തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ആദ്യ പത്ത് റാങ്കുകളും ആൺകുട്ടികൾക്ക്. ആലപ്പുഴ ഇരുമ്പുപാലം ചന്ദനക്കാവ് 'മന്ദാരം' വീട്ടിൽ പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. (സ്കോർ-591.6145). മലപ്പുറം പൊന്നിയാകുറിശ്ശി എലിക്കോട്ടിൽ വീട്ടിൽ ഹഫീസ് റഹ്‌മാൻ എലിക്കോട്ടിൽ രണ്ടും (സ്കോർ-591.6145) പാലാ സെന്റ് തോമസ് പ്രസ്സ് റോഡ് സാന്റാമരിയ അപാർട്ട്‌മെന്റിൽ അലൻ ജോണി അനിൽ മൂന്നും (സ്കോർ-591.6145) റാങ്ക് നേടി. പരീക്ഷയെഴുതിയ 79044പേരിൽ 58340പേർ യോഗ്യത നേടി. 52500 പേർ റാങ്ക്പട്ടികയിലുണ്ട്. ഇതിൽ 27854ആൺകുട്ടികളും 24646 പെൺകുട്ടികളുമുണ്ട്. നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി ആർ.ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്.
പട്ടികജാതി വിഭാഗത്തിൽ മാവേലിക്കര തഴക്കര വഴുവടി കൽപ്പക സാം വില്ലയിൽ ധ്രുവ് സുമേഷ് ഒന്നും കാസർകോട് നീലേശ്വരം സാജ് നിവാസിൽ ഹൃദിൻ എസ് ബിജു രണ്ടും റാങ്ക് നേടി.
പട്ടികവർഗ്ഗ വിഭാഗത്തിൽ തൊടുപുഴ കുടയത്തൂർ എല്ലക്കാട്ട് ഹൗസിൽ അഭിജിത് ലാൽ ഒന്നും കോട്ടയം മേലുകാവുമറ്റം കുന്നുംപുറത്ത് ആൻഡ്രൂ ജോസഫ് സാം രണ്ടും റാങ്കുനേടി. കഴിഞ്ഞ വർഷത്തേക്കാൾ 4261പേർ യോഗ്യതനേടി. റാങ്ക് പട്ടികയിലും 2829 പേരുടെ വർദ്ധനവുണ്ട്. പരീക്ഷയെഴുതി യോഗ്യത നേടിയ ചെയ്ത ഏക ട്രാൻസ്ജെൻഡർ വ്യക്തിക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടാനായില്ല.
ആദ്യ നൂറിൽ
13 പെൺകുട്ടികൾ
ആദ്യ നൂറ് റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ഇതിൽ 75 പേർ ഒന്നാം ചാൻസുകാരാണ്. 25 പേർ രണ്ടാം വട്ടം പരീക്ഷയെഴുതിയവർ. കേരള സിലബസിലെ 2034, സി.ബി.എസ്.ഇയിലെ- 2785, സി.ഐ.എസ്.ഇയിലെ- 162 കുട്ടികൾ ആദ്യ 5000 റാങ്കിൽ ഉൾപ്പെട്ടു. സി-ഡിറ്റിന്റെ സോഫ്‌റ്റ്‌വെയറുപയോഗിച്ച് ആദ്യമായി നടത്തിയ ഓൺലൈൻ പരീക്ഷയാണിത്. പരീക്ഷകഴിഞ്ഞ് ഒരുമാസമായപ്പോഴാണ് ഫലം പ്രസിദ്ധീകരിച്ചത്. ഓൺലൈൻ പ്രവേശന പരീക്ഷ തുടരുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |