ഒക്ടോബർ 10ന് രജനികാന്ത്, സൂര്യ ചിത്രങ്ങളുടെ ക്ളാഷ് ഉണ്ടാവില്ല. രജനികാന്ത് നായകനായ വേട്ടയൻ അന്ന് റിലീസ് ചെയ്യില്ലെന്നാണ് വിവരം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ബാക്കിയുള്ളതാണ് പിൻമാറ്റത്തിന് കാരണം. ഇരു ചിത്രങ്ങളുടെയും വലിയ ക്ളാഷ് ആണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. സാധാരണ രജനികാന്ത് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് വേട്ടയൻ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. പൊലീസ് സ്റ്റോറിയാണെങ്കിലും ഒരു ഇമോഷണൽ ത്രില്ലർ കൂടിയാണ്. ഇതിഹാസ താരങ്ങളായ രജനികാന്തും അമിതാഭ് ബച്ചനും മൂന്നു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം ഒരുമിക്കുന്ന വേട്ടയൻ ടി.ജെ. ജ്ഞാന വേലാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലും റാണ ദഗുബട്ടിയും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് നായികമാർ. കിഷോർ, ജി.എം. സുന്ദർ, അഭിരാമി, സാബുമോൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന കങ്കുവയിൽ രണ്ടു ഗെറ്റപ്പുകളിൽ സൂര്യ എത്തുന്നു. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ടൈം ട്രാവലിലൂടെ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമയാണ്. ബോബി ഡിയോളാണ് പ്രതിനായകൻ. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ആയിരം വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ബഡ്ജറ്റ് 350 കോടിയാണ്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസ്വാമി.
മലയാളത്തിന്റെ എഡിറ്റർ നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.കങ്കുവ കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീഗോകുലം മൂവീസ് ആണ്. ആഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന വിക്രം ചിത്രം തങ്കലാന്റെ വിതരണവും ശ്രീഗോകുലം മൂവീസ് ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |