വൻ വരവേൽപ്പ്
വിയന്ന: ഓസ്ട്രിയയിലും യുദ്ധത്തിനെതിരെ കടുത്ത നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നും പ്രശ്‌നപരിഹാരം കണ്ടെത്തേണ്ടത് യുദ്ധ ഭൂമിയിലല്ലെന്നും മോദി പറഞ്ഞു. ഇന്നലെ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ചാൻസലർ കാൾ നെഹാമ്മറിനൊപ്പം നടന്ന സംയുക്ത പത്രസമ്മേളനത്തിനിടെ യുക്രെയിൻ, ഗാസ യുദ്ധങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എവിടെയായാലും നിരപരാധികൾ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യയും ഓസ്ട്രിയയും ചർച്ചകൾക്കും നയതന്ത്റത്തിനും ഊന്നൽ നൽകുന്നെന്നും മോദി പറഞ്ഞു. ഭീകരവാദത്തെ അംഗീകരിക്കാനാകില്ലെന്ന് ഇരുവരും പ്രതികരിച്ചു.
യുക്രെയിൻ - റഷ്യ സമാധാന പ്രക്രിയയിലേക്ക് ഇന്ത്യയുടെ പങ്ക് വളരെ വലുതാണെന്ന് നെഹാമ്മർ പറഞ്ഞു. ഇത്തരം നിഷ്പക്ഷ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയാറാണ്. ഇന്ത്യയുമായുള്ള ബന്ധം 1950കളിൽ ഉടലെടുത്തതാണെന്നും ഓസ്ട്രിയയുടെ സ്വാതന്ത്ര്യത്തിനായുള്ള 1955ലെ ഉടമ്പടിയെ ഇന്ത്യ പിന്തുണച്ചെന്നും അദ്ദേഹം ഓർമ്മിച്ചു. കഴിഞ്ഞ ദിവസം റഷ്യയിൽ വച്ചും മോദി യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
നിക്ഷേപത്തിന് ക്ഷണം
ഇന്ത്യയിൽ നിക്ഷേപം നടത്താൻ മോദി ഓസ്ട്രിയൻ കമ്പനികളെ ക്ഷണിച്ചു. ആഭ്യന്തര, ആഗോള വിപണികൾക്കായി മേയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഉത്പാദനത്തിനായി ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം പ്രയോജനപ്പെടുത്താം. ഡിജിറ്റൽ വികസനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങൾക്കും സംയുക്ത ഹാക്കത്തൺ നടത്താമെന്ന നിർദ്ദേശവും ഇന്ത്യൻ, ഓസ്ട്രിയൻ സി.ഇ.ഒമാർ പങ്കെടുത്ത ബിസിനസ് യോഗത്തിൽ മോദി മുന്നോട്ടുവച്ചു.
സഹകരണ കരാർ
ഓസ്ട്രിയൻ, ഇന്ത്യൻ സാങ്കേതിക സർവകലാശാലകൾ തമ്മിലുള്ള സുപ്രധാന സഹകരണ കരാറിന് അന്തിമരൂപം നൽകുമെന്ന് നെഹാമ്മർ വ്യക്തമാക്കി. ഇതിലൂടെ ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം ഗണ്യമായി ശക്തിപ്പെടുത്തും.
വൈറലായി സെൽഫി
നരേന്ദ്ര മോദിയെ സ്വീകരിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്ന് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മർ. നെഹാമ്മർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച മോദിക്കൊപ്പമുള്ള സെൽഫി വൈറലാവുകയും ചെയ്തു. 41 വർഷത്തിന് ശേഷം ഓസ്ട്രിയയിലെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
1983ൽ ഇന്ദിര ഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദർശിച്ചത്. റഷ്യൻ സന്ദർശനത്തിന് ശേഷം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെയാണ് മോദി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെത്തിയത്. വിദേശകാര്യ മന്ത്രിയും മുൻ ചാൻസലറുമായ അലക്സാണ്ടർ ഷാലൻബർഗ് വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു.
തുടർന്ന് നെഹാമ്മർ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തു. ഓസ്ട്രിയൻ സംഗീത സംഘം വന്ദേ മാതരം അവതരിപ്പിച്ചുകൊണ്ട് മോദിയെ വരവേറ്റു. ഓസ്ട്രിയൻ സന്ദർശനം പ്രത്യേകതയുള്ളതാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെയും ഓസ്ട്രിയയുടെയും മൂല്യങ്ങളും മികച്ച ലോകത്തിനായുള്ള പ്രതിബന്ധതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായും വ്യക്തമാക്കി.
ഇന്നലെ രാവിലെ വിയന്നയിലെ ഫെഡറൽ ചാൻസലറിയിൽ മോദിക്ക് ഔപചാരിക വരവേൽപ്പ് നൽകി.
തുടർന്ന് നടന്ന ഉന്നതതല ചർച്ചയിലും പത്രസമ്മേളനത്തിലും ഇന്ത്യൻ, ഓസ്ട്രിയൻ ബിസിനസ് തലവൻമാർ പങ്കെടുത്ത യോഗത്തിലും മോദിയും നെഹാമ്മറും പങ്കെടുത്തു.
ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത ശേഷം അർദ്ധ രാത്രിയോടെ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |