വേണം സംരംഭകത്വം, ടെക്നോപാർക്ക് മോഡൽ കൃഷി.
ഒരു ഭാഗത്ത് പുരയിടങ്ങൾ അനാഥമായി കാടു പിടിക്കുമ്പോൾ മറുഭാഗത്ത് ആധുനിക രീതിയിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഭൂമി കിട്ടാനില്ലാത്ത സ്ഥിതിയാണ് കേരളത്തില്‍. 2018 ൽ ഒരു സ്വീഡിഷ് സർവകലാശാല പ്രസിദ്ധീകരിച്ച ഗവേഷണഫലമാണ് ഓർമ വരുന്നത്. കേരളസമൂഹത്തിന്റെ മുഖമുദ്ര പരസ്പര വിശ്വാസക്കുറവാണെന്നായിരുന്നു കണ്ടെത്തൽ. അതുകൊണ്ട് തന്നെ, ഭൂവുടമകളും കർഷകരും ഇരുവശത്തും ആവശ്യക്കാരായി നിന്നിട്ടും പരസ്പരം വിശ്വസിച്ചു സഹകരിക്കാൻ സാധിക്കാത്ത അവസ്ഥ തെല്ലും അൽഭുതപ്പെടുത്തുന്നില്ല.
ഏതാണ്ട് 90,000 ഹെക്ടർ ഭൂമിയാണ് കേരളത്തിൽ ഉപയോഗിക്കാതെ കിടക്കുന്നത്. ദീർഘകാല കൃഷിയിടങ്ങളിൽ ഇടവിളയായി മാത്രം 50,000 ഹെക്ടർ ഇനിയും കൃഷി ചെയ്യാൻ സാധിക്കും. തരിശുകിടക്കുന്ന ഭൂമി പിടിച്ചെടുത്ത് കൃഷി ചെയ്യിക്കുന്നതൊന്നും പ്രായോഗികമായി തോന്നുന്നില്ല. പിടിച്ചെടുക്കലും അടിച്ചമർത്തലും കൊണ്ട് കൃഷി വികസിപ്പിക്കാൻ സാധിക്കുമോ? ആരുടെയും ഒന്നും പിടിച്ചെടുക്കാതെ തന്നെ ഭൂവുടമയ്ക്ക് സ്വയം ബോധ്യപ്പെട്ട് സ്വന്തം ഭൂമിയിൽ കൃഷി സാധ്യമാക്കുന്ന കിനാശ്ശേരിയാണ് നമുക്ക് വേണ്ടത്.
എഫ്പിഒ/ കൃഷിക്കൂട്ടങ്ങൾ/കാർഷിക സംരംഭകർക്ക് ഈ തരിശുഭൂമികളിൽ പഴം-പച്ചക്കറി-പൂക്കൾ (ഹോർട്ടിക്രോപ്പ്) കൃഷി ചെയ്യാൻ സാധിക്കും. ഏറ്റവും കൂടുതൽ വരുമാനവും ലാഭവും ഇതിലാണെന്ന് മാത്രമല്ല, കേരളത്തിന്റെ കാലാവസ്ഥക്ക് പറ്റിയതുമാണ്. അയൽ സംസ്ഥാനങ്ങളിൽ പാട്ടക്കരാറെടുത്ത് വലിയ വിസ്തൃതിയിൽ വിജയകരമായി കൃഷി ചെയ്ത് പരിചയമുള്ള മലയാളികളിൽ കുറച്ച്പേരെയെങ്കിലും നമുക്ക് ആകർഷിക്കാനാവണം. എന്റെ അപ്പൂപ്പൻ കർഷകനായിരുന്ന കാലത്തെ കൃഷിയോ വിളകളോ ശസ്ത്രസങ്കേതികവിദ്യകളോ വിപണനരീതികളോ അല്ല ഇന്ന്. മണ്ണറിഞ്ഞാൽ മാത്രം പോരാ ശാസ്ത്രീയകൃഷിയുടെ രീതികളും വിപണനവും അറിയണം. കർഷകരെ ഫണ്ടിങ് ഏജൻസികളുമായും നിക്ഷേപകരുമായും ബന്ധിപ്പിക്കാൻ കൃഷിവകുപ്പിനാവും.
മൂന്ന് സാദ്ധ്യതകൾ
നിലവില്‍ കേരളത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും വലിയ തോതിൽ ഭൂമി കൈവശം വയ്ക്കുന്നതിന് അനുകൂലമല്ല. പാട്ടം നിയമപ്രകാരം നിരോധിച്ചിട്ടുമുണ്ട്. വളരെ സങ്കുചിതമായി ചിന്തിച്ചാൽ ഭൂവുടമയ്ക്ക് അവനവന്റെ തുണ്ട്ഭൂമിയിൽ മാത്രമേ കൃഷി ചെയ്യാൻ സാധിക്കൂ. എന്നാൽ കൃഷി വിപുലമാക്കുന്നതിലൂടെ മാത്രമേ സാമ്പത്തികമായി കര്‍ഷകര്‍ക്ക് സ്ഥിരതയും സമൃദ്ധിയും ലഭിക്കുകയുള്ളു. ഇതിനു മൂന്ന് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കട്ടെ.
ഒന്ന്, പാടശേഖരങ്ങളിലേതുപോലെ ഭൂവുടമകൾ പരസ്പരം സഹകരിച്ച് കൃഷി ആസൂത്രണം ചെയ്ത് വിളവെടുക്കുന്ന രീതി. പൈനാപ്പിൾകർഷകർ വാഴക്കുളത്ത് സഹകരിച്ച് വിളവെടുക്കുന്നതുപോലെ. എന്നാൽ പരസ്പര സഹകരണം, വിശ്വാസം, പൊതുനേതൃത്വം അംഗീകരിക്കൽ എന്നിവ ആവശ്യമാണ്- ഇതൊന്നും അത്ര എളുപ്പമല്ല.
രണ്ടാമത്തെ മാർഗ്ഗം, നിലവിലെ നിയമം അനുശാസിക്കുന്നില്ലെങ്കിലും, കൃഷിഭൂമി പാട്ടത്തിനു നൽകലാണ്. 2010-2011 കാലയളവിൽ തന്നെ 59,206 ഏക്കർ ഭൂമി 38,054 കുടുംബശ്രീ ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്തതായി പഠനങ്ങൾ കാണിക്കുന്നു. ഇന്ന് ഏതാണ്ട് 25,000 ഏക്കർ പൈനാപ്പിൾ കൃഷിനടക്കുന്നത് പാട്ടക്കരാറിലൂടെയാണ്. ഏറ്റവും കൂടുതൽ ഉത്പാദനം നടക്കുന്നതും പാട്ടകൃഷിയിലൂടെയാണ്. പാടശേഖരങ്ങളും ഏറക്കുറെ ഇതേ പാതയിൽ തന്നെ. അതേസമയം നിയമത്തിന്റെ പിൻബലമില്ലാത്ത പാട്ടക്കരാറുകൾ പലതും വാക്കാലുള്ള ധാരണ മാത്രമാണ്. കർഷകനും ഭൂവുടമയ്ക്കും സുരക്ഷ കുറഞ്ഞ രീതിയാണിത്. എന്നാൽ ദീർഘകാലത്തേക്ക് വാക്കാൽ ഭൂമി നൽകാനാവില്ലല്ലോ. ഹ്രസ്വകാലത്തേക്കുള്ള പാട്ടക്കൃഷി മണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി കാണാം. ഏതായാലും പാട്ടം നൽകുന്നത് നിലവിൽ നിയമവിരുദ്ധമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങൾ പലതും അക്കാലത്തെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായി നിർമ്മിച്ചതാണെന്ന തിരിച്ചറിവുണ്ടായാൽ പാട്ടക്കൃഷിയെന്ന ഇന്നത്തെ യാഥാർഥ്യത്തെ നിഷേധിക്കാതെയുള്ള പരിഹാരത്തിലേക്ക് നമുക്ക് നീങ്ങാനാകും. ചരിത്രപരമായി കൃഷിഭൂമി കൈവശം ഉള്ള പലരുടെയും പ്രാഥമിക വരുമാന മാർഗം ഇന്ന് കൃഷിയല്ല. അതേ സമയം യഥാർത്ഥ കർഷകൻ ഭൂമി ലഭ്യമല്ലാതെ, വാക്കാലുള്ള കരാറുമായി അലയേണ്ടി വരുന്നു. നിയമപരിഷ്കാരത്തിന് സമവായം വേണം, കേരളമായതുകൊണ്ട് ക്ഷമ വേണം; സമയമെടുക്കും.
തടസങ്ങൾ പൂർണ്ണമായി നീങ്ങും വരെ കർഷകന് കൂടുതൽ ഭൂമിയിൽ കൃഷിയിറക്കാനുള്ള നിയമപരമായ മറ്റു മാർഗങ്ങളുണ്ട്. എന്റെ പഴയ വക്കീൽ കുപ്പായമണിഞ്ഞ് അഭിപ്രായം പ്രറയുകയാണെങ്കിൽ ഇനിപ്പറയുന്ന മൂന്നാമത്തെ മാർഗമാണ് ഏറ്റവും സുരക്ഷിതവും പ്രായോഗികവും. എന്നാൽ, കേരളത്തിൽ വളരെ കുറച്ചു പേർ മാത്രമേ ഇപ്രകാരം കൃഷി ചെയ്യുന്നുള്ളൂ. ഭൂവുടമകൾ ‘സർവീസ് ലെവൽ എഗ്രിമൻ്റ്’ എന്ന കരാറിന്റെ അടിസ്ഥാനത്തിൽ എഫ്.പി.ഒ/കർഷകൻ/കുടുംബശ്രീ/കൃഷിക്കൂട്ടം/ആഗ്രോ സ്റ്റാർട്ടപ്പ് തുടങ്ങിയവർക്ക് കൃഷി ചെയ്യാൻ കരാർ കൊടുക്കുന്ന പരിപാടിയാണിത്. ഇതിൽ ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നില്ല. സേവനകരാർ മാത്രമായി റജിസ്റ്റർ ചെയ്യാവുന്ന ഇത്തരം കരാറുകളും ‘ലൈസൻസ്’ കരാറുകളും നിയമാനുസൃതവുമാണ്. ഇതൊരു ‘സർവീസ് കോൺട്രാക്ട്’ ആയതിനാൽ ഭൂപരിഷ്കരണ നിയമത്തിന്റെ ഒരു സെക്ഷനും ലംഘിക്കുന്നില്ലെന്ന മെച്ചവുമുണ്ട്. ഇതിലൂടെ ആർക്കും സ്വന്തം ഭൂമിയിൽ കൃഷിയറിയുന്നവരെക്കൊണ്ടുവന്ന് കൃഷിചെയ്യിക്കാം. നല്ലൊരു വക്കീലിനെ ഏൽപിച്ചാൽ ഇരുവർക്കും ബുദ്ധിമുട്ടുണ്ടാവാത്ത വിധം ‘സർവീസ് ലെവൽ എഗ്രിമന്റി’ലൂടെ നേട്ടമുണ്ടാക്കാവുന്നതേയുള്ളൂ. പാട്ടവ്യവസ്ഥയോ ഭൂമി കൈമാറ്റമോ ഇല്ലാതെതന്നെ ഇന്ത്യൻ കോൺട്രാക്ട് നിയമത്തിനു കീഴിൽ സേവനകരാർ രജിസ്റ്റർ ചെയ്യാം.
കൃഷി ഒരു സേവനം
കരാറിൽ ആദ്യപടിയായി കൃഷി ചെയ്യുന്നതിന്റെ കൂലി ഭൂവുടമ കർഷകന് നൽകാൻ കരാറാക്കുന്നു. കൂലിയും പകരം സേവനവും കച്ചവടമാക്കിയ അതേ കരാറിൽ രണ്ട് കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നു - (1) കാർഷിക ഉൽപന്നത്തിന്റെ വരുമാനത്തിൽ നിന്ന് കർഷകൻ കൃഷിയിറക്കാൻ ചെലവാക്കുന്ന തുകയും അയാൾക്ക് കിട്ടേണ്ട സേവനത്തിന്റെ കൂലിയും കിഴിച്ച് ബാക്കിയാവുന്ന തുകയിൽ നിന്ന് ഒരു നിശ്ചിത തുക ഭൂവുടമയ്ക്ക് നൽകേണ്ടതാണ്. (2) അതിന് മുകളിലേക്കുള്ള എല്ലാ വരുമാനവും കർഷകനുള്ളതാണ്. 10-20 വർഷത്തേക്കും, ഇടവിള കൃഷിക്ക് മാത്രമായും ഇത്തരം കരാറുകൾ വെക്കാവുന്നതാണ്. ഫലത്തിൽ പാട്ടത്തുക കിട്ടിയത് പോലെ തോന്നുമെങ്കിലും ഇത് സേവനകരാറായിട്ടാണ് നിയമപരമായി വിവക്ഷിക്കുക.
ടെക്നോപാർക്ക് മോഡൽ
മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കും മുമ്പേ സ്വന്തം കണ്ണിലെ കോലെടുക്കണമെന്നാണ് പഴമൊഴി. സർക്കാർ –പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിൽ മാത്രം 1500 ഹെക്ടർ കൃഷിയോഗ്യമായ ഭൂമി ഉപയോഗിക്കാതെയുണ്ട്. കേരളത്തിൽ ലഭ്യമായ കൃഷിയോഗ്യമായ ഭൂമി തിട്ടപ്പെടുത്തി അതിന്റെ പകുതിയെങ്കിലും ടെക്നോപാർക്ക് മോഡലിൽ അടിസ്ഥാന സൗകര്യം ഒരുക്കി ഒരാൾക്ക് പത്തേക്കർ വീതം കൃഷി ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ ഒരൊറ്റ വർഷം കൊണ്ട് 3700 കോടി രൂപയുടെ വിളവെടുക്കാം. കറണ്ട്, വള്ളം, വാഹനസൗകര്യം, മണ്ണ് പരിശോധന, വിദഗ്ദ്ധരുടെ സേവനം, വിള-ഇൻഷുറൻസ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ നൽകിയാൽ മതി. ₹3700 കോടി അധികവരുമാനം നമ്മുടെ കർഷകരുടെ കൈളിലേക്കും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്കുമാണ് വരുന്നത് എന്നോർക്കുക. ഇതിലൂടെ 25,000 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിക്കാനാവുക. വലിയ അളവിൽ ഉത്പാദനമുണ്ടെങ്കിൽ മൂല്യവർദ്ധനവിന്റെ സാധ്യതയും തുറക്കപ്പെടുകയും 10,000 കോടി രൂപയ്ക്ക് മുകളിലുള്ള പ്രോസസിങ്ങും സാദ്ധ്യമാകും. പരമ്പരാഗത സർക്കാർ പദ്ധതികളെപ്പോലെ വലിയ ആസൂത്രണവും ഗവേഷണവും കെട്ടിടനിർമ്മാണവും എസ്റ്റിമേറ്റും ഒന്നും ഇതിന് ആവശ്യമില്ല. ചങ്ങലക്കിട്ട കൃഷിസംരംഭകരെ സ്വതന്ത്രരാക്കിയാൽ മാത്രം മതി. ഹൃസ്വകാലവിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ ഒരു വർഷത്തിനകം തന്നെ ഇത് യാഥാർത്ഥ്യമാക്കാനുമാവും.
അഗ്രിഗേഷൻ അഗ്രൊപാർക്കുകൾ
സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതേ ആശയം സ്വകാര്യസംരംഭകർ വാണീജ്യാടിസ്ഥാനത്തിൽ ചെയ്താൽ അതിലേറെ നന്നാവും. കൃഷിയോഗ്യമായ തുണ്ട് ഭൂമികൾ 'അഗ്രിഗേറ്റ്’ ചെയ്ത് വലിയതോതിൽ ഏകീകരിച്ച ശേഷം മേഖല തിരിച്ച് കൃഷി ചെയ്യുന്ന പ്രോജ്ക്ടുകൾ സ്റ്റാർട്ടപ്പുകൾക്ക് പരീക്ഷിക്കാവുന്നതാണ്. ഊബർ സ്വന്തം കാറുപയൊഗിച്ചോ, ഓയോ സ്വന്തം ഹോട്ടലുകൾ ഉപയോഗിച്ചോ, സ്വിഗി സ്വന്തം റസ്റ്റോറന്റുകളെ ആശ്രയിച്ചോ അല്ല ബിസിനസ് ചെയ്യുന്നത്. താജ്, ഹയാത്ത്, മാരിയറ്റ് തുടങ്ങിയ വലിയ ഹോട്ടലുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളൊന്നും അവരുടേതല്ല. ആസ്തി വേറെ, സേവനം വേറെ. സമാനമായി, കൃഷി ചെയ്യാനും സ്വന്തമായി ഭൂമി വേണ്ട. ആഗ്രൊ സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതികവിദ്യയിലൂടെ സാദ്ധ്യമാവുന്ന 'അഗ്രിഗേഷന്റെ’ ശക്തി ഉപയോഗിച്ച് കൃഷിയെ സേവനമാക്കി വ്യാപിപ്പിക്കാനാവും.
പഴം-പച്ചക്കറികൾ വിൽക്കുന്ന ലുലു ഹൈപ്പർ മാർട്ട്, നെസ്റ്റോ, കല്ല്യാൺ, ബിസ്മി, പോലുള്ള വൻകിട സൂപ്പർമാർക്കറ്റുകൾക്കും ഇത്തരം പോജക്ടുകൾ ഫണ്ട് ചെയ്യാവുന്നതാണ്. വിദേശത്തേക്ക് പഴങ്ങൾ കയറ്റി അയക്കുന്ന ദേശായി ഫ്രൂട്‌സ് & വെജിറ്റബിൾസ്, അദാനി ഫ്രഷ്, ഗ്ലോബൽ ഗ്രീൻ പോലുള്ള വൻകിട കമ്പനികൾക്കും താൽപര്യമാവാം. പഴങ്ങൾ പ്രോസസ് ചെയ്ത് മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി വിൽക്കുന്ന ഐ.ടി.സി, പാർലെ, നെസ്ലെ പോലുള്ള വൻകിട കമ്പനികൾക്കും കൃത്യം സമയത്ത് വലിയ അളവിൽ ഒന്നാന്തരം പഴങ്ങളും പച്ചക്കറികളും വേണം.
ഗുണമുണ്ടെങ്കിൽ പ്രീമിയം ഉപഭോക്താക്കൾ കൂടുതൽ വില നൽകാൻ മടിയില്ലാത്തവരാണ്. ഉത്പാദനച്ചെലവ് ഒരൽപം കൂടിയാലും വിദേശവിപണിയിൽ ഗുണനിലവാരമാണ് പ്രധാനം. ‘കേരളത്തിൽ ഉൽപാദിപ്പിച്ചതെന്ന’ ബ്രാന്റ് ഐഡന്റിറ്റിയും ഗുണംചെയ്യും. നമ്മുടെ ഉൽപന്നങ്ങളിൽ അമിതമായ മരുന്നും രാസവളങ്ങളും ഇല്ലെന്നും, ഉയർന്ന ഗുണനിലവാരമുള്ളതുമാണെന്ന വിശാസം ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഇത്തരത്തിലുള്ള ‘ഫാം അഗ്രിഗേഷൻ’ ഒരു ബിസിനസ് ആശയമാണ്. ശാസ്ത്രീയമായും, വിപണി മനസ്സിലാക്കിയും കൃഷി ചെയ്യാൻ ഇറങ്ങുന്ന കർഷകന് കുറഞ്ഞത് 10 ഏക്കറെങ്കിലും ഭൂമി ഒരു ലൊക്കേഷനിൽ ലഭ്യമാക്കാനാവണം. ഭൂവുടമക്കും കർഷകനും ജനങ്ങൾക്കും സർക്കാറിനും ലാഭമുണ്ടാവുന്ന ഏർപ്പാടാണിത്. ഈ ലക്ഷ്യത്തോടെ സ്വകാര്യസംരംഭകർക്കും കൃഷിവകുപ്പിനും സഹകരിക്കാനാവും. നമുക്ക് ഒരുമിച്ച് ശ്രമിച്ച് നോക്കാവുന്നതാണ്.
വിള തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം
പ്ലാന്റേഷൻ ഭൂമി കൃഷിയിടമായി നിലനിർത്തി ഇഷ്ടമുള്ള വിളകളിലേക്ക് മാറാൻ അനുമതി കിട്ടണമെന്ന ആവശ്യത്തിൽ ന്യായമുണ്ട്. റബറിന് റംബുട്ടാനെ അപേക്ഷിച്ച് ഒരു ദിവ്യത്വവും ഇല്ല. അതുകൊണ്ടുതന്നെ റബറിനു പകരം മറ്റ് വിളകൾ വരുന്നത് എതിർക്കപ്പെടേണ്ടതല്ല. ഭക്ഷ്യവിളകൾക്കാണല്ലോ ഏതൊരു സർക്കാറും പ്രാമുഖ്യം കൊടുക്കേണ്ടതും. കർഷകന് തോട്ടം മേഖലയേക്കാൾ കൂടുതൽ വരുമാനം ഭക്ഷ്യവിളകളിൽ നിന്ന് നേടാൻ സാധിക്കും. ഭക്ഷ്യവിളകൾക്ക് ലോകവിപണിയിലെ വിലയുടെ കയറ്റിറക്കങ്ങൾ ഭീഷണി അല്ല. മിക്കവാറും ഭക്ഷ്യവിളകൾ ഹ്രസ്വകാല വിളകൾ ആണെന്നുള്ളതും ഒരു നേട്ടമാണ്. സ്വന്തം വിള തീരുമാനിക്കാനുള്ള അവകാശം ഉണ്ടാവുമ്പോഴേ കൃഷിക്കാരന് യഥാർഥ സ്വാതന്ത്ര്യമുള്ളൂ.
ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ സമയത്ത് ചായ, കാപ്പി, റബർ, ഏലം എന്നീ വിളകളായിരുന്നു തോട്ടം മേഖലയിൽ വ്യാപകമായിരുന്നത്. ഈ ഒറ്റ കാരണം കൊണ്ടാണ് ഇവ കൃഷി ചെയ്യുന്ന തോട്ടങ്ങളെ ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഒഴിവാക്കിയത്. 1981 ൽ കൊക്കോ കൂടി ഉൾപ്പെടുത്തി. മാറിയ സാഹചര്യത്തിൽ കൂടുതൽ വിളകൾ ഉൾപ്പെടുത്താവുന്നതാണ്.
അതേസമയം തോട്ടങ്ങൾക്ക് ഈ സൗജന്യം നൽകിയത് തോട്ടം തൊഴിലാളികളുടെ തൊഴിൽസുരക്ഷകൂടി കരുതിയാണെന്നു നാം മനസ്സിലാക്കണം. ഇന്ന് തോട്ടം മേഖല പ്രതിസന്ധിയിലാണ്. പ്രതിസന്ധി മറികടക്കാൻ നിശ്ചിതശതമാനം ഭൂമിയെങ്കിലും ലാഭകരമായ മറ്റ് കൃഷിയിലേക്ക് മാറ്റാൻ ആവശ്യമുണ്ടെങ്കിലും തോട്ടംതൊഴിലാളികൾക്ക് ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ കുറയുമോ എന്ന ആശങ്കയുണ്ട്. കൂടുതൽ ദീർഘകാല വിളകളും യഥേഷ്ടം ഹ്രസ്വകാല ഇടവിളകളും അനുവദിക്കുന്നതായിരിക്കും പ്രായോഗികം. ഇത് നടപ്പിലാക്കുമ്പോൾ തൊഴിലാളി യൂണിയനുകളെ വിശ്വാസത്തിലെടുക്കണമെന്നു മാത്രം. യൂണിയനുകളുമായി സഹകരിച്ച് സംയുക്തമായി കണ്ടെത്തുന്ന ഭൂമി ലാഭകരമായ വിളകൾക്കായി നീക്കി വെച്ചാൽ തൊഴിലാളികൾക്കുതന്നെയായിരിക്കും മെച്ചം. പതിനെട്ടാം നൂറ്റാണ്ടിലെ ഏകവിള സമ്പ്രദായം അശാസ്ത്രീയവും പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നതുമാണ്. വിളവൈവിധ്യമാണ് നല്ലത്. വലിയ തോട്ടങ്ങളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂമിയുടെ 15-20 ശതമാനങ്കിലും ഇത്തരത്തിൽ ഉപയോഗിക്കാനായാൽ കാർഷികമേഖലയ്ക്ക് വലിയ നേട്ടമായിരിക്കും. ഇത് സാദ്ധ്യമാകണമെങ്കിൽ നയപരമായ തീരുമാനമെടുക്കുകയും നിയമസഭ ഭേദഗതി അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സമവായമുണ്ടെങ്കിലേ ഭരണഘടനയുടെ ഷെഡ്യൂളിൽ ഉൾപ്പെട്ട ഭൂപരിഷ്കരണ നിയമം പരിഷ്കരിക്കുന്നതൊക്കെ നടക്കൂ. കണ്ടറിയാം കോശി!
നെല്ലു സംഭരണത്തിനു പരിധി വേണോ?
നിശ്ചിത പരിധിയിലധികം നെല്ല് ഉത്പാദിപ്പിച്ചാൽ അത് മുഴുവനും സംഭരിക്കാറില്ല എന്ന് പല കർഷകരും ആക്ഷേപം പറയാറുണ്ട്. സർക്കാറിന്റെ പരിമിതമായ ബജറ്റ് ചെറുകർഷകർക്ക് കൂടുതലായി നീക്കി വെക്കുന്നതിൽ തെറ്റില്ല. വലിയ തോതിൽ കൃഷി ചെയ്യുന്നവർക്ക് ഉൽപാദനത്തിനെക്കാൾ സംസ്കരണത്തിനാണ് കൂടുതൽ സർക്കാർ സഹായം നൽകുക. സംസ്കരണശാലകൾക്കും വേർഹൗസുകൾക്കും ധനസഹായം മാത്രമല്ല, മറ്റ് ബിസിനസുകൾക്കില്ലാത്ത സൗജന്യങ്ങളും നികുതി ഒഴിവുമുണ്ട്. നേരിട്ടുള്ള കാർഷിക സബ്സിഡി പരിമിതപ്പെടുത്തുന്ന അന്താരാഷ്ട്ര കരാറുകളുടെ പശ്ചാത്തലത്തിൽ ഇതിനെ മനസ്സിലാക്കണം.
ഇതൊക്കെയാണങ്കിലും 2 ഹെക്ടറിന് മേലെ കൃഷി ചെയ്യുന്നവരെ അന്യരായി കാണുന്നത് തെറ്റ് തന്നെയാണ്. നല്ല കൃഷിയെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം.
ഉദാരവൽക്കരണത്തിനു മുൻപ് ലൈസൻസും പെർമിറ്റും വരിഞ്ഞുമുറുക്കിയ ഫാക്ടറികളിൽ എത്ര ഉൽപാദിപ്പിക്കാമെന്ന് സർക്കാർ നിയന്ത്രിച്ചിരുന്നു. ഉൽപാദനം കൂടിയാൽ ശിക്ഷാനടപടിയുമുണ്ടായിരുന്നു. കാലത്തിനനുസരിച്ച് അവയിൽ മാറ്റം വന്നു. നാം ഓർക്കേണ്ടത് ഭൂനിയമങ്ങളും ചട്ടങ്ങളും കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്നാണ്. കൃഷിയെന്നാൽ സമ്പത്ത് സൃഷ്ടിക്കലല്ല, മറിച്ച് ദാരിദ്ര്യ ലഘൂകരണമാണെന്ന തെറ്റായ പൊതുബോധവും നിലനിൽക്കുന്നുണ്ട്. മൂന്ന് കോടി ജനങ്ങളിൽ 25 ലക്ഷം പേരും കർഷകരാണെന്ന് അവകാശപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്നമാണിത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർ, തൊഴിൽരഹിതർ, വീട്ടുപറമ്പിൽ കറിവേപ്പിലയും രണ്ട് വാഴയുമുള്ളവർ, മട്ടുപ്പാവിൽ നാല് ഗ്രോബാഗ് വെച്ചവർ - ഒക്കെ നമ്മുടെ കണക്കിൽ കർഷകരാണ്. മറ്റൊരു മേഖലയിലുമില്ലാത്ത സവിശേഷതയാണിത്. ലക്ഷക്കണക്കിന് വരുന്ന ഇത്തരം ‘കർഷകർക്കിടയിൽ’ പെട്ടുപോയ യഥാർഥ കർഷകനെ പരിഗണിക്കാൻ കഴിയാതെ പോകുന്നു. ദാരിദ്ര്യനിർമ്മാർജ്ജനം കൃഷിയുമായി കുഴയുമ്പോൾ രണ്ടും നടക്കാതെ പോകും എന്നതാണ് സത്യം.
കർഷകർക്ക് കൂടുതൽ വരുമാനവും ലാഭവും വേണമെങ്കിൽ ലാഭകരമായ വിളകൾ കൂടുതൽ വിസ്തൃതിയിൽ ചെയ്യാനുള്ള സാഹചര്യം വേണം. കേരളത്തിലെ പഴം-പച്ചക്കറികളുടെ വർദ്ധിച്ച് വരുന്ന വിലയും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവയിലെ അമിതമായ കീടനാശിനി ഉപയോഗവും നമ്മെ ചിന്തിപ്പിക്കണം. വിലസ്ഥിരതയ്ക്കും, കർഷകവരുമാനം ഉയർത്താനും, നമ്മുടെ ആരോഗ്യത്തിനും കർഷകരെ സംരഭകരാക്കി ഉത്പാദനം യുദ്ധകാലാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കേണ്ടതുണ്ട്.
(എൻ. പ്രശാന്ത് ഐഎഎസ് ഫേസ്ബുക്കിൽ കുറിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |