കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ തിരയുന്നതിനും നേതൃത്വം നൽകുന്നതിനുമായി കൈ മെയ് മറന്നു പ്രയത്നിക്കുകയാണ് കേരള പൊലീസിലെ 866 ഉദ്യോഗസ്ഥർ. വയനാട്ടിലെയും സമീപ ജില്ലകളിലെയും പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 390 പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പൊലീസിന്റെ മറ്റ് യൂണിറ്റുകളിൽ നിന്ന് നിരവധി പേരെയാണ് നിയോഗിച്ചിരിക്കുന്നത്.
കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയനിൽ നിന്ന് 150 പേരും മലബാർ സ്‌പെഷ്യൽ പൊലീസിൽ നിന്ന് 125 പേരും ഇന്ത്യ റിസർവ് ബെറ്റാലിയനിൽ നിന്ന് 50 പേരും തെരച്ചിൽ സംഘങ്ങളിലുണ്ട്. സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ 140 പേരും ഡിഐജിയുടെ ക്വിക് റിയാക്ഷൻ ടീമിലെ 17 പേരും തിരച്ചിലിന് സഹായിക്കുന്നു. മലകളിലും മറ്റും കയറി ദുഷ്കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പരിശീലനം നേടിയ കെ എ പി അഞ്ചാം ബറ്റാലിയനിലെ ഹൈ ആൾടിട്യൂഡ് ട്രെയിനിംഗ് സെന്ററിലെ 14 അംഗ സംഘവും തെരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം സംഭവസ്ഥലം സന്ദർശിച്ച സംസ്ഥാന പൊലീസ് മേധാവി ഡോക്ടർ ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ക്രമസമാധാനവിഭാഗം എഡിജിപി എം ആർ അജിത് കുമാർ അപകട സ്ഥലത്ത് പൊലീസ് സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. ഉത്തരമേഖല ഐജി കെ സേതുരാമനാണ് ഓൺസൈറ്റ് ഇൻസിഡന്റ് കമാൻഡർ.
കൂടാതെ, കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, വയനാട് ജില്ലാ പൊലീസ് മേധാവി നാരായണൻ ടി, മലബാർ സ്‌പെഷ്യൽ പൊലീസ് കമാൻഡന്റ് സന്തോഷ് കെ.വി, ഇന്ത്യ റിസർവ് ബെറ്റാലിയൻ കമാൻഡന്റ് ഷാഹുൽ ഹമീദ് എ, കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് അരുൺ കെ പവിത്രൻ എന്നിവരും നിരവധി ഡിവൈ.എസ്.പിമാരും ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും പൊലീസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.മലപ്പുറം ജില്ലയിലെ തെരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരനാണ്. പൊലീസിന്റെ വിവിധ വിഭാഗങ്ങളിലായി 908 ഉദ്യോഗസ്ഥരെയാണ് മലപ്പുറം ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |