച് ഒരു പ്രമുഖ കുടുംബത്തിന്റെ വകയായിരുന്ന ഒരേക്കറോളം വരുന്ന സ്ഥലത്ത് ഭജന മഠവും ആശാൻ കളരിയും സ്ഥാപിക്കുകയുംചെയ്തു. ആൽമരച്ചുവട്ടിലായിരുന്നു കളരി. പിന്നീട് ഭജനമഠം പണിതതോടെ
പകൽ കുടിപ്പള്ളിക്കൂടവും രാത്രിയിൽ ഭജനയുമായി.
ആശാൻകളരി പിന്നീട് പൊന്നാട് എൽ.പി സ്കൂളായി വളർന്നു. നടുവത്തേഴത്ത് മൈതീൻകുഞ്ഞ് മേത്തർ നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. ഭജനമഠം, ശ്രീവിജയ വിലാസം ക്ഷേത്രമായി പുരോഗമിച്ചു. ഈ ക്ഷേത്രത്തിന് മുന്നിലാണ് രഥത്തിൽ ഗുരുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 2007ലായിരുന്നു ഗുരുപ്രതിഷ്ഠ. ഗുരുമന്ദിരത്തോട് ചേർന്ന് പ്രാർത്ഥനാലയം കൂടി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം ഭാരവാഹികൾ.
30 വിദ്യാർത്ഥികളാണ് അന്ന് കളരിയിൽ ഉണ്ടായിരുന്നത്. ദൂരനിന്നുള്ള കുഞ്ഞനാശാൻ കളരി താമസിച്ചാണ് പഠിപ്പിച്ചിരുന്നത്
- പൊന്നാട് കൈയ്യാട്ട് ദിവാകരൻ
(അന്നത്തെ വിദ്യാർത്ഥികളിൽ ജീവിച്ചിരിക്കുന്ന ഏകയാൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |