സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെ മുടങ്ങിക്കിടക്കുന്ന അനവധി ആനുകൂല്യങ്ങൾ സമയബന്ധിതമായി കൊടുത്തുതീർക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവന ഒരു പരിധിവരെ ആശ്വാസകരമാണ്. ആനുകൂല്യങ്ങൾക്കായി മാസങ്ങളായി കാത്തിരിക്കുന്നവർക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു നേരിട്ട കനത്ത തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന് സാധാരണക്കാർക്കുള്ള ആനുകൂല്യങ്ങളിൽ വീഴ്ച വരുത്തിയതാണെന്ന് കരുതപ്പെടുന്നു. പാർട്ടി തലങ്ങളിലുള്ള വിലയിരുത്തലുകളിലും ഇക്കാര്യം ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്താൻ മുഖ്യമന്ത്രി നിർബന്ധിതനായത്. ക്ഷേമപെൻഷനുകളിൽ കുടിശ്ശിക വന്നത് കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട വിഹിതത്തിൽ വന്ന കുറവു കാരണമാണെന്ന വാദമുണ്ടെങ്കിലും അത് പൂർണമായും വസ്തുതകൾക്ക് നിരക്കുന്നതല്ല.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ക്ഷേമപെൻഷനുകളും മാസങ്ങളായി മുടങ്ങിയിട്ടുണ്ട്. ഇവയിൽ പലതും തൊഴിലാളികൾ മാസാമാസം മുടങ്ങാതെ അംശാദായം അടച്ചുകൊണ്ടിരിക്കുന്നവയുമാണ്. ക്ഷേമപെൻഷനുകളുടെ കാര്യത്തിൽ മാത്രമല്ല സർക്കാരിൽ നിന്ന് ലഭിക്കാനുള്ള മിക്കവാറും എല്ലാ പേമെന്റുകളും കുടിശ്ശികയാണ്. കേന്ദ്രം വെട്ടിക്കുറച്ചുവെന്നു പറയുന്ന മുഴുവൻ തുകയും ലഭിച്ചാലും കൊടുത്തുതീർക്കാവുന്നതല്ല ഓരോ വിഭാഗത്തിനുമുള്ള കുടിശ്ശിക. അങ്ങനെ നോക്കുമ്പോൾ മുഖ്യമന്ത്രി ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ള സമയബന്ധിത നടപടി എത്രത്തോളം വിജയപ്രാപ്തിയിലെത്തുമെന്ന് ഇപ്പോൾ പറയാനാവില്ല. സാമൂഹ്യക്ഷേമ പെൻഷനിൽ അഞ്ചു മാസത്തെ കുടിശ്ശികയാണുള്ളത്. ഇതിൽ രണ്ടു മാസത്തെ കുടിശ്ശികയായ 3200 രൂപ ഈ സാമ്പത്തിക വർഷം തന്നെ നൽകുമെന്നാണാണ് വാഗ്ദാനം. ശേഷിക്കുന്ന 4800 രൂപ അടുത്ത സാമ്പത്തിക വർഷവും. ഇനിയുള്ള ഓരോ മാസവും കൃത്യമായി പെൻഷൻ വിതരണം നടന്നാലേ ഇനി കുടിശ്ശിക ഉണ്ടാകാതിരിക്കുകയുള്ളൂ എന്ന് ഓർക്കണം.
ക്ഷേമനിധി ബോർഡുകൾ വരുത്തിയിട്ടുള്ള കുടിശ്ശിക തീർക്കാൻ പ്രത്യേക ഉത്തരവിറക്കാനാണ് തീരുമാനം. അംശാദായം അടച്ച് പെൻഷനായി കാത്തിരിക്കുന്നവരെ കഷ്ടപ്പെടുത്താതിരിക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതായിരുന്നു. നിർദ്ധനരായ രോഗികൾക്കുള്ള ആനുകൂല്യം പോലും നൽകാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. സർക്കാർ ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിലാണെന്നത് രഹസ്യമൊന്നുമല്ല. സംസ്ഥാനത്തിന്റെ തനതു വരുമാനത്തിൽ 65 ശതമാനം വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് ധനമന്ത്രിയുടെ വെളിപ്പെടുത്തൽ. എല്ലാത്തരം സർക്കാർ സേവനങ്ങൾക്കും ഫീസ് കൂട്ടിക്കഴിഞ്ഞു. വൈദ്യുതി, വെള്ളം, ഗതാഗതം തുടങ്ങി സർവതിനും നിരക്ക് ഗണ്യമായി ഉയർത്തിയിട്ടുണ്ട്. സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാനാണ് പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കിൽ സെസ്സ് ചുമത്തിയത്. എന്നാൽ ക്ഷേമപെൻഷൻ മുടങ്ങിക്കിടക്കുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള ഫണ്ട് പോലും യഥാകാലം നൽകാൻ കഴിയുന്നില്ല.
വരാനിരിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിലും കൃപാകടാക്ഷമില്ലെങ്കിൽ മുഖ്യമന്ത്രി നിയമസഭയ്ക്കു നൽകിയ ഉറപ്പുകൾ എത്രത്തോളം പാലിക്കാൻ കഴിയുമെന്ന് നിശ്ചയമില്ല. ധനകാര്യ നടത്തിപ്പിലെ വീഴ്ച വിദഗ്ദ്ധന്മാർ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മുൻഗണനാക്രമം നിശ്ചയിക്കുന്നതിലെ പാളിച്ചകളും ധൂർത്തും പാഴ്ച്ചെലവുകളുമൊക്കെ മാറ്റമില്ലാതെ തുടർന്നാൽ സർക്കാർ കൂടുതൽ ഞെരുക്കത്തിലാകുമെന്നതിൽ സംശയം വേണ്ട. ശമ്പള പരിഷ്കരണത്തെപ്പറ്റി നിയമസഭാ പ്രസ്താവനയിൽ മുഖ്യമന്ത്രി മൗനം പാലിച്ചതിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്. അഞ്ചുവർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണമാണ് സംസ്ഥാനത്തെ വലിയതോതിൽ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്ന സത്യം മറക്കരുത്. കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പത്തുവർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം. ഇവിടെ അഞ്ചുവർഷം കൂടുമ്പോൾ അതു വേണമെന്നു ശഠിക്കുന്നത് ശരിയാണോ എന്ന് സംഘടനകൾ ചിന്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |