തൃശൂർ : മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പ്രവർത്തിക്കുന്ന കാൻസർ വിഭാഗത്തിൽ സങ്കീർണമായ ശസ്ത്രക്രിയകൾക്ക് ശേഷം രോഗികൾക്ക് കൂടുതൽ സുരക്ഷിതമായ പരിചരണം നൽകുന്ന ഹൈ ഡിപെൻഡൻസി യൂണിറ്റിന് തുടക്കം. വൻകിട ആശുപത്രികളിലേത് പോലുള്ള അത്യാധുനിക സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികൾക്ക് തീവ്രപരിചരണ വിഭാഗത്തിലാണ് പരിചരണം. എന്നാൽ ഐ.സി.യുവിലേക്ക് മാറ്റും മുമ്പ് ഒന്നോ രണ്ടോ ദിവസം കൃത്യമായ നിരീക്ഷണം ആവശ്യമാണ്. ഇതിനായാണ് ഹൈ ഡിപെൻഡൻസി യൂണിറ്റ് സജ്ജമാക്കുന്നത്. കുറഞ്ഞചെലവിൽ ആ സൗകര്യം ഇനി ഈ യൂണിറ്റിൽ ലഭ്യമാകും.
സർജിക്കൽ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ തിയേറ്ററും, വാർഡും, ഐ.സി.യുവും സജ്ജീകരിച്ചെങ്കിലും, ഫണ്ടിന്റെ അഭാവം മൂലം ഹൈ ഡിപെൻഡൻസി യൂണിറ്റ് സജ്ജീകരിച്ചിരുന്നില്ല. സങ്കീർണമായ ശസ്ത്രക്രിയകൾ ആത്മവിശ്വാസത്തോടെ ചെയ്യാൻ എച്ച്.ഡി.യു അനിവാര്യമാണ്. ആവശ്യമായ യന്ത്രങ്ങളും മറ്റും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് സജ്ജമാക്കിയത്. 36 ലക്ഷമാണ് സജ്ജീകരിച്ചിട്ടുള്ളത്. ആറ് കിടക്കകളുള്ള യൂണിറ്റാണ് പ്രവർത്തനം ആരംഭിച്ചത്. യൂണിറ്റിന്റെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.ഷഹന ഖാദർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.അശോകൻ, ഡോ.സി.രവീന്ദ്രൻ, ഡോ.ശരത് കെ.കൃഷ്ണൻ, ഡോ.നോനം ചെല്ലപ്പൻ, ഡോ.കെ.എൻ.രാധാകൃഷ്ണൻ, ടി.എൽ.ലിസി, കെ.കെ.ഷീജ, ഡോ.സഹീർ എന്നിവർ പങ്കെടുത്തു.
അമ്പതോളം ശസ്ത്രക്രിയകൾ
കാൻസർ വിഭാഗത്തിൽ മാസത്തിൽ അമ്പതിലേറെ ശസ്ത്രക്രിയകളാണ് നടക്കുന്നത്. ഇതിൽ പകുതിയോളം അതിസങ്കീർണമായ ശസ്ത്രക്രിയകളാണ്. സ്വകാര്യ ആശുപത്രികളിലും മറ്റും ഇത്തരം ശസ്ത്രക്രിയകൾ നടത്തിയാൽ നേരെ ഹൈ ഡിപെൻഡൻസി യൂണിറ്റിലേക്കാണ് മാറ്റുക. ദിനംപ്രതി ആയിരക്കണക്കിന് രൂപയാണ് ഈ സേവനത്തിന് ഈടാക്കുക.
കാൻസർ വിഭാഗത്തിന് നവീന മുഖം
ഓരോ മാസവും ശരാശരി 300ൽ ഏറെ പുതിയ രോഗികൾ
കീമോ അടക്കമുള്ള ഭൂരിഭാഗം ചികിത്സാ സൗകര്യം
കഴിഞ്ഞവർഷം മാത്രമെത്തിയത് 4,500 ഓളം പേർ
പുതിയ സംവിധാനം സാധാരണക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ആവശ്യമായ മരുന്നുകളുമുണ്ട്.
ഡോ.ഷഹന ഖാദർ
സൂപ്രണ്ട്, നെഞ്ചുരോഗാശുപത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |