വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകൾ എത്തിക്കാൻ നീക്കം. ചൂരൽമലയിലെ പത്താം വാർഡായ അട്ടമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോപ്പുകൾ എത്തിക്കുന്നത്.
ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണെന്നാണ് ദൗത്യസംഘം വ്യക്തമാക്കുന്നത്. അഞ്ച് സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്നാണ് സൈന്യം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകുകയായിരുന്നു.
ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതും തകർന്നടിഞ്ഞതും പത്താം വാർഡായ അട്ടമലയാണ്. അതിനാൽ രക്ഷാ പ്രവർത്തനം ഇവിടെ കേന്ദ്രീകരിക്കാനാണ് ശ്രമം. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് സൈനിക സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും. അഞ്ച് മണിയോടെ വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേയ്ക്ക് പോകും. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമാണ് എത്തിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്.
ഉരുൾപൊട്ടലിൽ മരണസംഖ്യ 90 ആയി ഉയർന്നിരിക്കുകയാണ്. ചാലിയാർ പുഴയിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇത് ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി സംശയമുണ്ട്. മുണ്ടക്കെെ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെയാണ് വീണ്ടും ഉൾപൊട്ടൽ ഉണ്ടായെന്ന് സംശയം ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |