വെട്ടിക്കുറച്ചത് രണ്ടു രൂപ
കൊല്ലം: എൽ.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് പ്രതിദിന ഉച്ചഭക്ഷണത്തിനുള്ള തുക എട്ടിൽ നിന്ന് ആറ് രൂപയായി വെട്ടിക്കുറച്ചതോടെ, മാസശമ്പളത്തിന്റെ പകുതി നഷ്ടമാകുന്ന അവസ്ഥയിലായി ഹെഡ്മാസ്റ്റർമാർ. യു.പി വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിഹിതം 8.17 രൂപയായി ഉയർത്തിയപ്പോഴാണ് എൽ.പി വിഹിതം വെട്ടിക്കുറച്ചത്.
സംസ്ഥാനത്തെ ഭൂരിഭാഗം എൽ.പി സ്കൂളുകളിൽ 100 ആണ് വിദ്യാർത്ഥികളുടെ ശരാശരി എണ്ണം. പുതിയ ഉത്തരവ് പ്രകാരം നൂറ് വിദ്യാർത്ഥികൾക്ക് ദിവസം ഉച്ചഭക്ഷണം തയ്യാറാക്കാൻ 600 രൂപയേ സർക്കാരിൽ നിന്നു ലഭിക്കുകയുള്ളൂ. നൂറ് കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കാൻ കുറഞ്ഞത് 1000 രൂപയെങ്കിലും ചെലവാകും. നേരത്തെ ശരാശരി 200 രൂപ കൈയിൽ നിന്നു ചെലവാക്കിയിരുന്നിടത്ത് ഇപ്പോൾ 400 രൂപ ദിവസം നഷ്ടമാകുന്ന അവസ്ഥയിലാണ് പ്രഥമാദ്ധ്യാപകർ.
കേന്ദ്ര സർക്കാരിന്റെ 2021ലെ പി.എം പോഷൺ പദ്ധതിയുടെ നിരക്ക് അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാർ എൽ.പി വിഭാഗം വിദ്യാർത്ഥികളുടെ വിഹിതം വെട്ടിക്കുറച്ചത്. എന്നാൽ യു.പി വിഭാഗത്തിന് പുതിയ നിരക്ക് ചെറിയ ആശ്വാസമാണ്. രണ്ട് വിഭാഗങ്ങൾക്കും മുട്ടയും പാലും നൽകാൻ പ്രത്യേക വിഹിതം അനുവദിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2016ൽ ഒഴിച്ചുകറിയും കൂട്ടാനും തയ്യാറാക്കാൻ അനുവദിച്ച തുകയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും പിന്നീട് സംസ്ഥാന സർക്കാർ അടിച്ചേൽപ്പിക്കുകയായിരുന്നു!
അദ്ധ്യാപകരുടെ ചിട്ടിക്കമ്പനി!
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള പണത്തിനായി പല സ്കൂളുകളിലും അദ്ധ്യാപകർ ചിട്ടി തുടങ്ങി. പദ്ധതിക്കുള്ള സർക്കാർ വിഹിതം മാസങ്ങളോളം വൈകുന്നതിനൊപ്പം അധികം ചെലവാകുന്ന തുക തുല്യമായി വഹിക്കാനും ആദ്യത്തെ ചിട്ടിത്തുക ഉച്ചഭക്ഷണ പദ്ധതിക്കായി നീക്കിവയ്ക്കുകയാണ്.
ആറ് രൂപയ്ക്ക് ചെയ്യേണ്ടത്
ഒഴിച്ചു കറിയും കൂട്ടാനും തയ്യാറാക്കാനുള്ള പച്ചക്കറിയും പലവ്യഞ്ജനവും
വിറക് ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശമുള്ളതിനാൽ പാചക വാതകം
സാധനങ്ങൾ എത്തിക്കുന്നതിനുള്ള യാത്രാക്കൂലി
2016ൽ നിശ്ചയിച്ച നിരക്ക്
150 കുട്ടികൾ വരെ: 8 രൂപ
151 മുതൽ 500 വരെ: 7 രൂപ
500 കുട്ടികൾക്ക് മുകളിൽ: 6 രൂപ
പുതിയ നിരക്ക്
എൽ.പി: 6 രൂപ
യു.പി: 8.17 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |