തിരുവനന്തപുരം: പി.എസ്.എസി പരീക്ഷയ്ക്ക് ചോദ്യപേപ്പറിനു പകരം നൽകിയത് ചോദ്യവും ഉത്തരവുമടങ്ങിയ ഉത്തരസൂചിക. കേരള സർവകലാശാലയിലെ എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടമായതിനു പിന്നാലെയാണിത്. ഇന്നലെ നടന്ന സർവേ വകുപ്പിലെ വകുപ്പുതല പ്രൊമോഷൻ പരീക്ഷയിലാണ് പി.എസ്.എസി ഗുരുതര വീഴ്ച വരുത്തിയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ഉത്തരസൂചിക തിരികെ വാങ്ങി പരീക്ഷ റദ്ദുചെയ്തു.
സർവേയർമാർക്ക് സൂപ്രണ്ട് തസ്തികയിലേക്ക് പ്രൊമോഷൻ നൽകുന്നതിനുള്ള പരീക്ഷയിലാണ് പിഴവ്. 200 ലധികം പേർ പരീക്ഷ എഴുതാനെത്തിയിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്ററുകൾ.
കേരള സർവകലാശാലയിലെ 71എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പാലക്കാട് സ്വദേശിയായ പ്രമോദ് ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുപോകവേയാണ് നഷ്ടപ്പെട്ടത്. പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലെ ഗസ്റ്റ് അദ്ധ്യാപകനാണ് പ്രമോദ്.
പി.എസ്.സി വീഴ്ച ഇങ്ങനെ
ചോദ്യം തയ്യാറാക്കുന്ന വിദഗ്ദ്ധർ ചോദ്യവും ഉത്തരസൂചികയും രണ്ടു വ്യത്യസ്‌ത കവറുകളിലാക്കിയാണ് പി.എസ്.സിക്ക് കൈമാറുന്നത്. കവറിനു പുറത്ത് ഇത് രേഖപ്പെടുത്തും. ഓരോ പരീക്ഷയ്‌ക്കും മൂന്ന് സെറ്റ് ചോദ്യമാണ് തയ്യാറാക്കുന്നത്. പരീക്ഷയ്‌ക്ക് മുന്നോടിയായി ഇവയിൽ ഒരെണ്ണം നറുക്കിട്ടെടുക്കും. അത് സെക്യൂരിറ്റി പ്രസിന് കൈമാറും.അച്ചടിച്ച ചോദ്യപ്പേപ്പർ കവറുകളിലാക്കി പ്രസിൽ നിന്ന് എത്തിക്കും. പരീക്ഷാ ഹാളിൽ കവർ പൊട്ടിച്ചപ്പോഴാണ് ഉത്തരസൂചികയാണ് അതെന്ന് വെളിപ്പെട്ടത്. ചോദ്യം തയ്യാറാക്കിയവ്യക്തി കവറിനു പുറത്ത് രേഖപ്പെടുത്തിയത് മാറിപ്പോയതാണ് കാരണമെന്നാണ് പി.എസ്.സിയുടെ വിശദീകരണം.
ആറുമാസത്തിനിടയിലാണ് വകുപ്പുതല പരീക്ഷ നടത്തുന്നത്. ഇക്കുറി പരീക്ഷ നടത്താൻ രണ്ടു വർഷം വൈകി. ഇതുമൂലം പലർക്കും പ്രൊമോഷനും നഷ്ടമായിരുന്നു.
എം.ബി.എ പുനഃപരീക്ഷ ഏപ്രിൽ ഏഴിന്
ഉത്തരക്കടലാസുകൾ നഷ്ടമായ എം.ബി.എ വിദ്യാർത്ഥികളുടെ പുനഃപരീക്ഷ ഏപ്രിൽ ഏഴിന് നടക്കും. അതിന് ഹാജരാകാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും. 4 ദിവസത്തിനകം ഫലം പ്രഖ്യാപിക്കും. ഉത്തരക്കടലാസ് സൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയ ഗസ്റ്റ് അദ്ധ്യാപകനെതിരേ നടപടിയെടുക്കാൻ സർവകലാശാല തീരുമാനിച്ചു. പരീക്ഷയുടെ ചെലവ് ഈടാക്കുക, പരീക്ഷാച്ചുമതലകളിൽ നിന്ന് ബ്ലാക്ക്ലിസ്റ്റ് ചെയ്യുക, പിരിച്ചുവിടാൻ കോളേജിനോട് നിർദ്ദേശിക്കുക എന്നിവയാണ് പരിഗണനയിൽ. വിഷയം ചർച്ചചെയ്യാൻ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ചൊവ്വാഴ്ച അടിയന്തരയോഗം വിളിച്ചു.
മൂന്നാം സെമസ്റ്ററിന്റെ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. ആറ് കോളേജുകളിലെ പേപ്പറുകൾ ഇതിലുണ്ട്. പാലക്കാട് സ്വദേശിയായ പ്രമോദ് ഉത്തരക്കടലാസുകൾ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുപോകവേയാണ് നഷ്ടപ്പെട്ടത്. ജനുവരി 13ന് രാത്രി ആലത്തൂർ കഴിഞ്ഞപ്പോൾ ഉത്തരക്കടലാസ് നഷ്ടമായെന്ന് മനസിലായെന്നും തിരിച്ചെത്തി തെരഞ്ഞിട്ടും കിട്ടിയില്ലെന്നും പ്രമോദ് സർവകലാശാലയെ അറിയിച്ചു. ഇക്കാര്യം പ്രമോദ് പൊലീസിൽ അറിയിച്ചിട്ടുണ്ട്. പ്രമോദിനെതിരേ സർവകലാശാല ഡി.ജി.പിക്കും പരാതി നൽകും.
ശക്തമായ നടപടി: മന്ത്രി
സംഭവത്തിൽ ശക്തമായ നിയമനടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഉത്തരക്കടലാസ് നഷ്ടമായതിനാൽ 2022-24ബാച്ചിലെ എം.ബി.എ വിദ്യാർത്ഥികളുടെ മൂന്ന്, നാല് സെമസ്റ്റർ ഫലം പ്രസിദ്ധീകരിക്കാനായിരുന്നില്ല. പരീക്ഷാഫലം വരുന്നതിനനുസരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയിൽ പലരും വിദേശത്തടക്കം ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. മൂന്നാംസെമസ്റ്റർ പൂർത്തിയായി 11മാസത്തിനുശേഷം വീണ്ടും അതേപരീക്ഷയെഴുതേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. നടപടിയാവശ്യപ്പെട്ട് കെ.എസ്.യു ഗവർണർക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |