SignIn
Kerala Kaumudi Online
Wednesday, 09 July 2025 4.24 PM IST

ജോ ബൈഡന്റെ പിന്മാറ്റം

Increase Font Size Decrease Font Size Print Page
us-president

യു.എസ് പ്രസിഡന്റ് തിരഞ്ഞെുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയ വാർത്ത അപ്രതീക്ഷിതമല്ല. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുകൾ ഉയർന്നിരുന്ന സാഹചര്യത്തിൽ ബൈഡന്റെ പിന്മാറ്റം ഏതു സമയവും സംഭവിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പ്രായമല്ല, പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ കാരണം പേരുകൾ മാറിപ്പോകുക, നടക്കാൻ ബുദ്ധിമുട്ടുക തുടങ്ങിയ വളരെ പ്രകടമായി സംഭവിക്കുന്ന ഒരു വ്യക്തിയെ ജനങ്ങൾ എത്രമാത്രം പിന്തുണയ്ക്കുമെന്ന ആശങ്കയാണ് ഡെമോക്രാറ്റിക് പാർട്ടിയെ അലട്ടിയത്. ഒന്നിലധികം തവണ കൊവിഡ് ബാധിക്കുക കൂടി ചെയ്‌തപ്പോൾ ബൈഡന്റെ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ വഷളാവുകയും ചെയ്തിരുന്നു. എന്നാലും തുടക്കത്തിൽ പിന്മാറാൻ വിസമ്മതിച്ചിരുന്ന ബൈഡൻ, എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ വധശ്രമം കൂടി നടന്നതോടെ വിജയസാദ്ധ്യത വളരെ കുറയുമെന്നു കണക്കാക്കിയാണ് കളമൊഴിയാൻ തീരുമാനിച്ചത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന വ്യക്തിയുടെ തീരുമാനങ്ങൾ അമേരിക്കയെ മാത്രമല്ല ഏതാണ്ട് ലോകത്തെ മൊത്തം ബാധിക്കാൻ ഇടയാക്കുന്നതാണ്. തികഞ്ഞ മാനസിക, ശാരീരികാരോഗ്യം അതിനാൽ ആ സ്ഥാനത്തെത്തുന്ന വ്യക്തിക്ക് അനിവാര്യമാണ്.

എഴുപത്തിയൊൻപത് വയസുണ്ടെങ്കിലും ട്രംപിന്റെ പെരുമാറ്റത്തിലും പരസ്യ സംവാദങ്ങളിലുമൊന്നും പ്രായത്തിന്റേതായ ഒരു പ്രശ്നവും പ്രകടമല്ല. വധശ്രമത്തിൽ ചെവിക്കു മുറിവേറ്റെങ്കിലും സംഭീതനാകാതെ 'ഫൈറ്റ്, ഫൈറ്റ്" എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്‌തിട്ടാണ് ട്രംപ് വേദി വിട്ടത്. ഈ സംഭവത്തിനു പിന്നാലെ ട്രംപിന്റെ ജനപ്രീതി പലമടങ്ങ് ഉന്നർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിനൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ നോമിനിയായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മുൻ പ്രസിഡന്റ് ബിൽ ക്ളിന്റണും കമലയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കമല സ്ഥാനാർത്ഥിയായാൽ ഒരു ഇന്ത്യൻ വംശജ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നു എന്ന ചരിത്രം സൃഷ്ടിക്കപ്പെടും. ഇക്കാര്യത്തിൽ ഡെമോക്രാറ്റിക് പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അടുത്ത മാസം നടക്കുന്ന കൺവെൻഷനിലാണ് പാർട്ടി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ട്രംപിനെ വീഴ്‌ത്താൻ കമലയ്‌ക്ക് പറ്റില്ലെന്നും പകരം പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന ആവശ്യവും ഡെമോക്രാറ്റിക് പാർട്ടിയിൽ ഉയരുന്നുണ്ട്.

കുറച്ചുനാളായി ഓർമ്മക്കുറവും അനാരോഗ്യവും ബൈഡനെ അലട്ടുന്നുണ്ടായിരുന്നെങ്കിലും റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതാണ് ബൈഡൻ മാറിയേ തീരൂ എന്ന ആവശ്യം സ്വന്തം പാർട്ടിയിൽ ശക്തമാകാൻ ഇടയാക്കിയത്. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് യു.എസ് വലിയ മുന്നേറ്റമുണ്ടാക്കിയെന്നും ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ അമേരിക്കയുടേതാണെന്നും പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ ജോ ബൈഡൻ പറയുന്നുണ്ട്. അതേസമയം തുടർന്നുകൊണ്ടിരിക്കുന്ന യുക്രെയ്‌ൻ, ഗാസ ആക്രമണങ്ങളിൽ ഒരു അവസാനം കണ്ടെത്താൻ അമേരിക്ക കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നു മാത്രമല്ല,​ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് തുടരുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. തന്റെ കാലത്ത് ഒരു യുദ്ധം പോലും നടന്നിട്ടില്ല എന്നത് ഒരു വലിയ നേട്ടമായി ട്രംപ് ആവർത്തിക്കുകയും ചെയ്യുന്നു. ലോകം ഒരു നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ കാലയളവിൽ അമേരിക്കൻ പ്രസിഡന്റായി ആരു വരുമെന്നത് അതിപ്രധാനമായ വസ്‌തുതയാണ്. അതിനാൽത്തന്നെ ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് അമേരിക്കയിൽ നടക്കാനിരിക്കുന്നത്. ജനാധിപത്യത്തിനു വേണ്ടിയാണ് താൻ വെടിയുണ്ട ഏറ്റുവാങ്ങിയതെന്ന് ട്രംപ് പ്രചാ‌രണ വേദികളിൽ ആവർത്തിക്കുന്നത് ജനങ്ങളെ സ്വാധീനിക്കാതിരിക്കാൻ വകയില്ല.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.