ലോകത്തെ ഒട്ടുമിക്ക പേരും കർമ്മങ്ങളിൽ മുഴുകി കഴിയുന്നു. അവർ അതിന്റെ ഫലം ആഗ്രഹിച്ചാണ് ചെയ്യുന്നത്. ചിലപ്പോൾ ആഗ്രഹിച്ച ഫലം ലഭിക്കും. അപ്പോൾ സന്തോഷമാകും. ചിലപ്പോൾ ലഭിക്കില്ല. അപ്പോൾ ദുഃഖമാകും. ചെയ്തത് സത്കർമ്മമാണെങ്കിൽ പുണ്യവും ദുഷ്കർമ്മമാണെങ്കിൽ പാപവും ഉണ്ടാകും. അതിന്റെ ഫലം പിന്നീട് അനുഭവിക്കേണ്ടിവരും. കർമ്മഫലത്തോടുള്ള ആസക്തി അധികമായാൽ മനഃശാന്തി നഷ്ടമാകും. കർമ്മം ചെയ്യുമ്പോഴും അതിനുശേഷവും കർമ്മത്തിന്റെ ഫലമെന്താകുമെന്ന ചിന്ത മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും.ഇങ്ങനെ പലവിധത്തിൽ ബന്ധനകാരണമായ കർമ്മത്തെത്തന്നെ ആത്മസാക്ഷാത്കാരത്തിനുള്ള മാർഗമാക്കി മാറ്റുന്നതാണ് കർമയോഗം.
ഒരു കഥ ഓർക്കുന്നു. ഒരാൾ ഒരു സദ്യയ്ക്കുപോയി കുറേയധികം നെയ്യ് കഴിച്ചു. അടുത്തദിവസം അയാൾക്ക് അജീർണം ബാധിച്ചു. വേദന സഹിക്കാനാവാതെ അയാൾ വൈദ്യരെ ചെന്നുകണ്ടപ്പോൾ അദ്ദേഹംപറഞ്ഞു: 'കുറച്ചു നെയ്യ് കൊണ്ടുവരൂ. ഞാൻ ഒരു മരുന്ന് തയ്യാറാക്കിത്തരാം!" ഇതുകേട്ട് രോഗിക്ക് ആശ്ചര്യമായി: 'വൈദ്യരേ, നെയ്യ് അധികം കഴിച്ചതുകൊണ്ടാണ് എനിക്ക് ഈ അസുഖം വന്നത്. ഇനിയും നെയ്യ് കഴിക്കണോ?" എന്നാൽ, വൈദ്യർ നിർബന്ധിച്ചതുകൊണ്ട് അയാൾ മനസില്ലാമനസോടെ നെയ്യ് വാങ്ങിക്കൊണ്ടുവന്നു. വൈദ്യർ അതിൽ ചില ഔഷധങ്ങൾ ചേർത്ത്, ഒരു പ്രത്യേക ക്രമത്തിൽ രോഗിക്കു നൽകി. അയാളുടെ അസുഖം ഭേദമാകുകയും ചെയ്തു!
ഇതുപോലെ മനുഷ്യൻ അശ്രദ്ധയോടെയും തെറ്റായ മനോഭാവത്തോടെയും ചെയ്യുന്ന കർമ്മങ്ങൾ അവന്റെ ജീവിതം ദുരിതപൂർണമാക്കുന്നു. അവന്റെ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയും കർമ്മം തന്നെയാണ്. കർമ്മത്തിനു പിന്നിലുള്ള മനോഭാവം ശരിയായാൽ പിന്നെ കർമ്മം അപകടകാരിയല്ല, അത് തനിക്കും ലോകത്തിനും ഉപകാരമായിത്തീരും. ചിലപ്പോൾ നമ്മൾ എത്രമാത്രം ശ്രദ്ധയോടെ പ്രയത്നിച്ചാലും ഉദ്ദേശിച്ച ഫലം കിട്ടാറില്ല. ഒരു കൃഷിക്കാരൻ നല്ലവണ്ണം അദ്ധ്വാനിച്ച് കൃഷിയിറക്കി. വിളവെടുക്കാൻ പാകമായപ്പോൾ പേമാരി വന്ന് സകലതും നശിച്ചു. കർമ്മഫലം നമ്മുടെ പ്രയത്നത്തെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നതെന്ന് ഇതിൽനിന്ന് മനസിലാക്കാം. അതുകൊണ്ടാണ് ഈശ്വരനിൽ അർപ്പിച്ച് കർമ്മം ചെയ്യാൻ ഭഗവാൻ ഗീതയിൽ ആവശ്യപ്പെടുന്നത്.
വ്യക്തികളോടും വസ്തുക്കളോടുമുള്ള ബന്ധമാണ് പലപ്പോഴും നമ്മുടെ കൃത്യനിർവഹണത്തിന് തടസമായിനിൽക്കുന്നത്. ഇതിനുള്ള അനേകം ഉദാഹരണങ്ങൾ നമുക്കുചുറ്റും കാണാം. ഏറ്റവും പരിചയസമ്പന്നനായ ഒരു സർജൻപോലും ഭാര്യയുടെയോ കുഞ്ഞിന്റെയോ ശസ്ത്രക്രിയ നടത്താൻ ധൈര്യപ്പെടുകയില്ല. നീതിമാനായ ഒരു ന്യായാധിപൻ കൊലക്കേസിൽ മുഖ്യപ്രതിയായ സ്വന്തം മകന്റെ വിധിയെഴുതാൻ തയ്യാറായെന്നു വരില്ല. വ്യക്തികളോടും വസ്തുക്കളോടുമുള്ള ബന്ധം നമ്മുടെ കാര്യക്ഷമതയെ എത്രമാത്രം ബാധിക്കുന്നുവെന്ന് ഇതിൽനിന്ന് മനസിലാക്കാം. യഥാർഥത്തിൽ കർമ്മമല്ല നമ്മെ ബന്ധിക്കുന്നത്; കർമ്മത്തിലുള്ള അഭിമാനവും ഫലേച്ഛയുമാണ്. ഏറ്റവും കാര്യക്ഷമമായി കർമ്മം ചെയ്യാനും അതേസമയം കർമ്മബന്ധനങ്ങളിൽ കുടുങ്ങാതിരിക്കാനുമുള്ള മാർഗമാണ് കർമ്മയോഗം.
കർമത്തിന്റെ ഫലം തന്റെ കൈയിലല്ലെന്നും താൻ ഈശ്വരന്റെ കൈയിലെ ഒരു ഉപകരണം മാത്രമാണെന്നും കർമയോഗിക്കറിയാം. അതുകൊണ്ട് ചെയ്യുന്ന കർമം ഏതായാലും അയാൾ അത് ഭംഗിയായി നിർവഹിക്കുന്നു. ഫലം എന്തുതന്നെയായാലും അത് ഈശ്വരനിശ്ചയമായി സ്വീകരിക്കുന്നു. ഏറ്റവും പ്രായോഗികമായി കർമം ചെയ്യാനും അതോടൊപ്പം പരമലക്ഷ്യമായ മോക്ഷത്തിലേക്ക് മുന്നേറാനുമുള്ള മാർഗമാണ് കർമയോഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |