അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ പല നടിമാരും മേക്കപ്പ് ചെയ്യാൻ വിളിക്കാതെയായെന്ന് വെളിപ്പെടുത്തി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ജീവിതത്തിൽ പല നടിമാരും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജു രഞ്ജിമാർ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.
'അഭിപ്രായങ്ങൾ തുറന്നുപറയുന്ന വ്യക്തിയാണ് ഞാൻ. അതിനാൽത്തന്നെ സിനിമയിൽ നിന്നും എന്നെ ഒരുപാട് മാറ്റി നിർത്തിയിട്ടുണ്ട്. കുറേ ആർട്ടിസ്റ്റുകൾ എന്നെ മേക്കപ്പ് ചെയ്യാൻ വിളിക്കാതെയായി. ചിലപ്പോൾ അതിനുകാരണം ഒരു നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ കോടതിയിൽ സാക്ഷി പറഞ്ഞിരുന്നു. എന്റെ അഭിപ്രായം സോഷ്യൽമീഡിയയിലൂടെ പറഞ്ഞു. ചിലപ്പോൾ അതുകൊണ്ടായിരിക്കാം.ആ നടിയെ പിന്തുണച്ച മറ്റ് നടിമാർ പോലും പിന്നെ എന്നെ വിളിക്കാതെ വന്നു. ആ നടി ആക്രമിക്കപ്പെട്ട ദിവസം ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോകാൻ തീരുമാനിച്ചിരുന്നു. എനിക്ക് മൈഗ്രേയ്ൻ ഉളളതുകൊണ്ടാണ് അന്ന് അത് സംഭവിക്കാതെ പോയത്. അതിന് നിരാശയുണ്ട്.
അടുത്ത ദിവസം മറ്റൊരു നടിയാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. ചിലപ്പോൾ ഈ കാര്യങ്ങൾ ഞാൻ വീണ്ടും പറയുമ്പോൾ എനിക്ക് വധഭീഷണി വന്നേക്കാം. പല ഭീഷണികളും എനിക്ക് ഫോണിലൂടെയും ട്രോളുകളിലൂടെയും ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ എന്റെ മേൽവിലാസം മറുപടിയായി അവർക്ക് അയച്ചുകൊടുക്കും. അതിനാൽത്തന്നെ പലയിടങ്ങളിൽ എന്നെ തഴഞ്ഞിട്ടുണ്ട്. മംമ്ത മോഹൻദാസിന്റെ കൂടെ പ്രവർത്തിച്ചതുകൊണ്ട് പല നടികളും എന്നെ പലയിടങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ജീവിതത്തിൽ പലരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ജ്യോതിർമയിയും മുക്തയും ഭാവനയും ശ്വേത മേനോനും അങ്ങനെ കുറേ നായികമാരുണ്ട്. ഭാവനയുടെ വിവാഹം വന്നപ്പോൾ ആദ്യം അവർ എന്നെയാണ് മേക്കപ്പ് ചെയ്യാനായി വിളിച്ചത്. മൂന്ന് ദിവസത്തെ മേക്കപ്പ് ചെയ്യാനും എന്നോടാണ് ഭാവന പറഞ്ഞത്. മംമ്ത മോഹൻദാസിനെ സംബന്ധിച്ച് അവർ അനുഭവിച്ച ശാരീരിക മാനസിക വേദനകൾ നേരിൽ കണ്ട് കൂടെ കരഞ്ഞിട്ടുളള വ്യക്തിയാണ് ഞാൻ. മാനസികമായും ശാരീരികമായി ഇത്രയേറെ വേദനിച്ച നടി വേറെ കാണില്ല. മംമ്ത എന്നെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. മാനസികമായും സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്.
ഭാവനയും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. വെളളപ്പൊക്കമുണ്ടായപ്പോഴും കൊവിഡ് വന്നപ്പോഴും ഞങ്ങളുടെ കമ്യൂണിറ്റിയിലുളളവരുടെ സഹായത്തിനായി ഞാൻ ഭാവനയോട് സഹായം ചോദിച്ചിട്ടുണ്ട്. നിമിഷങ്ങൾക്കുളളിൽ ഭാവന എനിക്ക് പണം തന്ന് സഹായിച്ചു. ഇവരെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗങ്ങളാണ്. പ്രിയാമണിയോടുളള സൗഹൃദം പറയുകാണെങ്കിൽ ഒരുപാടുണ്ട്. പ്രിയാമണി കേരളത്തിൽ വന്നാൽ അവരുടെ ചോയ്സാണ് ഞാൻ. കേരളത്തിൽ വന്നാൽ അവർ എന്റെ വീട്ടിൽ വന്ന് എന്നോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാറുണ്ട്. ഞാനൊരു മെസേജ് അയച്ചാൽ നിമിഷങ്ങൾക്കുളളിൽ മറുപടിയും തരും. കൂടുതൽ പേരും അങ്ങനെ ചെയ്യാറില്ല. ചിലരുടെ ഭാഗത്ത് നിന്ന് അങ്ങനെയുളള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്'-രഞ്ജു രഞ്ജിമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |