കണ്ണൂർ: വീട്ടുവളപ്പിൽ വിഷരഹിത പച്ചക്കറി ഒരുക്കാനുള്ള കൃഷിവകുപ്പിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി", തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ് "പദ്ധതികളെ വേരുപിടിപ്പിക്കാതെ തുടർമഴ.
ആഗസ്റ്റിൽ കായ്ച്ചു തുടങ്ങേണ്ട പച്ചക്കറികളും സെപ്തംബർ ആദ്യവാരത്തിൽ പൂവിടേണ്ട ചെണ്ടുമല്ലി, ജമന്തി , വാടാർ മല്ലി ചെടികളുമാണ് കനത്ത മഴയിൽ പ്രതിസന്ധിയിലായത്.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വിത്തും തൈകളും നൽകിയിരുന്നു . എന്നാൽ വിത്തുകൾ കിളിർക്കാത്തതും തൈകൾ ചീയുന്നതുമാണ് പദ്ധതികൾ പാളുകയാണ് . ഓണ വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ കൂട്ടായ്മകൾ ഒരുക്കിയ പച്ചക്കറികൃഷിയും മഴക്കെടുതിയിക്കിരയാകുകയാണ്. മത്തൻ, ചീര എന്നിവ ചീയൽ രോഗം മൂലം കിളിർത്ത് ദിവസങ്ങൾക്കുള്ളിൽ അഴുകിനശിക്കുകയാണെന്നു കർഷകർ പറയുന്നു . പയർ, പാവൽ, കോവൽ,വെണ്ട, പടവലം, വെള്ളരി വിത്തുകൾ കിളിർക്കാതെ നശിക്കുകയാണ് മഴ ശമിച്ചാൽ വീണ്ടും വിത്തുകൾ നടാനുള്ള നീക്കത്തിലാണ് കർഷകർ. ഇവയുടെ വിളവെടുപ്പിന് ഓണക്കാലം കഴിയേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.
വഴുതന, മുരിങ്ങ, കറിവേപ്പില എന്നിവയിൽ പുഴുശല്യവും വ്യാപകമാണ്.നേന്ത്രവാഴ കൃഷിക്കും കനത്ത മഴ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഒരാഴ്ചയെങ്കിലും തുടർച്ചയായി വെയിൽ ലഭിച്ചാൽ മാത്രമെ നശിക്കാതെ ബാക്കിയായ പച്ചക്കറികളിൽ പ്രതീക്ഷയുള്ളുവെന്നും കർഷകർ പറയുന്നു.
പേടിക്കണം വിലക്കയറ്റത്തെ
കനത്ത മഴയും കാറ്റും മൂലം പച്ചക്കറിയടക്കമുള്ള കൃഷി വ്യാപകമായി നശിക്കുന്ന സാഹചര്യത്തിൽ ഓണക്കാലം വിലക്കയറ്റത്തിന്റെ പിടിയിലാകുമെന്നതാണ് ഭീഷണി.പ്രതിസന്ധിയിലാക്കി. ഇപ്പോൾ തന്നെ പച്ചക്കറി വില കുതിയ്ക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഓണത്തിന് പച്ചക്കറിക്ക് തീവില നൽകേണ്ടിവരും.
പൂ കൃഷിയിൽ നഷ്ടം തുടർക്കഥ
ജില്ലാ പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ണൂർ ജില്ലയിൽ പൂക്കൃഷി ഒരുക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ മഴ മാറിനിന്നതിനാൽ പദ്ധതി വെല്ലുവിളി നേരിട്ടിരുന്നു. ഇക്കുറിയും നഷ്ടം ആവർത്തിക്കുമോയെന്ന ആധി കർഷകർക്കുണ്ട്. പൂവിടുന്ന ഘട്ടത്തിൽ കനത്ത മഴ വന്നതാണ് അന്ന് കർഷകരെ തളർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |