തിരുവനന്തപുരം: പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത ആലപ്പുഴ അരീക്കുറ്റി സ്വദേശി കെ.എ.പി അരീക്കുറ്രിയെന്ന കെ.എ. പത്മനാഭൻ (96) വെള്ളിയാഴ്ച രാത്രി അന്തരിച്ചു. തിരുവനന്തപുരം ചാക്ക കരിക്കകത്തെ വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ രത്നാവതി നേരത്തെ നിര്യാതയായി. മക്കളില്ല.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പൊതുപ്രവർത്തകൻ ചാക്ക മദനന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കരിച്ചു. കൗമാരകാലത്താണ് പദ്മനാഭൻ സമരത്തിനിറങ്ങിയത്. പൊലീസ് പിടികൂടുമെന്നായപ്പോൾ മുഹമ്മയിൽ നിന്നു തൊണ്ടുമായി പുറപ്പെട്ട വളളത്തിൽ കയറി ചാക്കയിലെത്തുകയായിരുന്നു. 2013 ജൂലായ് 14ന് പ്രസിദ്ധീകരിച്ച വാരാന്ത്യകൗമുദിയിലൂടെയാണ് കെ.എ.പിയെ കുറിച്ച് പുറംലോകം അറിഞ്ഞത്. ലോട്ടറിവിറ്റായിരുന്നു അദ്ദേഹം ഉപജീവനം നടത്തിയിരുന്നത്.
കുചേലനെപ്പോലെ വി.എസിനു മുന്നിലെത്തിയ കെ.എ.പി
കോവളം സതീഷ്കുമാർ
തിരുവനന്തപുരം: പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കാൻ വീടുവിട്ടിറങ്ങിയ പയ്യൻ. ഒടുവിൽ പൊലീസിന്റെ മർദ്ദനത്തിൽ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ആലപ്പുഴ മുഹമ്മയിൽ നിന്നു വള്ളത്തിൽ കയറി എത്തിയത് തിരുവനന്തപുരത്ത് ചാക്കയിൽ. ഇവിടെ എത്തിയ ശേഷവും പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടി നാടകാവതരണങ്ങൾ. ഒടുവിൽ വാടക വീട്ടിൽ കെ.എ.പി. അരീക്കുറ്റിയെന്ന കെ.എ.പദ്മനാഭന്റെ ജീവിതത്തിന് തിരശ്ശീല.
പുന്നപ്ര വയലാർ സമരമുഖത്തു വച്ച് വി.എസ്. അച്യുതാനന്ദനെ കണ്ടശേഷം പിന്നെ കെ.എ.പി. അരീക്കുറ്റി വി.എസിനെ കാണുന്നത് 85-ാം വയസിലാണ്. അന്ന് സംസാരത്തിനിടയിൽ വി.എസിനോട് കെ.എ.പി പറഞ്ഞു ശ്രീകൃഷ്ണനെ കാണാൻ പോയ കുചേലനെപ്പോലെയാണ് ഞാൻ വന്നത്. അത് കേട്ടപ്പോൾ വി.എസിനു ചിരിവന്നു
''ശ്രീകൃഷ്ണനെ കണ്ടപ്പോൾ കുചേലന്റെ ദാരിദ്ര്യം മാറി. അതുപോലത്തെ മാജിക്കൊന്നും എനിക്കറിയില്ല.''
''എനിക്കൊന്ന് കാണണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. നേടണമെന്ന് ആഗ്രഹമില്ല.'' കെ.എ.പി. അരീക്കുറ്റിയുടെ മറുപടി. പിന്നെ അവർ പുന്നപ്ര വയലാർ സമരത്തെപ്പറ്റി സംസാരിച്ചിരുന്നു- ഇത് സംഭവിച്ചത് 2013 ജൂലായ് 19നായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് നിമിത്തമായത് കേരളകൗമുദിയും.
ജൂലായ് 14നു പുറത്തിറങ്ങിയ വാരന്ത്യകൗമുദിയിലാണ് വി.എസിനെ കാണണമെന്ന മോഹം കെ.എ.പി വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തും പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ കെ.എ.പി നാടകങ്ങൾ അവതരിപ്പിച്ചതും മറ്റും വാരന്ത്യകൗമുദിയിൽ വായിച്ചറിഞ്ഞ വി.എസ് കെ.എ.പിയെ കുറിച്ച് അന്വേഷിച്ചു. നിത്യവൃത്തിക്കായി ചാക്കയിൽ ലോട്ടറി കച്ചവടം നടത്തുന്ന പദ്മനാഭനെ അങ്ങോട്ടുപോയി കാണാനായിരുന്നു വി.എസിന്റെ തീരുമാനം. എന്നാൽ കാലാവസ്ഥ മോശമായതിനാൽ പലപ്പോഴും മാറ്റിവച്ചു. പിന്നീട് കന്റോൺമെന്റ് ഹൗസിലേക്ക് വി.എസ് അദ്ദേഹത്തെ ക്ഷണിച്ചു. പേട്ട മിനർവ പ്രസിന്റെ ഉടമ വിമൽ മിനർവയ്ക്കൊപ്പമായിരുന്ന കൂടിക്കാഴ്ച. സംസാരത്തിനിടയിൽ വി.എസ് ചോദിച്ചു. ഇപ്പോൾ പാർട്ടിയിൽ പ്രവർത്തിക്കാത്തത് എന്ത്? അന്നത്തെ പാർട്ടിയല്ല, ഇന്നത്തെ പാർട്ടി. ഇപ്പോഴത്തെ പാർട്ടിനയങ്ങളോട് യോജിക്കാനാകാത്തതുകൊണ്ട് ഞാൻ പാർട്ടി പ്രവർത്തനം വേണ്ടെന്നു വച്ചു.
പതിനെട്ടാം വയസിൽ വയലാർ സമരത്തിൽ പങ്കെടുത്ത കയർതൊഴിലാളിയായിരുന്നു ആലപ്പുഴ അരീക്കുറ്റി ഗ്രാമത്തിലെ കെ.എ.പദ്മനാഭൻ. പുന്നപ്ര- വയലാർ സമരനായകനായ വി.എസ് വയലാർ സമരകാലത്ത് അവിടെ എത്തിയപ്പോൾ നേരിൽ കണ്ടതാണ്. പിന്നീട് പാർട്ടി നേതൃസ്ഥാനത്തേക്കും മുഖ്യമന്ത്രി പദവിയിലേക്കും വി.എസ് നടന്നു കയറിയപ്പോൾ സന്തോഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |