കൊച്ചി: യാത്രാവാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതും ഡിസ്പ്ളെ ലൈറ്റുകളടക്കം അനധികൃതമായി ഘടിപ്പിക്കുന്നതും കണ്ടെത്താൻ ഹൈക്കോടതി കൂടുതൽ മാർഗനിർദ്ദേശങ്ങൾ നൽകി. ഫിറ്റ്നസ് ടെസ്റ്റിനെത്തുന്ന വാഹനങ്ങളുടെ വിവിധ കോണിലുള്ള കളർഫോട്ടോകളെടുത്ത് ഫയലിൽ സൂക്ഷിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിനോട് കോടതി നിർദ്ദേശിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച കേസിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
വാഹനങ്ങളുടെ ബോഡി, പാസഞ്ചർ ഏരിയ, ഡ്രൈവർ ക്യാബിൻ എന്നിവയുടെയെല്ലാം ഫോട്ടോ സൂക്ഷിക്കണം. വയറിംഗ് ഡയഗ്രവും വാങ്ങണം. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും ഇതു രേഖപ്പെടുത്തണം. ഇതിൽ നിന്ന് മാറ്റം വരുത്തിയ വണ്ടികൾ പൊതുറോഡിൽ കണ്ടാൽ ഫിറ്റ്നസ് അടക്കം റദ്ദാക്കണം. വിഷയം 10 ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.
കോഴിക്കോട് മടപ്പള്ളിയിൽ സീബ്രാ ലൈൻ ക്രോസിംഗിൽ മൂന്നു വിദ്യാർത്ഥിനികളെ ഇടിച്ചിട്ട സ്വകാര്യ ബസിൽ 47 ലൈറ്റുകൾ അനധികൃതമായി കണ്ടെത്തിയെന്ന് സർക്കാർ അറിയിച്ചു. ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കി. ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും ഹൈക്കോടതിയിൽ ഹാജരായ വടകര ആർ.ടി.ഒയും കൊയിലാണ്ടി ജോ.ആർ.ടി.ഒയും അറിയിച്ചു.
വാഹനങ്ങളിലെ അനധികൃത സർക്കാർ മുദ്ര:
നടപടി അറിയിക്കാൻ ഉത്തരവ്
കൊച്ചി: ഉദ്യോഗസ്ഥരുടെയും മറ്റും വാഹനങ്ങളിലെ അനധികൃത സർക്കാർ മുദ്ര തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമയം തേടിയതിനാൽ കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും (ആഭ്യന്തര സുരക്ഷ) കക്ഷിചേർത്തു.
അശോകചിഹ്നം, ദേശീയപതാക തുടങ്ങിയ മുദ്രകൾ വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന ഭരണഘടനാ പദവിയിലുള്ളവരെയും വിശിഷ്ടവ്യക്തികളെയും എംബ്ലം ആൻഡ് നെയിംസ് ആക്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായ ബോർഡുകൾ പാടില്ലെന്ന് കോടതി പറഞ്ഞു. ബീക്കൺ ലൈറ്റും സർക്കാർ ബോർഡും ഉപയോഗിച്ചതിന് പിടിച്ചെടുത്ത കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടറുടെ കാർ പഴയപടിയാക്കുമെന്ന ഉറപ്പിൽ തിരിച്ചുനൽകാനും കോടതി നിർദ്ദേശിച്ചു.
കെ.പി.എസ്.എസ് കരിദിനം ആചരിക്കുന്നു
തിരുവനന്തപുരം: പട്ടികജാതി ലിസ്റ്റിൽ മറ്റ് മതങ്ങളിലുള്ളവരെ ഉൾപ്പെടുത്താനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പരവർ സർവീസ് സൊസൈറ്റിയുടെ (കെ.പി.എസ്.എസ്) നേതൃത്വത്തിൽ ഇന്നും നാളെയും കരിദിനം ആചരിക്കും. ഇക്കാര്യത്തിൽ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായ അന്വേഷണ കമ്മിഷൻ തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നടത്തുന്ന സിറ്റിംഗിൽ നിവേദനം നൽകാനും ആലപ്പുഴ എരമല്ലൂർ ശാഖയിൽ ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. അശോകൻ വള്ളിക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അഭിമന്യു എസ്, ട്രഷറർ എം. രവീന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ആർ. വിജയകുമാർ , കെ. വിജയൻ, എൻ. റീജ, ജോയിന്റ് സെക്രട്ടറിമാരായ എ.കെ. സുരേഷ്, എൻ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ജീവനക്കാർ അവധി ഒഴിവാക്കണം
കൽപ്പറ്ര: വയനാട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആവശ്യ സർവീസായി പരിഗണിച്ചിട്ടുള്ള റവന്യു, പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദീർഘകാല അവധിയിലുള്ളവർ ഒഴികെയുള്ള ജീവനക്കാർ അവധിയിലുണ്ടെങ്കിൽ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |