കണ്ണൂർ: കുവൈത്തിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച കണ്ണൂർ,കാസർകോട് ജില്ലക്കാരായ അഞ്ചുപേരുടെ ആശ്രിതർക്കുള്ള ധനസഹായവുമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീടുകളിലെത്തി.
കണ്ണൂർ ധർമ്മടം വാഴയിൽ വിശ്വാസ് കൃഷ്ണൻ, കുറുവ ഉണ്ണാൻകണ്ടി യു.കെ.അനീഷ്‌കുമാർ, വയക്കര കുത്തൂർ ഹൗസ് നിധിൻ, തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പി.കേളു, ചെർക്കള കുണ്ടടുക്കയിലെ രഞ്ജിത്ത് എന്നിവരുടെ വീടുകളിൽ എത്തിയാണ് മന്ത്രി ധനസഹായം കൈമാറിയത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഉൾപ്പെടെ 14 ലക്ഷം രൂപയാണ് ആശ്രിതർക്ക് നൽകിയത്.
പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ.യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ടുലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്.
രാവിലെ വിശ്വാസ് കൃഷ്ണന്റെ വീട്ടിലെത്തിയ മന്ത്രി വിശ്വാസ് കൃഷ്ണന്റെ അമ്മ കെ.ഹേമലത, ഭാര്യ പൂജ എം.രമേഷ്, മകൻ ദൈവിക് വിശ്വാസ് എന്നിവരുടെ പേരിലുള്ള ചെക്കുകൾ കൈമാറി. വിശ്വാസ് കൃഷ്ണന്റെ അമ്മ ചെക്കുകൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. വിശ്വാസ് കൃഷ്ണന്റെ മകൻ ദൈവിക് ഗാന്ധിജിയുടെയും ചിത്രശലഭത്തിന്റെയും ചിത്രങ്ങൾ മന്ത്രി സമ്മാനമായി നല്കി.ഉച്ചക്ക് ശേഷം യു കെ അനീഷ്‌കുമാറിന്റെ വീട്ടിലെത്തിയ മന്ത്രി അനീഷ്‌കുമാറിന്റെ അമ്മ പി സതി, ഭാര്യ പി കെ സന്ധ്യ, മക്കൾ അശ്വിൻ അനീഷ്, അദിശ് അനീഷ് എന്നിവരുടെ പേരിലുള്ള ചെക്കുകൾ കൈമാറി. പെരിങ്ങോം വയക്കരയിലെ കെ. നിധിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി പിതാവ് ലക്ഷ്മണൻ കൂത്തൂരിന് കൈമാറി. നിധിന്റെ സഹോദരൻ നിജിനും ഇവിടെയുണ്ടായിരുന്നു.
വിശ്വാസിന്റെ വീട് സന്ദർശിച്ച സംഘത്തിൽ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, എ.ഡി.എം.കെ നവീൻ ബാബു, തലശ്ശേരി തഹസിൽദാർ സി പി.മണി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷീജ , നോർക്ക റൂട്ട്സ് മാനേജർ സി രവീന്ദ്രൻ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അനീഷിന്റെ മന്ത്രിയ്ക്കും ഉദ്യോഗസ്ഥ സംഘത്തിനും പുറമെ വാർഡ് കൗൺസിലർ കെ.എൻ.മിനി, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഇ.പി.ജലജ എന്നിവരും നിധിന്റെ വീട്ടിലെത്തിയ സംഘത്തിൽ തഹസിൽദാർ ടി.മനോഹരൻ , ഡെപ്യൂട്ടി തഹസിൽദാർ കെ.കെ.ശശിവില്ലേജ് ഓഫീസർ ഹരികൃഷ്ണൻ,പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിന്ധു രാജൻകുട്ടി, വാർഡ് മെമ്പർ സുഗന്ധി തുടങ്ങിയവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |