തൃശൂർ : അകമല മാരാത്തുകുന്നിലെ ഉരുൾപൊട്ടൽ മുന്നറിയിപ്പിന് പിന്നാലെ കൈയിലൊതുങ്ങുന്നതും വാരിപ്പിടിച്ച് നൂറോളം കുടുംബങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക്. രണ്ട് ദിവസം മുമ്പാണ് അകമല മാരാത്തുകുന്നിൽ ഉരുൾപൊട്ടിയത്. എന്നാൽ മണ്ണിടിച്ചിലായി പലരും അതിനെ നിസാരമായി കണ്ടെങ്കിലും ഇന്നലെ വിദഗ്ദ്ധ സംഘമെത്തിയപ്പോഴാണ് അപകടത്തിന്റെ ഗൗരവം പുറത്തറിഞ്ഞത്.
ഇതിനിടെ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്നും ഉടനെ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അഭ്യർത്ഥിച്ച് നഗരസഭ അധികൃതർ മൈക്കിലൂടെ മുന്നറിയിപ്പ് നൽകിയതോടെ ആശങ്ക വർദ്ധിച്ചു. ഇതിനിടെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രണ്ട് മണിക്കൂറിനുള്ളിൽ മാറണമെന്ന തരത്തിൽ സന്ദേശം പരന്നു. എന്നാൽ ഇത് വ്യാജ പ്രചരണമാണെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കിയെങ്കിലും പ്രദേശത്തെ ജനങ്ങൾ അവശ്യ വസ്തുക്കളും രേഖകളും കുട്ടികളുമായി ബന്ധു വീട്ടിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കും നീങ്ങി.
പലരും പെട്ടി ഓട്ടോയിലും ഓട്ടോയിലും ബൈക്കിലും കാറിലുമായി പരമാവധി കൊണ്ടുപോകാനാകുന്ന സാധനങ്ങളുമായാണ് സ്വന്തം വീട് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. മഴ മാറുന്നത് വരെ മാറി നിൽക്കണമെന്ന നിർദ്ദേശമാണ് നൽകിയത്. മണ്ണിടിഞ്ഞ് വീണ വീടുകളുടെ അടുത്തുള്ള പത്തിലേറെ കുടുംബങ്ങളെ ഡിവിഷൻ കൗൺസിലർ ബുഷറയുടെയും വില്ലേജ് ഓഫീസർ അഭിലാഷിന്റെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം മാറ്റിയിരുന്നു.
ആശങ്ക തീവ്രമഴ
ഏതാനും ദിവസമായി മേഖലയിൽ അതിതീവ്രമഴയാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങളിലൊന്നായിരുന്നു വടക്കാഞ്ചേരി. അതുകൊണ്ട് മണ്ണിളകി കിടക്കുകയാണ്. ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതും അപകട ഭീഷണിയുയർത്തുന്നു. ഇതോടൊപ്പം കുന്നിൻമുകളിലെ കിണറും ആശങ്കയുണർത്തുന്നു. നിറഞ്ഞുകിടക്കുന്ന കിണർ തകർന്ന് താഴെയെത്താനുള്ള സാദ്ധ്യതയുമുണ്ട്.
മിണ്ടാപ്രാണികളെയും കൂടെ കൂട്ടി
മിണ്ടാപ്രാണികൾക്കും രക്ഷ വേണമെന്ന ചിന്തയിൽ വീട്ടുകാർക്ക് ഒപ്പം പലരും ആടുകളെയും മറ്റ് കന്നുകാലികളെയും വളർത്തു മൃഗങ്ങളെയും വാഹനങ്ങളിൽ കയറ്റിയാണ് സ്ഥലം വിട്ടത്. വാഹനങ്ങളും മറ്റും ബന്ധുവീട്ടിലും സുരക്ഷിത സ്ഥാനങ്ങളിലും എത്തിക്കുന്നത് കാണാമായിരുന്നു.
വ്യാജ വാർത്ത പ്രചരിപ്പിക്കരുത്
അകമല മേഖലയിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ ആളുകളോട് വീടൊഴിയാൻ നിർദ്ദേശം നൽകിയതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് കളക്ടർ അറിയിച്ചു. 31ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല മാരാത്തുകുന്ന് ഭാഗത്ത് മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്നും അതിനാൽ വിദഗ്ദ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റണമെന്ന നിർദേശം നൽകുകയും, കുടുംബങ്ങളെ മാറ്റുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |