ആലപ്പുഴ: ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്കും ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സും നിർമ്മിക്കാനുള്ള പദ്ധതിക്ക് ജീവൻ വച്ചുതുടങ്ങി. അഞ്ച് വർഷം മുമ്പ് സമർപ്പിച്ച 30 കോടിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലപരിശോധന നടത്തിയതാണ് പ്രതീക്ഷയ്ക്ക് വകനൽകുന്നത്. സാങ്കേതിക പരിശോധനയും സാദ്ധ്യതാപഠനവും ഉടൻ നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെ കെ.സി.വേണുഗോപാൽ എം.പിയെ അറിയിച്ചതും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. നാടിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നതോടെ കരുനാഗപ്പള്ളി മുതൽ കുമ്പളം വരെയുള്ള കുടുംബങ്ങൾക്ക് ആശുപത്രി വലിയ ആശ്വാസമാകും. ഒ.പി, ഫാർമസി, ഓഫീസ് വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, ബീച്ച് ഡിസ്‌പെൻസറി, കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ കേന്ദ്രം എന്നീ വിഭാഗങ്ങൾ പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റാനാണ് പദ്ധതി. ആറ് ഏക്കർ സ്വന്തമായുള്ളതിനാൽ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതുമില്ല.
സാങ്കേതിക പരിശോധന, സാദ്ധ്യതാപഠനം ഉടൻ
1.1960ൽ ആരംഭിച്ച ആശുപത്രിയിൽ ഇപ്പോൾ ദിവസേന 250 പേർ ചികിത്സയ്ക്കായി എത്തുന്നുണ്ട്. വിവിധ സർട്ടിഫിക്കറ്റുകൾക്കും ആനുകൂല്യങ്ങൾക്കുമായി എത്തുന്നവർ 300ൽ അധികം വരും.
എന്നാൽ,16 ഡോക്ടർമാർ വേണ്ടതിൽ 8പേർ മാത്രമാണ് ഇപ്പോഴുള്ളത്
2.അസ്ഥി,സർജറി, ജനറൽ മെഡിസിൻ, ഗൈനക്ക്, നേത്രരോഗം, ഇ.എൻ.ടി വിഭാഗങ്ങളാണ് നിലവിലുള്ളത്. വർഷങ്ങളായി റേഡിയോളജിസ്റ്റില്ല. ജില്ലയിൽ ഇ.എസ്.ഐ അംഗീകൃത സ്വകാര്യ ആശുപത്രികൾ ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നുണ്ട്
3. മഴയിൽ ആശുപത്രി പരിസരം വെള്ളക്കെട്ടാകും. കാടുപിടിച്ചുകിടക്കുന്നതിനാൽ ഇഴജന്തുക്കളുടെയും മരപ്പട്ടിയുടെയും ശല്യം രൂക്ഷമാണ്. ആശുപത്രി പരിസരത്തെ പല മരങ്ങളും അപകടാവസ്ഥയിലാണ്
ഇ.എസ്.ഐ ആശുപത്രി
സ്ഥാപിച്ചത് : 1960
കിടക്കകൾ: 50
ആവശ്യം : 100
ഇ.എസ്.ഐ ആശുപത്രിയുടെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. പുതിയ ഒ.പി ബ്ലോക്കും ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സും വരുന്നത് രോഗികൾക്കും പൊതുജനങ്ങൾക്കും ഏറെ സഹായകരമാകും
-കെ.സി.വേണുഗോപാൽ എം.പി
പുതിയ ബ്ളോക്ക് നിർമ്മാണത്തിനായി 30 കോടിയുടെ പദ്ധതി അഞ്ചു വർഷം മുമ്പ് ഇ.എസ്.ഐ കോർപ്പറേഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചതാണ്. ആശുപത്രിയോട് ചേർന്ന് തടസമായി നിൽക്കുന്ന ഡിസ്പൻസറി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
-എൽ.ബിജു, ആശുപത്രി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |