മനോളോ മാർക്വെസ് ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ,
എഫ്.സി ഗോവയുടെ പരിശീലകനായി തുടരുകയും ചെയ്യാം
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലകനായി ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയുടെ സ്പാനിഷ് കോച്ച് മനോളോ മാർക്വെസിനെ നിയമിച്ചു. ഇന്നലെ നടന്ന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയോഗത്തിലാണ് ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ചിന്റെ പകരക്കാരനായി മനോളൊയെ തിരഞ്ഞെടുത്തത്.
അതേസമയം ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനൊപ്പം എഫ്.സി ഗോവയുടെ പരിശീലകനായി തുടരാൻ മനോളൊയ്ക്ക് എ.ഐ.എഫ്.എഫ് അനുവാദം നൽകിയിട്ടുണ്ട്. ഈ വിചിത്രമായ അനുവാദം വിവാദമായിട്ടുണ്ട്. ഇതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. 2024-25 ഐ.എസ്.എൽ സീസണിലും മനോളൊയായിരിക്കും ഗോവയുടെ പരിശീലകൻ.സ്പെയിനിലെ ബാഴ്സലോണ സ്വദേശിയാണ് മനോളൊ.
ഡൽഹിയിലെ ഫുട്ബാൾ ഹൗസിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാണ് ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, മെമ്പർമാർ, എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മാർക്വേസിനെ ദേശീയ ടീം പരിശീലകനാകാൻ വിട്ടുനൽകിയതിന് കല്യാൺ ചൗബേ എഫ്.സി. ഗോവയ്ക്ക് നന്ദിയറിയിച്ചു.
സ്റ്റിമാച്ചിന്റെ പിൻഗാമി
ഇന്ത്യൻ ഫുട്ബാൾ ടീം 2026 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലെത്താതെ പുറത്തായതിന് പിന്നാലെ കഴിഞ്ഞ ജൂൺ 17നാണ് സ്റ്റിമാച്ചിനെ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീക സ്ഥാനത്ത് നിന്ന് നീക്കിയത്.
2020 മുതൽ ഇന്ത്യയിൽ
പ്രമുഖ സ്പാനിഷ് ക്ലബായ ലാസ് പൽമാസിനെ പരിശീലിപ്പിച്ചിട്ടുള്ള മനോളോ 2020ലാണ് ഇന്ത്യയിലെത്തുന്നത്.2020 മുതൽ 23വരെ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകനായിരുന്നു മനോളൊ. 2021-22 സീസണിൽ ഹൈദരാബാദിനെ ഐ.എസ്.എൽ ചാമ്പ്യന്മാരാക്കി.
അദ്ദേഹത്തിന്റെ കാലയളവിൽ ഹൈദരാബാദിന്റെ നിരവധി താരങ്ങൾക്ക് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയിരുന്നു. കഴിഞ്ഞ സീസണിലാണ് ഗോവ എഫ്.സിയിലെത്തിയത്. 55കാരനായ മാർക്വെസ് ലാസ് പൽമാസ് ബി ,എസ്പാന്യോൾ ബി, ബദലോണ എന്നീടീമുകളെയും പരിശീലിപ്പിച്ചിട്ടിണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |