SignIn
Kerala Kaumudi Online
Wednesday, 15 January 2025 2.58 PM IST

'സ്മാർട്ട് മീറ്ററി'ലൂടെയും ഇരുട്ടടി നൽകാൻ ബോർഡ്

Increase Font Size Decrease Font Size Print Page
kseb

രാജ്യത്ത് മറ്റെങ്ങുമില്ലാത്ത വൈദ്യുതി നിരക്ക് ഈടാക്കി കേരളത്തിലെ ഉപഭോക്താക്കളെ പിഴിയുന്ന വൈദ്യുതി ബോർഡ്, സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിന്റെ പേരിൽ വീണ്ടും ഉപഭോക്താക്കളെ കൊള്ളയടിക്കാനൊരുങ്ങുന്നു. സ്മാർട്ട്മീറ്റർ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിൽ നിന്ന് കോടികളുടെ സബ്സിഡി ലഭിക്കുമെങ്കിലും അതുപേക്ഷിച്ച് സ്വന്തം ചിലവിൽ നടപ്പാക്കുമ്പോൾ അതിന്റെ ഭാരം കൂടി താങ്ങേണ്ടി വരുന്നത് സാധാരണ ഉപഭോക്താക്കളാണ്. കേന്ദ്രം ആവശ്യത്തിന് ധനസഹായം നൽകാതെ കേരളത്തെ ഞെരുക്കുന്നുവെന്ന് നിരന്തരം പറയുന്ന കേരളസർക്കാർ, അർഹമായ കേന്ദ്ര സബ്സിഡി പോലും വേണ്ടെന്ന് വച്ച് സ്വന്തം നിലയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതിനു പിന്നിൽ എന്തെന്ന ചോദ്യമാണുയരുന്നത്. 2021 ലെ കേന്ദ്ര ബഡ്ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, രാജ്യത്തെ വൈദ്യുതി മേഖലയുടെ ആധുനികവത്ക്കരണത്തിനും നവീകരണത്തിനുമായി 3.5 ലക്ഷം കോടിയുടെ പദ്ധതിക്ക് തുക വകയിരുത്തിയിരുന്നു. രാജ്യത്തെങ്ങും വൈദ്യുതി വിതരണത്തിന് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതടക്കമുള്ള നവീകരണമാണ് 'റീവാംബ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം' (ആർ.ഡി.എസ്.എസ്) എന്ന പേരിൽ ലക്ഷ്യമിട്ടത്. കേന്ദ്രം നിർദ്ദേശിക്കുന്ന മാതൃകയിൽ പദ്ധതി നടപ്പാക്കിയാലേ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സബ്സിഡി ലഭിക്കുകയുള്ളു. അതനുസരിച്ച് കേരളത്തിന് 4000 കോടിയിലധികം തുക ലഭിക്കും. സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 15 ശതമാനം തുക ഗ്രാന്റായും ലഭിക്കുമായിരുന്നു. കരാർ കമ്പനി മുഴുവൻ തുകയും ചിലവഴിച്ച് മീറ്റർ സ്ഥാപിച്ച് 5 വർഷം പരിപാലിക്കുകയും ചിലവ് തുക ഗഡുക്കളായി തിരിച്ചു പിടിക്കുകയും ചെയ്യുന്ന 'ടോട്ടൽ എക്സ്പൻഡിച്ചർ' (ടോട്ടക്സ്) മാതൃകയാണ് കേന്ദ്രം നിർദ്ദേശിച്ചത്. മറ്റെല്ലാ സംസ്ഥാനങ്ങളും ഇതംഗീകരിച്ചപ്പോൾ കേരളം മാത്രം എതിർത്തു. ടോട്ടക്സ് രീതിയെന്ന കേന്ദ്ര നിർദ്ദേശത്തെ സി.പി.എം പോളിറ്റ് ബ്യൂറോയും വൈദ്യുതി ബോർഡിലെ പ്രധാന യൂണിയനുകളും എതിർക്കുകയായിരുന്നു. കേന്ദ്രം ഇതംഗീകരിക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ കേരളത്തിൽ പദ്ധതി നടപ്പാകുന്നത് നീണ്ടുപോയി. 2025 ഡിസംബറിനകം പദ്ധതി നടപ്പാക്കിയിരിക്കണമെന്ന് കേന്ദ്രത്തിന്റെ നിബന്ധനയുണ്ട്. വൈദ്യുതി ബോർഡ് കേരളസർക്കാരിന്റെ കീഴിലുള്ള സ്ഥാപനമായതിനാൽ കേന്ദ്രം കടുംപിടുത്തം ഒഴിവാക്കി ഇപ്പോൾ കേരളത്തിന്റെ ഇഷ്ടപ്രകാരമുള്ള പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയിരിക്കുകയാണ്. അതാണ് ഉപഭോക്താക്കൾക്ക് അധികബാദ്ധ്യതയാകുന്നത്.

വൈദ്യുതി ബില്ലിലൂടെ ഇരുട്ടടി

കേന്ദ്രപദ്ധതി തള്ളിക്കളഞ്ഞ് കേരളം സ്വന്തമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന അധികബാദ്ധ്യത വൈദ്യുതി ബില്ലിലൂടെ പൊതുജനത്തിൽ നിന്ന് ഈടാക്കേണ്ടി വരും. ആർ.ഡി.എസ് സ്കീം പ്രകാരം 8205 കോടി രൂപയുടെ കേന്ദ്രസഹായം വൈദ്യുതി മേഖലയുടെ മൊത്തത്തിലുള്ള നവീകരണത്തിനായി കേരളത്തിന് ലഭിക്കുമെങ്കിലും കേന്ദ്രമാതൃക നടപ്പാക്കാത്തതിനാൽ സ്മാർട്ട് മീറ്റർ പദ്ധതിക്കുള്ള 15 ശതമാനം സബ്സിഡി കേരളത്തിന് ലഭിക്കില്ല. 1226 കോടിയോളം വരുന്ന ഈ തുകയാണ് വൈദ്യുതി ബില്ലിലൂടെ ജനങ്ങളുടെ ചുമലിലാകുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടമായി മൂന്ന് ലക്ഷം സ്മാർട്ട് മീറ്ററുകൾ സർക്കാർ സ്ഥാപനങ്ങൾ, വൻകിട വ്യവസായങ്ങൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാനാണ് നീക്കം. രണ്ടാം ഘട്ടത്തിലാണ് ഗാർഹിക ഉപഭോക്താക്കൾക്ക് മീറ്റർ സ്ഥാപിക്കുക. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം മീറ്ററുകൾ സ്ഥാപിക്കാനുള്ള ചിലവ് എല്ലാ ഉപഭോക്താക്കളും വഹിക്കേണ്ടി വരും. ഇതിനായി 277 കോടി രൂപ വൈദ്യുതി ബോർഡ് നൽകിയ ശേഷം മുഴുവൻ ഉപഭോക്താക്കളുടെയും ബില്ലിൽ ഉൾപ്പെടുത്തും. കേന്ദ്രപദ്ധതിയാണെങ്കിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നവർക്ക് മാത്രമാകും ചിലവ്.

സ്വന്തം പദ്ധതിക്ക് പിന്നിലെന്ത് ?
കേന്ദ്ര സബ്സിഡി വേണ്ടെന്ന് വച്ച് സ്വന്തം പദ്ധതി നടപ്പാക്കാൻ വെമ്പൽകൊള്ളുന്ന സംസ്ഥാന വൈദ്യുതി ബോർഡിന്റെയും സി.പി.എം പോളിറ്റ് ബ്യൂറോയുടെയും കടുംപിടുത്തത്തിനു പിന്നിലെ ചേതോവികാരം എന്തെന്നാണ് വൈദ്യുതി ബോ‌ർഡുമായി ബന്ധപ്പെട്ടവർ പോലും അന്വേഷിക്കുന്നത്. കരാറിൽ നിന്ന് വൻതുക കമ്മിഷനായി അടിച്ചുമാറ്റാനാണ് കേന്ദ്ര പദ്ധതി അട്ടിമറിച്ച് സ്വന്തം നിലയിൽ നടപ്പാക്കുന്നതിനു പിന്നിലെ ഗൂഢലക്ഷ്യമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കേന്ദ്രം നിർദ്ദേശിക്കുന്ന 'ടോട്ടക്സ്' മാതൃകയിൽ നടപ്പാക്കിയാൽ ഇതിനുള്ള സാദ്ധ്യതയില്ലാതാകും. മാത്രമല്ല, കരാർ ഏറ്റെടുക്കുന്നവർ പദ്ധതി പൂ‌ർത്തീകരിച്ച് കരാർ തുകയും വാങ്ങിപ്പോകും. പിന്നീടുള്ള നടത്തിപ്പ് ബോർഡിനാകും. കേന്ദ്ര പദ്ധതിപ്രകാരം നടപ്പാക്കുമ്പോൾ അതിനുള്ള സാങ്കേതിക പരിജ്ഞാനവും അനുഭവജ്ഞാനവുമുള്ളവരാണ് കരറെടുത്ത് നടപ്പാക്കുകയെന്നത് എടുത്തുപറയേണ്ടതാണ്.

കേന്ദ്ര പദ്ധതിയിൽ മീറ്ററിന്റെയും ഏകോപിപ്പിക്കുന്ന സോഫ്റ്റ്‌വെറിന്റെയും ചിലവും 5 വർഷത്തെ മെയിന്റനൻസും കരാർ കമ്പനിയുടെ ഉത്തരവാദിത്തമാണ്. കേന്ദ്ര സബ്സിഡി കഴിച്ചുള്ള മീറ്ററിന്റെ വിലമാത്രം ഉപഭോക്താക്കൾ ഗഡുക്കളായി നൽകിയാൽ മതി. വൈദ്യുതി ബോർഡ് മീറ്റർ വാങ്ങുന്നത് ഒരു കമ്പനിയിൽ നിന്നും സോഫ്റ്റ്‌വെയർ വാങ്ങുന്നത് മറ്റൊരു കമ്പനിയിൽ നിന്നുമാകും. ഇത് പല പൊരുത്തക്കേടുകൾക്കും വഴിവയ്ക്കും. വൈദ്യുതി ബോർഡും സ്വകാര്യകമ്പനികൾക്ക് തന്നെയാകും കരാർ നൽകുക. വൈദ്യുതി ഉൽപ്പാദന,വിതരണ മേഖലകളിൽ കാലാനുസൃതമായ നവീകരണമോ ആധുനിക സാങ്കേതികവിദ്യയോ ഇതുവരെ നടപ്പാക്കാൻ കഴിയാത്ത ബോർഡ്, സ്മാർട്ട് മീറ്റർ പോലെയുള്ള ആധുനിക പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയാൽ അത് എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന സംശയമാണുയരുന്നത്. ഇത്തരം കാര്യങ്ങൾ അനുഭവജ്ഞാനമുള്ളവരെ ഏൽപ്പിക്കാതെ ബോർഡിന് നടപ്പാക്കാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ടെന്ന് വൈദ്യുതി ബോർഡ് റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ സി.പി ജോർജ് പറഞ്ഞു. എന്ത് ഉല്പന്നം വാങ്ങണമെന്നും എങ്ങനെ എപ്പോൾ വാങ്ങണമെന്നും സാങ്കേതികവിദ്യയെക്കുറിച്ചോ യൂട്ടിലിറ്റി മാനേജ്മെന്റിനെക്കുറിച്ചോ അറിവില്ലാത്തവരാണ് ബോർഡിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്മാർട്ട് മീറ്റർ വന്നാൽ....
വൈദ്യുതി ഉപഭോഗത്തിന്റെ 150 ലധികം വ്യത്യസ്ഥ സ്വഭാവ സവിശേഷതകൾ മനുഷ്യ ഇടപെടലില്ലാതെ വൈദ്യുതി ബോർഡിന്റെ സർവറിൽ എത്തിക്കുന്നതാണ് സ്മാർട്ട് മീറ്റ‌ർ. പ്രീപെയ്ഡ് സംവിധാനം വരുന്നതോടെ വൈദ്യുതി ഉപഭോഗം ഉപയോക്താക്കൾക്ക് നിരീക്ഷിക്കാനാകും. ഓഫീസിൽ ഇരുന്നു തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും പുനസ്ഥാപിക്കാനും എത്ര വൈദ്യുതി ഉപയോഗിച്ചെന്ന് കണക്കാക്കാനും ബോർഡ് അധികൃതതർക്ക് കഴിയും. ഇപ്പോൾ വൈദ്യുതി ഉപയോഗിച്ച് ഒരു മാസം കഴിയുമ്പോഴാണ് ബോർഡിന് പണം ലഭിക്കുന്നത്. പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ വന്നാൽ പണം അഡ്വാൻസായി ലഭിക്കും. ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് വ്യത്യസ്ഥ നിരക്ക് നിലവിൽ വരും. അതിനാൽ വൈദ്യുതിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ ഉപഭോക്താക്കൾക്ക് കഴിയും. നിരക്ക് കൂടിയ സമയത്ത് ഉപഭോക്താവിന് വേണമെങ്കിൽ ഉപയോഗം കുറയ്ക്കാനുമാകും.
വിതരണ നഷ്ടം കുറയ്ക്കാനും വൈദ്യുതി വാങ്ങുന്നതിന്റെ ചിലവ് നിയന്ത്രിക്കാനും സമാർട്ട് മീറ്ററുകൾ ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. മനുഷ്യ ഇടപെടൽ പരിമിതമായതിനാൽ ഇപ്പോഴത്തെ ബില്ലിംഗ്, മീറ്റർ റീഡിംഗ് അടക്കം നിരവധി തസ്തികകളിൽ ജീവനക്കാരുടെ ആവശ്യം ഇല്ലാതാകും. ഉപഭോക്താക്കൾക്ക് ഗുണകരമാണ് സ്മാർട്ട് മീറ്റർ എന്നതിൽ തർക്കമില്ലെങ്കിലും അത് സ്ഥാപിക്കുന്നതിന്റെ അധികഭാരം കൂടി താങ്ങേണ്ടി വരുന്നുവെന്നതാണ് ഉപഭോക്താക്കളുടെ ദുര്യോഗം.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.