ആലുവ: പെരിയാറിലെ ജലനിരപ്പ് സാധാരണ നിലയിലേക്ക് താഴ്ന്നതോടെ മണപ്പുറത്ത് കർക്കടകവാവ് ബലിതർപ്പണം നടത്താൻ റവന്യു വകുപ്പിന്റെ അനുമതി. എന്നാൽ പെരിയാറിൽ മുങ്ങിക്കുളിച്ച് തർപ്പണം നടത്താൻ അനുവദിക്കില്ല. ഭക്തർ വീട്ടിൽ നിന്ന് കുളിച്ച് തർപ്പണത്തിനെത്തണം. മാത്രമല്ല, പതിവുപോലെ പെരിയാർ തീരത്തുമായിരിക്കില്ല തർപ്പണം. മണപ്പുറത്തെ വാഹന പാർക്കിംഗ് ഏരിയയിലാവും തർപ്പണം. പാർക്കിംഗ് ഏരിയയിൽ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ ചെളി നീക്കിത്തുടങ്ങി.
ആലുവ തഹസിൽദാർ രമ്യ എസ്. നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇന്നലെ റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
50 പേർക്കാണ് ദേവസ്വം ബോർഡ് താത്കാലിക ബലിത്തറ നിർമ്മിക്കുന്നതിനായി സ്ഥലം അനുവദിച്ചിരുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് ചൂണ്ടികാട്ടി ഇവരിൽ ഒമ്പത് പേർ പിൻവാങ്ങിയിട്ടുണ്ടെന്ന് മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ. ജ്യോതി പറഞ്ഞു. പത്ത് അടി വീതിയും 15 അടി നീളത്തിലുമാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. പുരോഹിതന്മാരുടെ സംഘടനയായ ആർച്ചക് പുരോഹിത് സഭയാണ് ലേലം വിളിച്ചവർക്കായി ബലിത്തറകൾ നിർമ്മിക്കുന്നതെന്ന് പ്രസിഡന്റ് രാധാകൃഷ്ണൻ വാദ്ധ്യാർ അറിയിച്ചു.
കർക്കടക വാവ് നാളെ
കർക്കടക വാവ് ബലി തർപ്പണം നാളെയും മറ്റെന്നാളുമാണ്. കലണ്ടർ പ്രകാരം നാളെയാണെങ്കിലും അമാവാസി ആരംഭിക്കുന്നത് വൈകിട്ട് മൂന്നര മുതൽ നാലാം തീയതി വൈകിട്ട് നാല് വരെയായതിനാൽ തർപ്പണം നാലിനും ഉണ്ടാകും. ആലുവ അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഒരേ സമയം അഞ്ഞൂറോളം പേർക്ക് തർപ്പണം നടത്താൻ സൗകര്യമുണ്ട്.
തറവാടക 5000 മുതൽ 30,000 രൂപ വരെ
50 പേർക്ക് തറ അനുവദിച്ചു
9 പേർ പിൻവാങ്ങി
പെരിയാറിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല
തർപ്പണ സൗകര്യമൊരുക്കാൻ പാർക്കിംഗ് ഏരിയയിലെ ചെളി നീക്കുന്നു
ആർച്ചക് പുരോഹിത് സഭ 41 ബലിത്തറകൾ ഒരുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |