തൊടുപുഴ: പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിനിരയായി മരിച്ച രാജ്കുമാറിന്റെ മൃതദേഹം നാളെ റീപോസ്റ്റ്മോർട്ടം ചെയ്തേക്കും. കോലാഹലമേട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം ജുഡിഷ്യൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് നാരായണകുറുപ്പിന്റെ സാന്നിദ്ധ്യത്തിൽ പുറത്തെടുക്കും. തുടർന്ന് വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന സംഘം പോസ്റ്റ്മോർട്ടം ചെയ്യും.
ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗുരുതര വീഴ്ചകളുണ്ടെന്നും റിപ്പോർട്ട് കേസ് അന്വേഷണത്തെ ഒരു രീതിയിലും സഹായിക്കില്ലെന്നുമായിരുന്നു ജുഡിഷ്യൽ കമ്മിഷന്റെ നിഗമനം. റീപോസ്റ്റ്മോർട്ടം ചെയ്യുന്ന കാര്യം സർക്കാർ ഗൗരവത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് നാരായണക്കുറുപ്പ് സർക്കാരിന് കത്ത് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആദ്യ റിപ്പോർട്ടിലെ വീഴ്ചകൾ
1. 22 പരിക്കുകൾ രാജ്കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പരിക്കുകളുടെ പഴക്കത്തെക്കുറിച്ച് സൂചനയില്ല. ജൂൺ 12ന് പൊലീസിന് കൈമാറുന്നതിന് മുമ്പ് രാജ്കുമാറിനെ നാട്ടുകാർ മർദ്ദിച്ചെന്ന പരാതിയിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തിരുന്നു. പീരുമേട് സബ് ജയിലിലും മർദ്ദനമേറ്റെന്ന് ആക്ഷേപമുണ്ട്. പരിക്കുകളുടെ പഴക്കം അറിഞ്ഞില്ലെങ്കിൽ ആരുടെ മർദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താനാകാതെ വരും
2. ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തിയില്ല. അതു ചെയ്തിരുന്നെങ്കിൽ ഭക്ഷണവും കുടിവെള്ളവും നൽകാതെ ക്രൂരമായി മർദ്ദിച്ചതിനും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതു മൂലമാണ് ന്യൂമോണിയ ഉണ്ടായതെന്നതിനും തെളിവ് ലഭിക്കുമായിരുന്നു
3. കസ്റ്റഡി മർദ്ദനത്തെ തുടർന്ന് മരിക്കുന്നവരെ പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഡോക്ടർമാരുടെ പ്രത്യേകസംഘം വേണമെന്ന നിയമവും പാലിച്ചില്ല. അസിസ്റ്റന്റ് പൊലീസ് സർജനൊപ്പം ഒരു പി.ജി വിദ്യാർത്ഥി മാത്രമാണ് പോസ്റ്റ്‌മോർട്ടത്തിനുണ്ടായിരുന്നത്.
''റീ പോസ്റ്റ‌്മോർട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ മൃതദേഹം പുറത്തെടുക്കും. മറ്റ് നടപടിക്രമങ്ങൾ ജുഡിഷ്യൽ കമ്മിഷനാണ് തീരുമാനിക്കുക."
- അതുൽ എസ്. നാഥ് (ഇടുക്കി ആർ.ഡി.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |