ചെന്നൈ: കറുത്ത ടീ ഷർട്ടും വെള്ള പാൻസും ധരിച്ച ഒരാൾ കുട്ടിയേയും കൊണ്ട് ക്ലാസ് മുറിയിലേക്ക്. ക്ലാസിലെ കൊച്ചു കുട്ടികൾക്ക് അത്ഭുതം. ഒരു പെൺകുട്ടി ഉറക്കെ വിളിച്ചു 'രജനി അങ്കിൾ' അതെ സൂപ്പർസ്റ്റാർ രജനികാന്ത്. വന്നത് അങ്കിളിന്റെ വേഷത്തിലല്ല, അപ്പൂപ്പന്റെ റോളിലായിരുന്നു. മകൾ സൗന്ദര്യയുടെ മകൻ വേദയെ സ്കൂളിലെത്തിക്കാനായിരുന്നു വരവ്. പതിവുപോലെ സ്കൂളിൽ പോകാൻ വേദിനു മടി. അപ്പൂപ്പൻ കൂടെ വന്നാൽ പോകാമെന്നായി. പൊതുസ്ഥലത്തേക്ക് പോയാലുള്ള പുകിൽ ഓർത്ത് രജനിയൊന്നു മടിച്ചു. പക്ഷെ, വേദ് പിന്മാറായില്ല. ഒടുവിൽ സ്നേഹസമ്പന്നനായ അപ്പൂപ്പനായി രജനികാന്ത് മാറി. മകൾ സൗന്ദര്യ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
''ഇന്ന് രാവിലെ മകന് സ്കൂളിൽ പോവാൻ മടി. അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും,'' സൗന്ദര്യ കുറിച്ചു.ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്.
സ്കൂളിൽ പോകാൻ മടിയോടെതന്നെ വണ്ടിയിലിരിക്കുന്ന വേദിനെയാണ് ഒരു ചിത്രത്തിൽ കാണാനാവുക. തങ്ങളുടെ ക്ലാസിലേക്ക് രജനികാന്ത് വന്ന അമ്പരപ്പിലിരിക്കുന്ന കുരുന്നുകളാണ് അടുത്ത ചിത്രത്തിലെ ഹൈലൈറ്റ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ജെയിലറിൽ ആദ്യസീനുകൾ രജനികാന്ത് ചെറുമകനുമായി കളിക്കുന്നതും സ്കൂളിൽകൊണ്ടുപോകുന്നതുമാണ്.
പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് സൂപ്പർസ്റ്റാർ ഇപ്പോൾ. ജയ് ഭീമിനുശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ റിലീസിനു തയ്യാറായി. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് സൂപ്പർ താരത്തിന്റേതായി പുരോഗമിക്കുന്ന മറ്റൊരു ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |