സർവ ജ്ഞാനത്തേയും പ്രവഹിപ്പിക്കുന്ന പരമാത്മാവ് അഥവാ ശുഭാനന്ദം ഒരു മനുഷ്യശരീരത്തെ സ്വീകരിച്ചതതത്രേ ആത്മബോധോദയ സംഘം സ്ഥാപിച്ച ശുഭാനന്ദ ഗുരുദേവൻ. കലിയുഗ വിശേഷത്താൽ ഖഡ്ഗ്യാവതാരം സംഭവിക്കുമെന്ന് പുരാണങ്ങൾ ഉദ്‌ഘോഷിച്ചതുപോലെ ഖഡ്ഗി അവതാരമാണ് ഇവിടെ സംഭവിച്ചതത്രേ. ജ്ഞാനഖഡ്ഗമാണ് ഇവിടെ ആയുധം. അജ്ഞാനികളെ സംഹരിക്കലല്ല, അജ്ഞാനത്തെ സംഹരിക്കുന്നതാണ് ഖഡ്ഗ്യാവതാര ധർമ്മം.
അറിവില്ലായ്മയുടെ ആഴങ്ങളിൽ കഴിഞ്ഞിരുന്ന മനുഷ്യരെ ജ്ഞാനത്തിന്റെ കരങ്ങളാൽ ഉയർത്തിയെടുത്ത്,ജ്ഞാനാഭിഷേകത്താൽ ശുദ്ധീകരിച്ച് അവനവനെത്തന്നെ അറിയുന്ന അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു ശുഭാനന്ദ ഗുരു. 1057 മേടമാസം 17-നായിരുന്നു ശുഭാനന്ദ ഗുരുദേവന്റെ ലോകപ്രവേശം. അറുപത്തിയൊമ്പത് വയസു വരെ അദ്ദേഹം ലോകധർമ്മം നിർവഹിക്കുകയും ചെയ്തു. താൻ മരണമോ മാറ്റമോ ഇല്ലാത്തതാണെന്നും, ലോകാന്ത്യം വരെ ശരീരങ്ങളെ മാറിമാറി സ്വീകരിക്കുമെന്നുമുള്ള ഗുരുകല്പന നിറവേറ്റിക്കൊണ്ട്, ആ ശരീരം ഉൾപ്രവേശം ചെയ്തതത്രേ ആനന്ദജീ ഗുരുദേവൻ.
1924 ജൂലായ് 17-ന് മാവേലിക്കര ചെറുകോൽ വാലിൽ തെക്കേതിൽ കൃഷ്ണൻ- അമ്മിണി ദമ്പതികളുടെ മകനായി പിറന്ന രാഘവനാണ് പിൽക്കാലത്ത് ആനന്ദജീ ഗുരുദേവനായി മാറിയത്. പതിനൊന്നാം വയസിൽ ഒരു പ്രാർത്ഥനായോഗത്തിൽ വച്ച് കാഷായവസ്ത്രം നൽകിയ ശേഷം ഗുരു, 'എനിക്കു പകരമായി ഈ കുഞ്ഞിനെ ശുഭാനന്ദാശ്രമത്തിലേക്ക് നേർച്ചയായി സ്വീകരിച്ചിരിക്കുന്നു" എന്ന് പ്രവചിച്ചതായാണ് വിശ്വാസം.
ശുഭാനന്ദാദർശത്തിന്റെ അമരക്കാരനായി മാറിയ ആനന്ദജീ ഗുരുദേവൻ മാവേലിക്കര ചെറുകോൽ ശുഭാനന്ദാശ്രമ അധിപതിയാവുകയും പിന്നീട് ശ്രീശുഭാനന്ദ ട്രസ്റ്റിന്റെ സ്ഥാപകനാവുകയും ചെയ്തു. മാറാവ്യാധികളും തീരാത്ത ദോഷങ്ങളുമായി സമാശ്വാസം തേടിനടന്നിരുന്നവർ ശുഭാനന്ദാശ്രമത്തിൽ അഭയം തേടിയെത്തിത്തുടങ്ങി. ഇരുപത്തിയാറ് സംവത്സരംകൊണ്ട് ആത്മബോധോദയ സംഘത്തേയും ശുഭാനന്ദാദർശത്തേയും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കാൻ അദ്ദേഹത്തിനായി.
ആനന്ദജീ ഗുരുദേവന്റെ ജന്മനക്ഷത്ര ശതാബ്ദി ആഘോഷങ്ങളാണ് കഴിഞ്ഞ വർഷം ആഗസ്റ്ര് ഒന്നിന് സർവജ്ഞാനോത്സവം എന്ന പേരിൽ ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ വച്ച് ആശ്രമ മാനേജിംഗ് ട്രസ്റ്റിയായ ദേവാനന്ദ ഗുരുദേവന്റെ അനുഗ്രഹത്തിലും മഹനീയ സാന്നിദ്ധ്യത്തിലും ആരംഭിച്ചത്. മഹോത്സവത്തിന്റെ ലോഗോ പ്രകാാശനം ചെയ്തത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നു. കേരളത്തിനു പുറമേ ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായുള്ള ആശ്രമങ്ങളിലും സഭകളിലും മഹോത്സവത്തോടനുബന്ധിച്ച് അമ്പതിലധികം സർവജ്ഞാനോത്സവ ആഘോഷങ്ങളും, ഇരുന്നൂറ്റി അൻപതിൽപ്പരം സമ്മേളനങ്ങളും ഘോഷയാത്രകളും പ്രകാശയാത്രയും സംഘടിപ്പിക്കുകയുണ്ടായി.
ഈ സർവജ്ഞാന ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ആത്മബോധോദയ സംഘത്തിന്റെ കേന്ദ്ര സ്ഥാപനമായ മാവേലിക്കര ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ ജൂലായ് 12 മുതൽ വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. വിവിധ വിഷയങ്ങളിൽ സംഘടിപ്പിച്ച സെമിനാറുകളിൽ സമീപ പ്രദേശങ്ങളിലുള്ള സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളും അദ്ധ്യാപക പ്രതിഭകളും പങ്കെടുത്തു. ഇന്ന് (ജൂലായ് 21) നടക്കുന്ന ജന്മനക്ഷത്ര സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |