മാരകമായ നിപ രോഗം പിടിപെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിനാലുകാരൻ ഞായറാഴ്ച രാവിലെ മരണത്തിനു കീഴടങ്ങിയെന്ന വാർത്ത അതീവ ദുഃഖത്തോടെയാണ് സംസ്ഥാനം കേട്ടത്. രോഗം പിടിപെട്ടാൽ ജീവിതത്തിലേക്കുള്ള മടക്കം അത്ര എളുപ്പമല്ലെന്നാണ് പറയുന്നത്. രോഗം മൂർദ്ധന്യത്തിലെത്തുമ്പോഴാകും പലപ്പോഴും തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ ചികിത്സയിലൂടെ രോഗബാധിതരെ രക്ഷിക്കാൻ വളരെ പ്രയാസവുമാണ്. 2018 മുതൽ നാലുവട്ടമാണ് ഇതിനു മുമ്പ് സംസ്ഥാനത്ത് ഭീതിപരത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രോഗബാധ ആവർത്തിച്ചു കാണപ്പെട്ടത്. ഇത്തവണയും മലപ്പുറത്തെ പാണ്ടിക്കാട്ടാണ് രോഗം പത്തിവിടർത്തി എത്തിയത്. തുടർച്ചയായി നിപ ഭീഷണി ഉയർത്തിയിട്ടും അതിന്റെ ഉറവിടം കണ്ടെത്താൻ നമുക്കായിട്ടില്ലെന്നത് ശുഷ്‌കാന്തിക്കുറവും അജ്ഞതയുമായേ കാണാനാവൂ.
അയൽ രാജ്യമായ ബംഗ്ളാദേശിലും മലേഷ്യയിലും നിപ ബാധ ഉണ്ടായപ്പോൾ വൈറസിന്റെ ഉറവിടം കണ്ടെത്താൻ അവിടങ്ങളിലെ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നു. കർക്കശമായ പ്രതിരോധ നടപടികളിലൂടെ ഇവിടെ രോഗവ്യാപനം തടയാൻ കഴിയാറുണ്ട്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മേന്മ തന്നെയാണത്. എന്നാൽ രോഗവും രോഗപ്പകർച്ചയും അടങ്ങുന്നതോടെ എല്ലാം വിസ്മരിക്കുന്ന സ്ഥിതിയാണിവിടെ. സർക്കാർ സംവിധാനങ്ങൾ ഉണർന്നു വരണമെങ്കിൽ വീണ്ടും രോഗം തലപൊക്കണമെന്നു വരുന്നത് പ്രശ്നം ലാഘവത്തോടെ കാണുന്നതുകൊണ്ടാണ്. പാണ്ടിക്കാട്ടെ പതിനാലുകാരന് നിപ ലക്ഷണങ്ങൾ ബോദ്ധ്യമായിട്ടും വിദഗ്ദ്ധ ചികിത്സ ലഭ്യമാകാൻ ഏറെ സമയമെടുത്തു. സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ ഐസൊലേഷൻ വാർഡ് പോലും സജ്ജമാക്കിയിരുന്നില്ല. യുദ്ധസാഹചര്യങ്ങളിലെന്നവണ്ണം സജ്ജീകരണങ്ങൾ ഒരുക്കേണ്ട സന്ദർഭത്തിലും എത്ര ഉദാസീനമായാണ് കാര്യങ്ങൾ നടക്കുന്നതെന്നതിന്റെ തെളിവാണ് ഇതൊക്കെ.
മരണമടഞ്ഞ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെന്നു കരുതുന്ന 330 പേർ നിരീക്ഷണത്തിലാണ്. പാണ്ടിക്കാട്ടും മറ്റിടങ്ങളിലും മുൻകരുതലുകൾ എടുത്തിട്ടുണ്ട്. കുട്ടിയുമായി നേരിട്ടു സമ്പർക്കമുണ്ടായിരുന്ന എട്ടുപേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയത് ആശ്വാസകരമാണ്. നിപ ലക്ഷണവുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 68കാരന് രോഗമില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതൊന്നും പക്ഷേ മുൻകരുതലുകളും പ്രതിരോധ നടപടികളും മെല്ലെയാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതല്ലെന്ന് ഓർക്കണം. ആളുകൾ കൂട്ടംകൂടുന്നതും പൊതുസ്ഥലങ്ങളിൽ സ്വതന്ത്രമായി ഇടപെടുന്നതും നിയന്ത്രിക്കേണ്ടതുണ്ട്. പാണ്ടിക്കാട്ടും മറ്റും കടകൾ വൈകിട്ടുതന്നെ അടയ്ക്കണമെന്ന് അധികൃതർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെന്നപോലെ എല്ലാവരും മാസ്‌ക് ധരിച്ചുവേണം പുറത്തിറങ്ങാൻ. രോഗബാധിത പൂനയിൽ നിന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് സ്ഥലത്തെത്തിച്ചത് പരിശോധനകൾ വേഗത്തിലാക്കാൻ സഹായിക്കും. അതീവ ജാഗ്രതയോടെ സ്ഥിതി നേരിടുക എന്നതു മാത്രമാണ് ഇപ്പോൾ ചെയ്യാനാകുന്നത്.
അഞ്ചാം വട്ടവും നിപ പ്രത്യക്ഷമായതോടെ ഇനിയെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള യജ്ഞം ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയണം. അതിനുവേണ്ട വിദഗ്ദ്ധ സംഘത്തെ കണ്ടെത്തി ചുമതലയേല്പിക്കണം. കേന്ദ്ര സഹായവും തേടാവുന്നതാണ്. ബംഗ്ളാദേശിനും മലേഷ്യയ്ക്കുമൊക്കെ ഇത് സാദ്ധ്യമായിട്ടുണ്ടെങ്കിൽ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നത് വലിയ ചോദ്യം ഉയർത്തുന്നുണ്ട്. ഇതോടൊപ്പം നിപ പോലുള്ള അതീവ മാരകമായ വൈറസ് രോഗങ്ങളുടെ പരിശോധനയ്ക്കുവേണ്ടി ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിർമ്മാണം തുടങ്ങിയിയിട്ട് വർഷം നാലായി. ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട ഇത്തരം കാര്യങ്ങളിൽ ഉദാസീനതയുണ്ടാകുന്നത് പൊറുക്കാനാകാത്ത കൃത്യവിലോപം തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |