ചാലക്കുടി: കൂടപ്പുഴക്കടവിലെ പത്ത് പടവുകൾ മുങ്ങാൻ ബാക്കിയുണ്ടെങ്കിൽ കൂടപ്പുഴ കുട്ടാടൻപാടത്ത് വെള്ളം കയറും. മൂന്ന് പടികൾ മാത്രം പുറത്ത് കാണുകയാണെങ്കിൽ അതിരിപ്പിള്ളി റൂട്ടിലെ പള്ളിപ്പുറം റോഡിൽ വാഹനങ്ങൾക്ക് കടന്നുപോകാനാവില്ല. രണ്ട് പടവുകളേ വെള്ളം കയറാൻ ശേഷിക്കുന്നുള്ളൂവെങ്കിൽ സമീപമുള്ള വീടുകളിൽ വെള്ളമെത്തും.
കേന്ദ്ര ജലക്കമ്മിഷന്റെയോ ദുരന്തനിവാരണ അതോറിറ്റിയുടെയോ കണക്കല്ല, ചാലക്കുടിക്കാരുടെ കിറുകിത്യം കണക്കാണിത്. കൂടപ്പുഴയിലെ സേവന തത്പരരായ ചെറുപ്പക്കാർ അനുഭവങ്ങളിൽ നിന്നും തയ്യാറാക്കിയ പട്ടികയാണിത്. പെരിങ്ങൽകുത്ത് ഡാം തുറന്നാൽ 'ചാലക്കുടിയിലെ ദ്രുതകർമ്മസേന' ആറാട്ടുകടവിലെത്തും. ഫോൺ വഴി കൈമാറുന്ന വിവരങ്ങൾക്കനുസരിച്ച് കരുതൽ നടപടികൾ സ്വീകരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർ പോലും ഇവരുടെ അറിയിപ്പനായി കാത്തിരിക്കാറുണ്ട്.
ഇവർ ആരൊക്കെ എന്നല്ലേ..?
ചാലക്കുടി നഗരസഭാ കൗൺസിലറും കൂടപ്പുഴക്കാരനുമായ അഡ്വ. ബിജു എസ്. ചിറയത്താണ് സംഘത്തിലെ പ്രധാനി. സാന്ത്വനം, അനുഗ്രഹ സദൻ എന്നീ അഗതി മന്ദിരങ്ങളിലെ അന്തേവാസികലെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ആറാട്ട് കടവ് വാർഡിനെ പ്രതിനിധീകരിക്കുന്ന ബിജു വക്കീലും കൂട്ടരും മുൻനിരയിലുണ്ടാകും. പ്രധാന കേന്ദ്രങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം ഈ ജനപ്രതിനിധിയുടെ ഫോൺവിളിയെത്തും. അർദ്ധരാത്രിയിലും സാമൂഹമാദ്ധ്യമങ്ങളിലൂടെ ജാഗ്രതാ നിർദ്ദേശം നൽകുന്നതിൽ ബിജു മടി കാണിക്കാറില്ല.
മറ്റൊരു കണ്ണിയാണ് വിൽസൺ പറനിലം. വെള്ളപ്പൊക്കമുണ്ടായ ദിവസങ്ങളിൽ പുലർച്ചെ ഒന്നിന് പോലും പുഴയിലെ നിരീക്ഷകനായിരുന്നു വിൽസൺ. സനിൽ കാട്ടുപറമ്പിൽ എന്ന ഇലക്ട്രീഷ്യനും ജാഗ്രതാ സമിതിയിലെ പടയാളിയാണ്. തൊട്ടടുത്ത ക്ഷേത്ര സമിതിയുടെ പ്രവർത്തകൻ സജീവ് വെള്ളന്നൂർ, ടി.എസ്. ഗോപി, ഇ.എസ്. അനിയൻ, മാത്യു മൂഞ്ഞേലി, ദേവരാജ് ചിറയ്ക്കൽ, സിബിൽ കൊളത്താപ്പിള്ളി, സുകുമാരൻ മറ്റത്തിൽ, അങ്ങനെ നീളുന്നു ആറാട്ടുകടവിലെ ദൗത്യ സംഘത്തിന്റെ നീണ്ടനിര.
പെരുമഴക്കാലത്ത് പോലും പുഴയിൽ മുങ്ങിത്താഴുന്നവരുടെ രക്ഷകനായിരുന്നു എഫ്.സി.ഐ ഗോഡൗണിലെ ചുമട്ടുതൊഴിലാളി ജോജു തെക്കൻ. പ്രളയകാലത്തും ജലനിരപ്പ് കണക്കാക്കി ജനങ്ങളെ അപകടം അറിയിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്ന ജോജുവാണ് കുടപ്പുഴക്കടവിലെ പടവുകളുടെ എണ്ണം കണക്കാക്കിയുള്ള സൂത്രവാക്യം തയ്യാറാക്കിയത്. ഇപ്പോൾ യു.കെയിലാണ് ജോജു. താമസം മാറിപ്പോയ എസ്.ജി. ആനന്ദനും ഒരുകാലത്ത് സംഘത്തിൽ സജീവമായിരുന്നു.
പുഴയിൽ വെള്ളം ഉയരുന്നതിന്റെ അളവ് ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന സ്‌കെയിൽ തൊട്ടടുത്തുണ്ടെങ്കിലും പടവുകളുടെ എണ്ണം നോക്കിയാണ് ഞങ്ങളെല്ലാം കാര്യങ്ങൾ ഗ്രഹിക്കുന്നത്.
- അഡ്വ. ബിജു ചിറയത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |