കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന കാസർകോട് ജില്ലയിലെ ഭാഗങ്ങളിൽ കർണ്ണാടകയിലെ ഷിരൂരിൽ സംഭവിച്ചത് പോലെയുള്ള മണ്ണിടിച്ചിൽ ഭീഷണി ശക്തമായി. ചെർക്കള മുതൽ തെക്കിൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗത്തും ചെറുവത്തൂർ വീരമല കുന്ന്, മട്ടലായി കുന്നുകൾ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ ഭീഷണി ശക്തമായത്.
നിർത്താതെ പെയ്യുന്ന മഴയിൽ ഏത് സമയത്തും കുന്നുകൾ ഇടിഞ്ഞു ദേശീയപാത മൂടുന്ന തരത്തിൽ വീഴുമെന്ന് ഉറപ്പാണ്. ചട്ടഞ്ചാൽ തെക്കിൽ മേഖലകളിലാണ് കൂടുതൽ ഭീഷണി നിലനിൽക്കുന്നത്. ദേശീയപാത നിർമ്മിക്കുന്നതിനായി ഈ ഭാഗങ്ങളിലെ കുന്നുകൾ മണ്ണ് മന്ത്രി യന്ത്രങ്ങൾ കൊണ്ട് കുത്തനെ മുറിച്ചെടുത്തിരുന്നു. ചെരിവ് നൽകിയോ തട്ടുകളാക്കിയോ കുന്നിൽ നിന്ന് മണ്ണെടുക്കുന്നതിന് പകരം കുത്തനെ മുറിച്ചതാണ് ഏറെ അപകടസാദ്ധ്യത ഉണ്ടാക്കിയിരിക്കുന്നത്. കാലവർഷം തുടങ്ങിയതിന് ശേഷം നിരവധി തവണ കുന്ന് ഇടിഞ്ഞിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി പി.ബിജോയ് എന്നിവരും റവന്യു ഉദ്യോഗസ്ഥരും ഇന്നലെ പരിശോധന നടത്തി. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള സ്ഥലത്ത് ചൊവ്വാഴ്ച രാത്രി ആറു മുതൽ 31 ന് രാവിലെ ഏഴ് മണിവരെ ദേശീയപാതയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മഴ കനത്താൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കമ്മാടി പത്തുകുടിയിൽ എട്ട് കുടുംബങ്ങളെ മാറ്റി
പനത്തടി വില്ലേജിൽ കല്ലപ്പള്ളി കമ്മാടി പത്തു കുടിയിൽ എട്ട് പട്ടിക വർഗ്ഗ കുടുംബങ്ങളെ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് സൗകര്യങ്ങളോടുകൂടിയ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. എട്ട് കുടുംബങ്ങളിലായി 22 അംഗങ്ങളാണ് ക്യാമ്പിലുള്ളത്. മഴ കനക്കുകയാണെങ്കിൽ കല്ലപ്പള്ളി ജി.എൽ.പി സ്‌കൂളിൽ ക്യാമ്പ് ആരംഭിക്കും.
ഓട്ടക്കണ്ടത്തും കുട്ടിക്കാനത്തും 21 കുടുബങ്ങൾ ക്യാമ്പിൽ
കള്ളാർ വില്ലേജിലെ ഓട്ടക്കണ്ടം, കുട്ടിക്കാനം എന്നിവിടങ്ങളിലെ 21 പട്ടികവർഗ്ഗ കുടുബങ്ങളെ (94 അംഗങ്ങൾ) മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ചുള്ളിക്കര ജി.എൽ.പി.എസിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിൽ 80 അംഗങ്ങളെ പാർപ്പിച്ചു മൂന്ന് കുടുംബങ്ങളിലെ 14 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. എണ്ണപ്പാറയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ടെന്നും ജില്ലാ പഞ്ചായത്ത് റോഡ് തകർന്ന നിലയിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അറിയിച്ചു. തൃക്കരിപ്പൂർ മയ്യിച്ച പുഴയിൽ പുഴ കരകവിയുന്ന പ്രശ്നങ്ങൾ ഉണ്ടായേക്കാവുന്ന സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ വേണമെന്ന് കളക്ടർ ഹോസ്ദുർഗ്ഗ് തഹസിൽദാറിന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |