മേപ്പാടി: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആരെങ്കിലും വന്നാൽ അവർ ഓടിയെത്തും. വന്നത് തങ്ങളുടെ മാതാപിതാക്കളാണോ, കൂടപ്പിറപ്പുകളാണോ.. അല്ലെന്ന് അറിയുമ്പോൾ നെഞ്ചുവിങ്ങി നിരാശയോടെ മുറിയിലേക്ക് മടക്കം. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് മരവിച്ച മനസുമായി ക്യാമ്പുകളിലെത്തിയവർ ഉറ്റവർക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്, അവർ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ.
കൗൺസലിംഗ് ഉൾപ്പെടെ നടത്തി അവരെയൊക്കെ യാഥാർത്ഥ്യത്തിലേക്ക് തിരികെയെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അവർ വിങ്ങിപ്പൊട്ടും. മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരുമെല്ലാം നഷ്ടപ്പെട്ട കുട്ടികളടക്കമുള്ളവരുടെ മാനസിക നില ഇപ്പോഴും പൂർവ സ്ഥിതിയിലായിട്ടില്ല. ക്യാമ്പുകളിലെത്തിയവരിൽ ഇരുന്നൂറോളം കുട്ടികളുണ്ട്. ഇവരിൽ പലർക്കും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു.
മുണ്ടക്കൈ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം ക്യാമ്പിലെത്തിയ അന്യസംസ്ഥാന തൊഴിലാളിയുടെ അഞ്ചാം ക്ലാസുകാരിയായ മകൾ ബിറ്റ്സ് മോൾ അവിടെയെത്തിയ സ്പീക്കറോട് കരഞ്ഞു പറഞ്ഞത് തന്റെ കൂട്ടുകാരികളെയും സ്‌കൂളും കാണാനില്ലെന്നായിരുന്നു. ഇതുപോലെ നിരവധി കുട്ടികൾ. ഇനിയും കണ്ടെത്താനുണ്ടെന്ന് പറയുന്ന 296 പേരിൽ 29പേർ കുട്ടികളാണ്.
ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇരുന്നൂറോളം വീടുകളാണുണ്ടായിരുന്നത്. അവശേഷിക്കുന്നത് ഏഴു വീടുകൾ മാത്രം. മുണ്ടക്കൈയിൽ എഴുന്നൂറോളം വീടുകളാണ് ഒലിച്ചുപോയത്. ഇവിടെ ആറ് എസ്റ്റേറ്റ് പാടിയും ചൂരൽമലയിൽ മൂന്ന് പാടിയുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |