റാന്നി: റാന്നി നോളജ് വില്ലേജിന്റെ ഭാഗാമായി റാന്നി നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അഭിരുചി വർദ്ധിപ്പിക്കുന്ന പാത്ത് ഫൈൻഡർ പരിപാടി ആഗസ്റ്റ് മുതൽ നടക്കും. അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ്പദ്ധതി.
ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള സ്കോളർഷിപ്പ്, സയൻസ് ഒളിമ്പ്യാഡ് എന്നിവയിൽ പങ്കെടുക്കാനുള്ള അക്കാഡമിക് മികവും ആത്മവിശ്വാസവും ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിനു മുന്നോടിയായി സ്കൂൾതലത്തിൽ കുട്ടികളുടെ കഴിവുകളുടെ നിർണയം നടത്തും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രഗൽഭരായ പരിശീലകരുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെ മത്സരപരീക്ഷയിൽ ആവശ്യമായ പരിശീലനം നൽകും. ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിഗത അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് പ്രൊഫൈൽ മാപ്പിംഗ് ഇന്ത്യയിലാദ്യമായി നടപ്പാക്കും.. ഹയർസെക്കൻഡറി സ്കൂളിലെത്തിയാൽ കോഴ്സുകളും കരിയറും തിരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ അഭിരുചി നിർണയം (ആപ്റ്റിറ്റ്യൂഡ് മാപ്പിംഗ്) നടത്തും.
ഈ മേഖലയിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ് ആൻഡ് പോളിസി മേക്കിംഗിലെ വിദഗ്ദ്ധസംഘമാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി കരിയർ കോൺക്ലേവുകൾ സംഘടിപ്പിക്കും. മെഡിക്കൽ ,എൻജിനീയറിംഗ് മേഖലകൾക്കപ്പുറത്തുള്ള കരിയർ സാദ്ധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും 'സ്കൂളിന്റെ പുരോഗതിയിൽ പൂർവ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന മൈ സ്കൂൾ മൈ പ്രൈഡ് പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. ആലോചനാ യോഗം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി വിഭാഗം റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ വി കെ അശോക് കുമാർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി ആർ അനില , നോളജ് വില്ലേജ് പ്രചരണ വിഭാഗം ജനറൽ കൺവീനർ പി ആർ പ്രസാദ്, നോളജ് വില്ലേജ് റിസോഴ്സ് ടീം ലീഡ് അഖിൽ കുര്യൻ, എം എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയി കെ എബ്രഹാം, ബി രാജശ്രീ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |