ഫോർട്ട്കൊച്ചി: അന്തർദേശീയ സമകാലീന കലാപ്രദർശനമായ കൊച്ചി മുസരീസ് ബിനാലെ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് നിയമസഭയിൽ കെ. ജെ. മാക്സി എം.എൽ.എ. സബ്മിഷനിൽ ഉന്നയിച്ചു. ബിനാലെയുടെ പ്രധാന പ്രദർശന വേദിയായ ഫോർട്ടുകൊച്ചിയിലെ ആസ്പിൻവാൾ കെട്ടിടം ഉടമയായ ഡി.എൽ.എഫ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വിൽക്കാനുള്ള നീക്കത്തിലാണ്. 2024 ഡിസംബർ 14 ന് ഉദ്ഘാടനം ചെയ്യുന്ന ബിനാലെയുടെ 6 -ാം എഡിഷൻ സംഘടിപ്പിക്കാനാവില്ലെന്ന തീരുമാനത്തിലാണ് സംഘാടകരായ കൊച്ചി ബിനാലെ ഫൗണ്ടേഷൻ എത്തിച്ചേർന്നിരിക്കുന്നതെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. കൊച്ചി ബിനാലെ സംഘടിപ്പിക്കുന്നതിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രിക്കുവേണ്ടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മറുപടി പറഞ്ഞു. ബിനാലെയ്ക്ക് സ്ഥിരം വേദിക്കായി 1.61 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനായി 102.06 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ ഭരണാനുമതി നൽകിയിരുന്നു. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി കേരള ടൂറിസം ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |