പത്തനംതിട്ട : തുടർച്ചയായ മഴയും ആവശ്യത്തിന് മണ്ണും ലഭിക്കാത്തതിനാൽ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണം തടസപ്പെട്ടു. മാർച്ചിൽ പണികൾ തുടങ്ങിയെങ്കിലും കാര്യമായ പുരോഗതിയില്ല. ഇതുവരെ ഒരു ശതമാനം പണികൾ മാത്രമാണ് നടന്നത്.
തുടക്കത്തിൽ മലയാലപ്പുഴ, കോന്നി ഭാഗങ്ങളിൽ നിന്നാണ് മണ്ണ് എത്തിച്ചിരുന്നത്. ഗുണനിലവാര പരിശോധനയിൽ എ ഗ്രേഡ് മണ്ണാണ് നിർമ്മാണത്തിന് വേണ്ടത്. സിന്തറ്റിക് ട്രാക്കിന് മേൽത്തരം മണ്ണാണ് ഉപയോഗിക്കുന്നത്. മണ്ണ് ലഭിക്കാൻ സാദ്ധ്യതയുള്ള പലപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പികളുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കിഫ്ബിയുടെയും നിർമ്മാണ കമ്പനിയായ ഉൗരാളുങ്കലിന്റെയും എൻജിനിയർമാർ ഇൗ വിവരം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്.
ജിയോളജി വകുപ്പ് കണ്ടെത്തും
ഗുണനിലവാരമുള്ള മണ്ണ് ലഭിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ജിയോളജി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പന്ത്രണ്ട് ഏക്കർ സ്ഥലമാണ് മണ്ണിട്ട് ഉയർത്തേണ്ടത്. സ്റ്റേഡിയത്തിന്റെ മദ്ധ്യഭാഗത്ത് ഒന്നര മീറ്ററും അതിരുകളിൽ അറുപത് സെന്റിമീറ്റർ വരെയും ഉയർത്താൻ കുറഞ്ഞത് ഇരുപതിനായിരം ടണ്ണോളം മണ്ണ് വേണം. അതിരുകളിൽ ഒാട കെട്ടാൻ കരിങ്കല്ലും അനുബന്ധ സാമഗ്രികളും തമിഴ്നാട്ടിൽ നിന്ന് എത്തിച്ചിരുന്നു.
യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാകുന്നില്ല
മഴ കാരണം പൈലിംഗ് പോലുള്ള പണികളും തടസപ്പെട്ടു. ഇലക്ട്രിക് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. വശങ്ങളിലെ ഒാടയിൽ വെള്ളം നിറഞ്ഞ് ഒഴുകുകയാണ്. കിഫ്ബിയുടെയും ഉൗരാളുങ്കലിന്റെയും പന്ത്രണ്ട് എൻജിനിയർമാരാണ് മേൽനോട്ടം വഹിക്കുന്നത്. മന്ത്രി വീണാജോർജ്, ജില്ലാ കളക്ടർ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്, വിവിധ വകുപ്പ് മേധാവികൾ എന്നിവരടങ്ങുന്ന സമിതി മാസംതോറും അവലോകന യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് നിർമാണം.
പദ്ധതിച്ചെലവ് : 47.93 കോടി
ആവശ്യമായ മണ്ണ് : 20,000 ടൺ
ഗുണനിലവാരമുള്ള മണ്ണ് ലഭിക്കാൻ വിവിധ സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മഴ മാറിയെങ്കിൽ മാത്രമേ പണികൾ കാര്യമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.
കെ.അനിൽകുമാർ,
സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |