കുറ്റം ചെയ്യുന്നവർ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണ് നിയമ സംവിധാനത്തിലെ ആപ്തവാക്യങ്ങളിൽ ഒന്ന്. എന്നാൽ പലപ്പോഴും നിരപരാധികളെ കുടുക്കാനുള്ള വലയായി നിയമം മാറാറുണ്ട്. പിടിയിലാകുന്നവരെ വിരട്ടാനായി പൊലീസ് പോലും, കഞ്ചാവ് കേസിൽ പ്രതിയാക്കി അകത്താക്കുമെന്ന് ഭീഷണി മുഴക്കാറുണ്ട്. നിയമത്തിൽ കഠിനമായ ശിക്ഷകളും ജാമ്യം ലഭിക്കാൻ ബുദ്ധിമുട്ടുള്ള വകുപ്പുകളും ഉൾപ്പെടുത്തി നിരപരാധികളെ വേട്ടയാടിയിട്ടുള്ളതിന്റെ നിരവധി കഥകൾ പുറത്തുവന്നിട്ടുള്ളതാണ്. കുട്ടികളെ ശാരീരിക, മാനസിക പീഡനങ്ങളിൽ നിന്ന് രക്ഷിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് പോക്‌സോ നിയമത്തിന് രൂപം നൽകിയിട്ടുള്ളത്. എന്നാൽ കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയിൽ പോക്‌സോ കേസ് ഒരു ആയുധമായി ഉപയോഗിക്കുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ച് വരികയാണ്.
ഈ പശ്ചാത്തലത്തിൽ പോക്‌സോ കേസുകളുടെ ദുരുപയോഗം തടയാനായി പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. വിവാഹ മോചന ശേഷമുള്ള കുട്ടികളുടെ അവകാശം പിതാവിന് നിഷേധിക്കുന്നതിനു വേണ്ടിയാണ് ഈ പ്രവണത കൂടുതലായും കണ്ടുവരുന്നതെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്തവരുമായി ബന്ധമുള്ളവർ തമ്മിൽ ശത്രുത ഉണ്ടാകുമ്പോഴാണ് പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത്. പോക്സോ നിയമത്തിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടും തുടർ നടപടികളും റദ്ദാക്കാനായി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി പോക്‌സോ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകിയത്.
വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരയോട് അശ്ളീല വാക്കുകൾ പറയുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ആംഗ്യം കാണിക്കുകയും ചെയ്തുവെന്നായിരുന്നു പോക്‌സോ കേസിന് ആധാരമായ പരാതിക്കാരിയുടെ കേസ്. ഈ പരാതിയിൽ പ്രതിക്കെതിരെ സ്‌ത്രീയുടെ മാന്യതയെ അപമാനിക്കുക, കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഐ.പി.സി സെക്‌ഷൻ 294 (ബി) പ്രകാരം പൊതുസ്ഥലത്ത് അശ്ളീല വാക്കുകൾ ഉച്ചരിച്ചെന്ന തരത്തിലുള്ള കേസ്, വീടിന്റെ മുറ്റത്തു നടന്ന സംഭവമായതിനാൽ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പൊതുസ്ഥലത്തോ ഏതെങ്കിലും പൊതുസ്ഥലത്തിനടുത്തോ ചെയ്തതല്ല ഇത്തരം പ്രവൃത്തി. പ്രോസിക്യൂഷൻ ആരോപണം അനുസരിച്ച് പ്രതി പറഞ്ഞ വാക്കുകളിൽ ഒരു അധിക്ഷേപ വാക്കുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇത് ലൈംഗിക ഉദ്ദേശ്യത്തോടെയാണെന്ന് പറയാനാവില്ലെന്നാണ് കോടതി നിഗമനത്തിലെത്തിയത്.
പ്രതിയും ഇരയുടെ പിതാവും തമ്മിൽ റോഡ് തർക്കത്തിന്റെ പേരിൽ വഴക്ക് നടന്നിരുന്നു എന്നതും കണക്കിലെടുക്കണമെന്നു പറഞ്ഞ ഹൈക്കോടതി, തുടർന്ന് ഈ വിഷയത്തിൽ ഹർജിക്കാരനെതിരെയുള്ള എല്ലാ തുടർ നടപടികളും റദ്ദാക്കുകയാണ് ചെയ്തത്. പൂർവവൈരാഗ്യം തീർക്കാൻ ഒരാളെ കുരുക്കാനുള്ള ഏറ്റവും വലിയ കെണിയായി പോക്‌സോ കേസുകൾ ദുരുപയോഗം ചെയ്യാൻ പലരും ശ്രമിക്കും. അതിനാൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ദ്ധ സംഘമായിരിക്കണം ഇത്തരം പരാതികൾ കൈകാര്യം ചെയ്യേണ്ടത്. പോക്‌സോ കേസിൽ കുടുങ്ങുന്നവർ നിരപരാധികളാണെന്ന് പിന്നിട് തെളിയിക്കപ്പെട്ടാലും അതുവരെ അവർ സമൂഹത്തിന്റെ അവമതിപ്പ് അനുഭവിക്കേണ്ടിവരും. യഥാർത്ഥ പോക്‌സോ കേസും വ്യാജ പോക്സോ കേസും തമ്മിൽ തിരിച്ചറിയാൻ പൊലീസ് വിശദമായ പ്രാഥമികാന്വേഷണം നടത്തേണ്ടതും ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |