നിയമത്തിന്റെ ഊരാക്കുടുക്കിൽപ്പെട്ട് സംസ്ഥാന വൈദ്യുതി ബോർഡിന്റെ ദീർഘകാല കരാറുകൾ റദ്ദാകുന്നതോടെ ഉപഭോക്താക്കൾ ഒരിക്കൽക്കൂടി, തങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിക്ക് അമിത നിരക്ക് നൽകാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. ഉപഭോക്താക്കളുടെ താത്‌പര്യങ്ങൾക്കു പകരം, അവരെ ദ്രോഹിക്കുന്ന നിയമങ്ങൾക്ക് പ്രാധാന്യം ലഭിക്കുമ്പോൾ ഇത്തരം ജനവിരുദ്ധ നടപടികൾ സാധാരണമാണ്. ഒപ്പംതന്നെ വൈദ്യുതി ബോർഡിന്റെയും അതിനു മേൽ നിയന്ത്രണമുള്ള റഗുലേറ്ററി കമ്മിഷന്റെയും വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളും ഉപഭോക്താക്കൾക്ക് വിനയായി മാറാൻ പോവുകയാണ്. വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത നേടാൻ സംസ്ഥാനത്തിന് ഇന്നോളം കഴിഞ്ഞിട്ടില്ല. ഓരോ വർഷവും വേനലാകുമ്പോൾ പുറത്തുനിന്ന് അമിത വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നു. ഇതുവഴി ബോർഡിന് ഭീമമായ തുകയാണ് മുടക്കേണ്ടിവരുന്നത്. അധികം ചെലവഴിക്കേണ്ടിവരുന്ന പണം ബോർഡ് ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കുന്നു. വൈദ്യുതി ബില്ലിനൊപ്പം സർച്ചാർജ് സ്ഥിരം സംവിധാനമായി മാറുന്നത് ഇപ്രകാരമാണ്.
കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തിനു പുറത്തുള്ള നാലു കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ നിയമലംഘനത്തിന്റെ പേരിൽ വൈദ്യുതി അപ്പലേറ്റ് ട്രിബ്യൂണൽ കഴിഞ്ഞ ദിവസം റദ്ദാക്കിയതാണ് ഉപഭോക്താക്കൾക്ക് ഇരുട്ടടിയാകാൻ പോകുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്വകാര്യ കമ്പനികളുമായി ഒപ്പിട്ട നാലു കരാറുകൾ 2023 മേയിൽ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട കേന്ദ്ര വ്യവസ്ഥകൾ ലംഘിച്ചാണ് കരാറെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നാലു കമ്പനികളിൽ നിന്നായി മൊത്തം 465 മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇതു നിറുത്തലാക്കിയതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധയിലേക്ക് വഴുതിവീഴുമെന്ന യാഥാർത്ഥ്യം ബോദ്ധ്യമായത് പിന്നീടാണ്. തുടർന്ന് റഗുലേറ്ററി കമ്മിഷന്റെ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. അതിന് നടപടിയുമെടുത്തു.
എന്നാൽ, പഴയ നിരക്കായ 4.15 രൂപ നിരക്കിൽ വീണ്ടും വൈദ്യുതി നൽകാൻ കമ്പനികൾ തയ്യാറായില്ല. മാത്രമല്ല, റഗുലേറ്ററി കമ്മിഷന്റെ തീരുമാനം അപ്പലേറ്റ് ട്രിബ്യൂണലിൽ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്മേലാണ് ട്രിബ്യൂണൽ വിധി ഉണ്ടായിരിക്കുന്നത്. റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാനുള്ള സർക്കാർ നിർദ്ദേശം അനുസരിക്കാൻ റഗുലേറ്ററി കമ്മിഷൻ ബാദ്ധ്യസ്ഥമല്ലെന്നാണ് അപ്പലേറ്റ് ട്രിബ്യൂണൽ വിധിച്ചിരിക്കുന്നത്. പൊതുതാത്‌പര്യത്തിന്റെ പേരിൽ സർക്കാർ കൈക്കൊണ്ട നടപടിക്ക് ഒരു വിലയുമില്ലെന്നു വരുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കണം. വിധി നടപ്പാക്കുന്നതിനെതിരെ സ്റ്റേ വാങ്ങാനുള്ള വഴിയും നോക്കണം. 2014ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്കാണ് വൈദ്യുതി വാങ്ങൽ കരാറുകൾ ഉണ്ടാക്കിയത്. യൂണിറ്റിന് 4.15 രൂപ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയാണ് സർക്കാരിന്റെയും റഗുലേറ്ററി കമ്മിഷന്റെയും വീണ്ടുവിചാരമില്ലാത്ത തീരുമാനത്തിലൂടെ ഇല്ലാതായത്.
വൈദ്യുതിക്ക് സ്ഥിരമായി ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് കുറഞ്ഞ വിലയ്ക്കു ലഭ്യമായിരുന്ന വൈദ്യുതി വലിയ അനുഗ്രഹം തന്നെയായിരുന്നു. റദ്ദാക്കിയ കരാറുകൾ പുനസ്ഥാപിച്ചശേഷം പഴയ വിലയ്ക്ക് വൈദ്യുതി നൽകാൻ കമ്പനികൾ സ്വാഭാവികമായും വിസമ്മതിച്ചു. യൂണിറ്റിന് 14 രൂപയ്ക്കു മേൽ നൽകണമെന്നതായിരുന്നു കമ്പനികളിലൊന്നിന്റെ നിലപാട്. ഒരൊറ്റ കമ്പനി മാത്രമാണ് പഴയ വിലയ്ക്കു വൈദ്യുതി നൽകാമെന്ന് അറിയിച്ചത്. മുൻപു നൽകിയ വൈദ്യുതിയുടെ വില നൽകുന്നതിൽ വൻ കുടിശ്ശിക വന്നതോടെ ഈ കമ്പനിയും പിൻവാങ്ങി. ഓരോ വേനൽക്കാലത്തും വൈദ്യുതി പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുന്ന വൈദ്യുതി ബോർഡ് ബദൽ മാർഗങ്ങളിലേക്കു തിരിയാൻ ഇപ്പോഴും മടികാണിക്കുകയാണ്. സൗരോർജ്ജം വിപുലവും വ്യാപകവുമാക്കാനുള്ള വഴി തുറന്നുകിടക്കുകയാണ്. ജലവൈദ്യുതി ഉത്‌പാദനം കൂട്ടാനും വഴിയുണ്ട്. എന്നാൽ ഇവ പരമാവധി ഉപയോഗപ്പെടുത്താൻ പദ്ധതികളൊന്നുമില്ല. സൗരോർജ്ജത്തിലേക്കു തിരിയാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അങ്ങേയറ്റം നിരുത്സാഹപ്പെടുത്താനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |