തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപം വഞ്ചിയൂരിൽ സ്ത്രീയ്ക്ക് നേരെ വെടിവയ്പ്. എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വള്ളക്കടവ് സ്വദേശി ഷിനിക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്ന് ഷൈനി പറഞ്ഞതായി റിപ്പോർട്ടുണ്ട്.
വഞ്ചിയൂരിൽ പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. എൻ ആർ എച്ച് എമ്മിലാണ് ഷിനി ജോലി ചെയ്യുന്നത്. രാവിലെ മുഖം മറച്ച് സ്ത്രീ ൽൈനിയുടെ വീട്ടിലെത്തി. താൻ ആമസോണിൽ നിന്നാണെന്നും, കൊറിയർ നൽകാൻ വന്നതാണെന്നും പറഞ്ഞു. ഷിനിയുടെ ഭർത്താവിന്റെ അച്ഛനായിരുന്നു പാഴ്‌സൽ വാങ്ങാൻ വന്നത്. എന്നാൽ ഷിനിക്ക് നേരിട്ട് മാത്രമേ പാർസൽ കൊടുക്കുകയുള്ളൂവെന്ന് യുവതി പറഞ്ഞു.
തുടർന്ന് ഷിനി എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്‌തെന്നാണ് ഷിനിയുടെ മൊഴി. യുവതിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമി തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം മറയ്ക്കുകയും, കൈയിൽ ഗ്ലൗസ് ധരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അക്രമി ബൈക്കിലാണ് എത്തിയതെന്നാണ് സൂചന. ജോലി സ്ഥലത്തുണ്ടായ എന്തെങ്കിലും തർക്കമോ, വ്യക്തിപരമായ പ്രശ്നങ്ങളോ ആയിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് നഗരവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |