#അന്വേഷണം പ്രഖ്യാപിച്ച് അണ്ണാ സർവകലാശാല
ചെന്നൈ:സർവകലാശാല അഫിലിയേഷൻ ഉറപ്പാക്കുന്നതിന് തമിഴ്നാട്ടിലെ എൻജിനീയറിംഗ് കോളേജുകൾ വൻ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ ആർ.സെൽവരാജ് പ്രത്യേക സമിതി രൂപീകരിച്ചു.തമിഴ്നാട് ഗവർണർ ആർ.എൻ.രവി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
350ലേറെ അദ്ധ്യാപകർ ഒരേ സമയം പല കോളേജുകളിൽ ജോലി ചെയ്യുന്നതായി കൃത്രിമ രേഖ സൃഷ്ടിച്ചതായാണ് കണ്ടെത്തിയത്.സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണ് ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്നത്.2 പ്രൊഫസർമാർ 11 കോളേജുകളിലും 3 പ്രൊഫസർമാർ പത്തിലേറെ കോളേജുകളിലും മുഴുവൻ സമയ അദ്ധ്യാപകരാണെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു.211 അദ്ധ്യാപകർ 330 കോളേജുകളിലെ 2,500 പദവികളിലായി ജോലി ചെയ്യുന്നുവെന്നും ഒരു അദ്ധ്യാപകൻ ശരാശരി 10 കോളേജുകളിൽ ജോലി ചെയ്യുന്നുവെന്നും വൈസ് ചാൻസലർ ആർ.സെൽവരാജ് പറഞ്ഞു.സർവകലാശാല അധികൃതരുടെ അറിവോടെയാണ് തട്ടിപ്പ് നടക്കുന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.അദ്ധ്യാപകരുടെ ആധാർ,പാൻ വിവരങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും കോളേജുകൾ വ്യാജ രേഖകളാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കുമ്പിടി വിദ്യ
ആവശ്യത്തിന് അദ്ധ്യാപകരില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടുമെന്നതിനാലാണ് കോളേജുകളുടെ വഴി വിട്ട നീക്കം.സർവകലാശാലയുടെ ഒത്താശയോടെയാണ് ഇതു നടക്കുന്നതെന്ന് 'അരപ്പോർ ഇയക്കം' ആരോപിച്ചു.
സർവകലാശാലയുടെ കീഴിലുള്ള പ്രത്യേക സമിതിയുടെ പരിശോധനയ്ക്ക് ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റി വിലയിരുത്തിയാണ് കോളേജുകൾക്ക് സർവകലാശാല അംഗീകാരം നൽകുന്നത്.രണ്ട് പരിശോധനകളിലും തട്ടിപ്പ് കണ്ടെത്തിയില്ലെന്നതാണ് ദുരൂഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |