എരുമേലി: രണ്ട് ദിനം കനത്തമഴ പെയ്താൽ മലയോരത്ത് ഭീതിയാണ്. പമ്പയും അഴുതയാറും മണിമലയാറുമൊക്കെ ഏത് നിമിഷവും കരകവിയാം. ചെളിയും മണലുമൊക്കെ നിറഞ്ഞ് കയങ്ങൾ ഉൾപ്പെടെ നികന്നതോടെ മൂന്ന് നദികളുടെയും ശേഷി തന്നെ ദുർബലമായി. നദികളിൽ അടിഞ്ഞ മണൽ വാരിനീക്കാതെ എരുമേലി ഉൾപ്പെടെയുള്ള മേഖലകളിൽ പ്രളയഭീതി ഒഴിയില്ലെന്ന് സാരം. എരുമേലി പഞ്ചായത്ത് പരിധിയിൽ നദികളിൽ അടിഞ്ഞ മണൽ വാരിനീക്കുന്നതിന് അനുമതി നൽകുമെന്ന് മുമ്പ് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിൽ അതെല്ലാം വെറുംവാക്കായി. കഴിഞ്ഞ വർഷം അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളായിട്ടില്ല. ദുരന്തനിവാരണ നടപടിയായാണ് നദികളിലെ മണൽ വാരാൻ അനുമതി നൽകണമെന്ന ആവശ്യം ഉയർന്നത്.
ആസൂത്രണം ചെയ്തു, പക്ഷേ എങ്ങുമെത്തിയില്ല
2018ലെ മഹാപ്രളയവും തുടർന്നുള്ള വർഷങ്ങളിൽ സംഭവിച്ച വെള്ളപ്പൊക്കവുമാണ് നദികളിലെ സ്ഥിതി ഗുരുതരമാക്കിയത്. കയങ്ങളിൽ ഉൾപ്പെടെ അടിഞ്ഞ മണ്ണ് ഉറച്ച അവസ്ഥയിലാണ്. തുടക്കത്തിൽ ഇവ വാരി നീക്കാൻ പ്രയാസമില്ലായിരുന്നു. എന്നാൽ വൈകുംതോറും ചെളി വാരിനീക്കുക വെല്ലുവിളിയാകും.
പമ്പാ നദിയിലെ മണൽ നീക്കാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇടപെട്ട് രൂപംനൽകിയ പുഴ പുനർജനി പദ്ധതിയും ലക്ഷ്യംകണ്ടില്ല.
ഒരു ദിവസം എരുമേലി വലിയതോട്ടിൽ നിന്ന് കുറച്ചു മണൽ വാരിയതല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
ജില്ലാ ഭരണകൂടം ഇടപെടണം
ജില്ലാ ഭരണകൂടം ഇടപെട്ട് അനുമതി നൽകിയാലേ നടപടികൾ എളുപ്പമാകൂവെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു. നദികളിൽ ശേഷി കുറഞ്ഞ ഭാഗങ്ങളിൽ പരിശോധന നടത്തി നീക്കേണ്ട മണലിന്റെ അളവ് നിർണയിച്ചാൽ റവന്യു വകുപ്പിന്റെ സഹായത്തോടെ ലേലം ചെയ്തു നൽകാനാകും.
മഴ കനത്താൽ
നദി കരകവിയുന്നത് പാലങ്ങൾക്ക് ഉൾപ്പെടെ ഭീഷണി
കുറുമ്പൻമുഴി, അറയാഞ്ഞിലിമണ്ണ് പാലങ്ങൾ മുങ്ങി ഗതാഗതം മുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |