തിരുവനന്തപുരം: പി.എസ്.സി അംഗത്വ വിൽപ്പന വിവാദം സംബന്ധിച്ചുയർന്ന ആരോപണം നിഷേധിച്ച് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്ന് കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ കെ. മനോജ് കേരളകൗമുദിയോട് വ്യക്തമാക്കി.
പി.എസ്.സി അംഗത്വം സംബന്ധിച്ച് ആരും പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മാത്യു.ടി.തോമസും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ല. പാർട്ടിക്കാർക്ക് മാത്രമേ അംഗത്വം നൽകൂ. അതിന് ഒരു പൈസയും വാങ്ങില്ല. ഇത്രയും നാളെത്തെ രാഷ്ട്രീയം ഒരു ദിവസം കൊണ്ട് കളയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി അംഗ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണം: കെ.സുരേന്ദ്രൻ
പി.എസ്.സി അംഗത്തെ നിയമിക്കാൻ ഡി.വൈ.എഫ്.ഐ നേതാവ് ലക്ഷങ്ങൾ കോഴവാങ്ങിയെന്ന ആരോപണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രിയുടെ പേരു പറഞ്ഞാണ് തട്ടിപ്പുനടത്തിയത്. ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പെന്നതും ഗൗരവതരമാണ്. സർക്കാരിൽ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴവാങ്ങിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ച് സി.പി.എമ്മിന്റെ തീവെട്ടിക്കൊള്ള നടക്കുകയാണ്. മാനാഞ്ചിറയിലെ നെയ്ത്തു ഫാക്ടറിയായ കോംട്രസ്റ്റ് ഏറ്റെടുക്കാതെ വലിയ ഹോട്ടൽ സമുച്ചയം നിർമ്മിക്കാനാണ് സി.പി.എം ശ്രമം. സുപ്രീംകോടതിയും രാഷ്ട്രപതിയും ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ കോംട്രസ്റ്റ് ഏറ്റെടുക്കുന്നില്ല.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നു. കടപ്പുറത്ത് ഹോട്ടൽ പണിയാൻ തുറമുഖ വകുപ്പ് സി.പി.എം നേതാവിന്റെ ബന്ധുവിന് സ്ഥലം നൽകിയത് മറ്റൊരു ക്രമക്കേടാണെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |