തൃശൂർ: തീരസുരക്ഷയുമായി ബന്ധപ്പെട്ട് യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളുടെ (ട്രോൾ ബോട്ടുകൾ, ഇൻബോർഡ് വള്ളങ്ങൾ) ഭൗതിക പരിശോധന നടത്തും. ചേറ്റുവ, മുനയ്ക്കകടവ് ഭാഗത്ത് ജൂലായ് 11, 12 തീയതികളിലും അഴീക്കോട് 17, 18 തീയതികളിലും രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് പരിശോധന. യാനങ്ങൾ ഇപ്പോൾ ആങ്കർ ചെയ്ത്/ബെർത്ത് ചെയ്തിരിക്കുന്ന സ്ഥലത്ത് തന്നെ നിറുത്തിയാൽ മതിയാകും. രജിസ്‌ട്രേഷൻ, ലൈസൻസ്/പെർമിറ്റ്, ഇൻഷ്വറൻസ് രേഖകൾ എന്നിവയുടെ അസലും ഓരോ പകർപ്പും സഹിതം യാന ഉടമകളോ അവരുടെ പ്രതിനിധികളോ ഹാജരായിരിക്കണം. രാജ്യസുരക്ഷ മുൻനിറുത്തി കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ ഇന്ത്യ മുഴുവൻ നടത്തുന്ന പരിശോധനയായതിനാൽ എല്ലാ യന്ത്രവത്കൃത മത്സ്യബന്ധന യാന ഉടമകളും തങ്ങളുടെ യാനം പരിശോധനയ്ക്ക് ഹാജരാക്കുന്ന കാര്യം ഉറപ്പുവരുത്തണം. മുനയ്ക്കകടവ്, ചേറ്റുവ ഹാർബർ, അഴീക്കോട് കേന്ദ്രീകരിച്ച് മത്സ്യബന്ധന യാന സേവന കൗണ്ടർ സംശയ നിവാരണങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനുമായി പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ ഉടമകളുടെ യാനം ഇതരജില്ലകളിൽ നിലവിലുണ്ടെങ്കിൽ, ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർക്ക് മുൻകൂട്ടി അപേക്ഷ നൽകിയാൽ അതത് ജില്ലകളിൽ തന്നെ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും.
നാല് ടീമുകൾ
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്.പോളിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നാല് ടീമായി തിരിച്ചാണ് പരിശോധന നടത്തുക. 'റിയൽ ക്രാഫ്റ്റ്' സോഫ്#റ്റ്വെയർ വഴിയാണ് മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസൻസും അനുവദിക്കുന്നത്. അപകടത്തിൽപെട്ടും കാലപ്പഴക്കം വന്നും മറ്റും പ്രവർത്തിക്കാത്തതായ യാനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലേക്ക് വിറ്റുപോയ യാനങ്ങൾ തുടങ്ങിയവ സോഫ്റ്റ്‌വെയറിന്റെ ഫ്‌ളീറ്റിൽ നിന്ന് യഥാസമയം ഒഴിവാക്കാത്തതിനാൽ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതലെണ്ണമാണ് കാണിക്കുന്നത്. ഇത് വിവിധ പദ്ധതി നിർവഹണത്തിനും തീരസുരക്ഷയ്ക്കും രാജ്യസുരക്ഷയ്ക്കും തടസമാകുന്നുണ്ട്. ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം മുൻനിറുത്തിയാണ് യാനങ്ങളുടെ യഥാർത്ഥ എണ്ണം കണക്കാക്കാനായി പരിശോധന നടത്തുന്നത്.
ഭൗതിക പരിശോധന നടത്തിയ യന്ത്രവത്കൃത ട്രോൾ ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ ഇറക്കാവൂ. എല്ലാ ബോട്ട് ഉടമകളും പരിശോധനയുമായി സഹകരിക്കണം.
കെ.വി.സുഗന്ധകുമാരി
ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |