കാഞ്ഞങ്ങാട് : അനധികൃത അടയ്ക്ക ഇറക്കുമതി തടയേണ്ടത് കേന്ദ്രസർക്കാരാണെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് .അനധികൃത ഇറക്കുമതി, മഞ്ഞളിപ്പ് രോഗം എന്നിവ മൂലം അടയ്ക്ക കർഷകർ നേരിടേണ്ടിവരുന്ന പ്രതിസന്ധി സംബന്ധിച്ച് ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
രാജ്യത്തെ അടക്ക ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്താണ് കേരളം.സംസ്ഥാനത്ത് 94085 ഹെക്ടർ സ്ഥലത്ത് കമുക് കൃഷിചെയ്യുന്നുണ്ട്.
ഉത്തരകേരളത്തിലെ പ്രധാന വിളകളിലൊന്നുമാണിത്. ഇറക്കുമതി മൂലം അടയ്ക്ക വിലയിൽ കുറവുണ്ടാവുകയും ഉൽപാദന ചെലവിന് അനുസരിച്ച് വില ലഭ്യമാകാതെ വരുന്നതുമാണ് പ്രധാന പ്രശ്നം. 2019-20 മുതൽ 2022-23 വരെയുള്ള അഞ്ചുവർഷക്കാലം വൻവർദ്ധനമാണ് ഇറക്കുമതിയിൽ ഉണ്ടായിട്ടുള്ളത്.2019 20ൽ 16761 മെട്രിക് ടണ്ണും 2022 23ൽ 7 3 9 8 2 മെട്രിക് ടണ്ണുമാണിത്.
2023 24 കാലയളവിൽ അനധികൃതമായി ഇറക്കുമതി ചെയ്യാൻ ശ്രമിച്ച 6760. 8 മെട്രിക് ടൺ അടയ്ക്ക പിടിച്ചെടുത്തതായി റിപ്പോർട്ട് ഉണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് മുഖേന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസാണ് അനധികൃത ഇറക്കുമതിക്കെതിരെ നടപടിയെടുക്കേണ്ടത്. അനധികൃത ഇറക്കുമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പ്രസ്തുത ഏജൻസിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രോഗബാധ ഗൗരവതരം
വടക്കൻ ജില്ലകളിൽ മഞ്ഞളിപ്പ് ഉൾപ്പെടെയുള്ള രോഗങ്ങൾ മൂലം കമുക് കൃഷിയിൽ പ്രതിസന്ധിയുണ്ട്. മഞ്ഞളിപ്പ് രോഗത്തെക്കുറിച്ച് കേരള കാർഷിക സർവകലാശാലയും കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും പഠനം നടത്തി പരിപാലനമുറകൾ സംബന്ധിച്ച് ശുപാർശ നൽകിയിട്ടുമുണ്ട്.യഥാസമയം ജലസേചനവും പോഷകപരിപാലനവും നടത്തുക, രോഗബാധ നിരീക്ഷിക്കുക , മണ്ണിന്റെ പിഎച്ച് മൂല്യം ന്യൂട്രലായി നിലനിർത്തുക, രോഗം ഗുരുതരമായി ബാധിച്ച തോട്ടങ്ങളിൽ നിന്ന് എല്ലാ കമുകുകളും മുറിച്ചു മാറ്റുക, മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളം പ്രയോഗിക്കുക, നല്ല കാർഷിക രീതികളും പിന്തുടരുക എന്നിങ്ങനെയുള്ള പ്രതിരോധമാർഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |